സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസിന്‍റെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ച് ഡോക്ടര്‍മാര്‍. ബഹിരാകാശ നിലയത്തില്‍ നിന്നും പുറത്തുവന്ന ഏറ്റവും പുതിയ ചിത്രങ്ങളില്‍ മുഖം മെലിഞ്ഞ് കവിളുകളൊട്ടി, ക്ഷീണിതയായ നിലയിലാണ് സുനിതയെ കാണുന്നത്. സുദീര്‍ഘമായ ബഹിരാകാശവാസത്തില്‍ സുനിത പൂര്‍ണ ആരോഗ്യവതിയാണെന്ന് കരുതുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
പുറത്തുവന്ന ചിത്രത്തില്‍ സന്തോഷവതിയായി പീത്സ ഉണ്ടാക്കുന്ന സുനിതയെ ആണ് ഒറ്റനോട്ടത്തില്‍ കാണാനാവുക. എന്നാല്‍ വിശദമായി നോക്കിയാല്‍ സുനിതയുടെ മുഖം മെലിഞ്ഞൊട്ടിയിരിക്കുന്നതും മൂക്ക് മാത്രം വല്ലാതെ തള്ളി നില്‍ക്കുന്നതും വ്യക്തമാകും. ഭക്ഷണം വളരെ കുറച്ച് മാത്രം കഴിക്കുന്നതിനെ തുടര്‍ന്നാണ് കവിളുകള്‍ ഇത്തരത്തില്‍ ഒട്ടിപ്പോകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ബഹിരാകാശത്ത് കഴിയുമ്പോള്‍ ഭൂമിയിലുള്ളപ്പോള്‍ കഴിക്കുന്ന അളവില്‍ ഭക്ഷണം കഴിക്കുക സാധ്യമല്ല. ബഹിരാകാശത്ത് ഗുരുത്വബലമില്ലാത്തതിനാല്‍ ശരീരത്തിന് സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ഊര്‍ജം ആവശ്യമായി വരും. ഊര്‍ജനഷ്ടം ഒഴിവാക്കുന്നതിനായി ബഹിരാകാശ യാത്രികര്‍ പൊതുവേ വളരെ പരിമിതമായ അളവില്‍ മാത്രമാണ് ആഹാരം കഴിക്കുന്നത്. ഭക്ഷണം കുറയ്ക്കുന്നതിന് പുറമെ പേശികളുടെ ആരോഗ്യം നിലനിര്‍ത്താനും എല്ലുകളുടെ സംരക്ഷണത്തിനുമായി ദിവസം രണ്ടര മണിക്കൂറില്‍ കുറയാതെ ഇവര്‍ വ്യായാമവും ചെയ്യും. ഇതെല്ലാം കൂടിച്ചേരുമ്പോള്‍ ശരീരം ക്ഷീണിക്കുക സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ആരോഗ്യം അപകടാവസ്ഥയിലാണെന്ന് പറയാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും ഒക്ടോബര്‍ 29ന് മടങ്ങിയെത്തിയ നാല് ബഹിരാകാശ സഞ്ചാരികളെ കഴിഞ്ഞ ദിവസം വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. തുടര്‍ച്ചയായി 200 ദിവസം ബഹിരാകാശത്ത് കഴിഞ്ഞതിന് പിന്നാലെ ഇവരിലൊരാള്‍ക്ക് കടുത്ത അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. പിന്നാലെ മറ്റുള്ളരെയും ആശുപത്രികളില്‍ നിരീക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു. സ്പേസ് എക്സ് ഡ്രാഗണ്‍ പേടകത്തില്‍ ഫ്ലോറിഡയിലായിരുന്നു സംഘം ലാന്‍ഡ് ചെയ്തത്.
പത്ത് ദിവസത്തെ ദൗത്യത്തിനായി ജൂണില്‍ ബഹിരാകാശത്തേക്ക് പോയ സുനിതയും ബുഷ് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ബഹിരാകാശ നിലയത്തില്‍ തങ്ങുകയായിരുന്നു. സെപ്റ്റംബറില്‍ സുനിത തന്‍റെ പിറന്നാള്‍ ആഘോഷിച്ചതും ബഹിരാകാശത്താണ്. ഇരുവരും യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ബഹിരാകാശത്തിരുന്ന് വോട്ടും രേഖപ്പെടുത്തി. ഫെബ്രുവരിയില്‍ ഇരുവരെയും തിരികെ ഭൂമിയില്‍ എത്തിക്കുമെന്നാണ് നാസ പറയുന്നത്.