AI Generated Image

TOPICS COVERED

ഭൂമിയിലുള്ള ഓരോരുത്തരെയും ശതകോടീശ്വരന്‍മാരാക്കാന്‍ കഴിവുള്ള ‘നിധി കുംഭം’. ബഹിരാകാശത്തെ കോടീശ്വരൻ ഛിന്നഗ്രഹമായ 16 സൈക്കിയെ കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കാം. 2023 ഒക്ടോബർ 13ന് സൈക്കിയെ പഠിക്കാനായുള്ള ദൗത്യവും നാസ ആരംഭിച്ചിരുന്നു. എന്നാല്‍ കളി കാര്യമാക്കാന്‍ തന്നെയാണ് നാസയുടെ തീരുമാനം. നാസയുടെ ലക്ഷ്യം പഠനമാണെങ്കിലും ‘ഒരു തരി’ കിട്ടിയാല്‍ കൊള്ളാം എന്ന് കരുതുന്ന കമ്പനികളുമുണ്ട്. 

പ്ലാറ്റിനം, സ്വർണ്ണം, നിക്കൽ തുടങ്ങിയ വിലപിടിപ്പുള്ള മൂലകങ്ങൾ ഉൾപ്പെടെ വിവിധ ഇനത്തിലുള്ള ലോഹങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഒരു ‘കോടീശ്വരൻ ഛിന്നഗ്രഹം’, അതാണ് സൈക്കി. 1852-ൽ ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ അനിബെൽ ഡി ഗാസ്പാരിസാണ് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. ഗ്രീക്ക് പുരാണത്തിലെ ആത്മാവിന്‍റെ ദേവതയായ സൈക്കിയുടെ പേരാണ് ഛിന്നഗ്രഹത്തിന് നല്‍കിയത്. 100,000 ക്വാഡ്രില്യൺ ഡോളറാണ് സൈക്കിയുടെ മൂല്യം.

ഛിന്നഗ്രഹങ്ങളിൽ മിക്കവയും പാറ നിറഞ്ഞവയാണ്, ലോഹനിർമിതമായ ഛിന്നഗ്രഹങ്ങൾ തീർത്തും അപൂർവമാണെന്ന് സാരം. ഭൂമിയുടെ ഉൾക്കാമ്പ് (കോർ) പോലെ വേറെ ഏതോ ഗ്രഹത്തിന്റെ ഉൾക്കാമ്പായിരുന്നു സൈക്കിയെന്നും പണ്ട് സൗരയൂഥത്തിൽ നടന്ന ഏതോ വൻ കൂട്ടിയിടിയിൽ ഗ്രഹത്തിൽ നിന്നു വേർപെട്ട് ഛിന്നഗ്രഹമായതാകാമെന്നുമാണ് കരുതുന്നത്. ഏകദേശം 64,000 ചതുരശ്ര മൈൽ വിസ്തീർണ്ണമാണ് ഈ ഛിന്നഗ്രഹത്തിനുള്ളത്. ഇത്രയധികം സമ്പത്ത് ബഹിരാകാശാത്തുണ്ടായിട്ടും സാങ്കേതികവും സാമ്പത്തികവുമായ തടസ്സങ്ങൾ കാരണം സൈക്കിയിലെ ‘ഖനനം’ ഒരു വിദൂര ലക്ഷ്യമായി തുടരുകയാണ്.

സമ്പത്ത് മാത്രമല്ല, വലിയ ശാസ്ത്രീയ മൂല്യവും സൈക്കിക്കുണ്ട്. ബഹിരാകാശ പര്യവേക്ഷണത്തിനുള്ള ഭാവി വിഭവമെന്ന നിലയിലാണ് ശാസ്ത്രലോകം സൈക്കിയെ കാണുന്നത്. ഭൂമിയെപ്പോലെ വേറെ ഏതോ ഗ്രഹത്തിന്റെ ഉൾക്കാമ്പായിരുന്നു സൈക്കിയെങ്കില്‍ ഇത് സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളെ കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള അവസരമാണ് മുന്നോട്ട് വയ്ക്കുന്നത്. ആദ്യകാല ഗ്രഹങ്ങളുടെ രൂപീകരണത്തിലേക്കും ഇത് വെളിച്ചം വീശും. 

2023 ഒക്ടോബറിൽ നാസ അയച്ച ബഹിരാകാശ പേടകം 2.2 ബില്യൺ മൈലുകൾ സഞ്ചരിച്ച് 2029 ഓടെ ഛിന്നഗ്രഹത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. നാസയുടെ ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം ഛിന്നഗ്രഹത്തെ ഖനനം ചെയ്യുകയല്ല, മറിച്ച് അതിനെ കുറിച്ച് വിശദമായി പഠിക്കുക എന്നതാണ്. ആദ്യകാല സൗരയൂഥം, ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെട്ടു എന്നിവയെ കുറിച്ചുള്ള പഠനങ്ങളിലും സൈക്കി പര്യവേഷണം മുതല്‍ക്കൂട്ടാകുമെന്ന് നാസ പറയുന്നു.

സൈക്കി പര്യവേഷണത്തിന് ശാസ്ത്രീയ ലക്ഷ്യങ്ങളാണ് മുന്നിലുള്ളതെങ്കിലും സൈക്കിയുടെ ഒരു തരി കിട്ടിയാല്‍ കൊള്ളാം എന്ന് ആഗ്രഹിക്കുന്നവരും കുറവല്ല. ഛിന്നഗ്രഹത്തെ അതിലെ സമ്പത്തിനായി ഖനനം ചെയ്യുക എന്ന ആശയം സ്വകാര്യ കമ്പനികൾക്കിടയിൽ വര്‍ഷങ്ങളായി വളരുന്ന മോഹമാണ്. ഇലക്ട്രോണിക്‌സ്, ഓട്ടോമോട്ടീവ് നിർമ്മാണം എന്നിവയുൾപ്പെടെ ഭൂമിയിലെ വ്യവസായങ്ങൾക്ക് സുപ്രധാനമായ പ്ലാറ്റിനം, പലേഡിയം തുടങ്ങിയ അപൂർവ മൂലകങ്ങൾ വേർതിരിച്ചെടുക്കാനുള്ള സാധ്യതകൾ കണ്ട് ആസ്‌ട്രോഫോർജ്, ട്രാൻസ്ആസ്ട്ര തുടങ്ങിയ കമ്പനികൾ ഇതിനകം ഛിന്നഗ്രഹ ഖനനത്തിനുള്ള സാധ്യതകള്‍ തേടുന്നുണ്ട്. എന്നിരുന്നാലും, സാങ്കേതിക തടസ്സങ്ങൾ കാരണം സൈക്കിയിലെ ഖനനം ഒരു വിദൂര പ്രതീക്ഷയായി തുടരുകയാണ്.

ENGLISH SUMMARY:

All you needed to know about the space tycoon asteroid, 16 Psyche and NASA’s Mission