പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

അന്യഗ്രഹപേടകവുമായുള്ള കൂട്ടിയിടിയില്‍ നിന്ന് വിമാനം ഒഴിവായത് തലനാരിഴയ്​ക്കെന്ന് പെന്‍റഗണിന്‍റെ വെളിപ്പെടുത്തല്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ന്യൂയോര്‍ക്കിന്‍റെ തീരം വിട്ടതിന് പിന്നാലെയാണ് യാത്ര വിമാനവും യുഎഫ്ഒയും തമ്മില്‍ കൂട്ടിയിടിക്കുള്ള സാഹചര്യം ഉടലെടുത്തതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. അതേസമയം അന്യഗ്രഹ ജീവികളുണ്ടെന്നതിനെ സംബന്ധിച്ച് ഇന്നുവരെ ഔദ്യോഗിക പ്രതികരണം നടത്താനോ സ്ഥിരീകരണം നടത്താനോ പെന്‍റഗണ്‍ പുറമേക്ക് തയ്യാറായിട്ടില്ല. പൊതുജന താല്‍പര്യാര്‍ഥം പുറത്തുവന്ന റിപ്പോര്‍ട്ട് യുഎസില്‍ വലിയ കോളിളക്കമാണ് സൃഷ്ടിക്കുന്നത്. ഏത് യാത്രാവിമാനമാണ് പേടകവുമായി കൂട്ടിയിടിക്കാന്‍ ഒരുങ്ങിയതെന്ന് പക്ഷേ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിട്ടില്ല.

ബഹിരാകാശത്തെ അജ്ഞാത വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ സുതാര്യമാക്കണമെന്ന് യുഎസ് ഹൗസ്  നിയമവിദഗ്ധര്‍  ആവശ്യപ്പെട്ടതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2023 മേയ് ഒന്ന് മുതല്‍ 2024 ജൂണ്‍ ഒന്ന് വരെയുള്ള കാലത്തിനിടെ 757 വിവരിക്കാനാവാത്ത ആകാശ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് പെന്‍റഗണ്‍ പറയുന്നു. 272 സംഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും അത് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടില്ല. 

യാത്രാവിമാനത്തിന്‍റെ പൈലറ്റിന്‍റെയും സൈനിക വിമാനത്തിന്‍റെ പൈലറ്റിന്‍റെയുമടക്കമുള്ള ദൃക്സാക്ഷി മൊഴികളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വിവരണാതീതമായ ഈ സംഭവങ്ങള്‍ മിക്കപ്പോഴും ഉയര്‍ന്ന വ്യോമമേഖലയില്‍ വച്ചാണ് ഉണ്ടായിട്ടുള്ളതെന്നും ഇതില്‍ 49 സംഭവങ്ങള്‍ ഭൗമോപരിതലത്തില്‍ നിന്ന് 62 മൈല്‍ ഉയരെ അതായത് ബഹിരാകശമെന്ന് പറയാവുന്ന പ്രദേശത്ത് വച്ചാണ് അനുഭവപ്പെട്ടിട്ടുള്ളതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ഇത്തരം സംഭവങ്ങളിലൊന്നും ആളപായമോ പരുക്കോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. 

അതേസമയം, യാത്ര വിമാനത്തില്‍ പോകവേ കൂട്ടിയിടിക്കൊരുങ്ങിയ പേടകത്തിന് വര്‍ത്തുളാകൃതിയാണ് ഉണ്ടായിരുന്നതെന്നും അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളിലൂടെ പറക്കവേയാണ് ഇത് സംഭവിച്ചതെന്നുമാണ് വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. 

മൂന്ന് സൈനിക വിമാനങ്ങളും അജ്ഞാത പേടകത്തെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച കൃത്യമായ തെളിവുകളില്ലെന്നാണ് അന്വേഷകര്‍ പറയുന്നത്. യുഎസ് സൈന്യത്തിന്‍റെ വ്യോമപാതയില്‍ നിന്ന് ഇത്തരം 81 സംഭവങ്ങളാണ് ഒരുവര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ശക്തിയേറി പ്രകാശമായും, വട്ടത്തിലും വര്‍ത്തുളാകൃതിയിലും ഉള്ള പേടകങ്ങളെ കണ്ടെന്നാണ് ദൃക്സാക്ഷികള്‍ വിവരിച്ചിട്ടുള്ളത്. ജെല്ലിഫിഷിന്‍റെ രൂപത്തിലാണ് പേടകം കണ്ടതെന്നും തിളങ്ങുന്ന പ്രകാശം അതില്‍ നിന്ന് പുറപ്പെട്ടിരുന്നുവെന്നും മറ്റൊരാളും മൊഴി നല്‍കി. 

പച്ചത്തീഗോളം പോലെ കണ്ടെന്നും ആറടി നീളത്തിലുള്ള  റോക്കറ്റ് പോലെയാണ് തോന്നിയതെന്നും വിവരിച്ചവരുമുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  മുന്നൂറോളം അനുഭവങ്ങളാണ് അന്വേഷകര്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍ ഇതില്‍ ചിലതൊക്കെ ബലൂണുകളും, പക്ഷികളും, മറ്റ് വിമാനങ്ങളും ഡ്രോണുകളും ഉപഗ്രഹങ്ങളുമായിരുന്നുവെന്ന് വിശദമായ അന്വേഷണത്തിനൊടുവില്‍ സ്ഥിരീകരിക്കുകയും ചെയ്തു. 

മസ്കിന്‍റെ സ്റ്റാര്‍ലിങ്ക് സംവിധാനത്തെ ഒട്ടേറെപ്പേര്‍ അന്യഗ്രഹ പേടകമായി തെറ്റിദ്ധരിക്കുന്നുണ്ടെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം, പൈലറ്റുമാരുള്‍പ്പടെ ഇത്തരം അനുഭവങ്ങള്‍ പങ്കുവച്ചെന്നത് ശരിയാണെന്നും എന്നാല്‍ അന്യഗ്രഹ ജീവി സാന്നിധ്യം സ്ഥിരീകരിക്കുന്ന കൃത്യമായ തെളിവുകള്‍ ഇതുവരെ കണ്ടെത്താനാകാത്തതിനാല്‍ നിഗമനങ്ങളില്‍ എത്തിച്ചേരുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. യുഎസ് സൈനിക വിന്യസമടക്കമുള്ള ചോര്‍ത്താന്‍ ചാരന്‍മാര്‍ നിയോഗിച്ച പേടകങ്ങളോ മറ്റോ ആകാമെന്ന സംശയം പ്രകടിപ്പിക്കുന്നവരും കുറവല്ല. 

ENGLISH SUMMARY:

Pentagon says UFO nearly crashed into commercial airliner above New York .The Pentagon has released a new report on UFOs, revealing hundreds of documented incidents of unidentified and unexplained aerial phenomena.