ആകാശത്തെ പ്രഭാപൂരിതമാക്കി ഉല്‍ക്കാവര്‍ഷം കാണാം. ഉര്‍സിദ് ഉല്‍ക്കാവര്‍ഷമാണ് ഇന്നും നാളെയും കൂടി മാനത്ത് ദൃശ്യമാവുക. ഈ വര്‍ഷത്തെ അവസാനത്തെ വലിയ ഉല്‍ക്കാവര്‍ഷത്തിനാണ് ഇതോടെ സമാപ്തിയാകുന്നത്. ഡിസംബര്‍ 17നാണ് ഉര്‍സിദ് ദൃശ്യമാകാന്‍ തുടങ്ങിയത്. ഇന്ന് രാത്രിയാകും ഏറ്റവും കൂടുതല്‍ വ്യക്തതയോടെ നഗ്നനേത്രങ്ങള്‍ക്ക് ഉല്‍ക്കാവര്‍ഷം ദൃശ്യമാവുകയെന്ന് ജ്യോതിശാസ്ത്ര നിരീക്ഷകര്‍ പറയുന്നു. വര്‍ഷത്തിലൊരിക്കലാണ് ഇത്രയും വ്യക്തതയോടെ ഉല്‍ക്കാവര്‍ഷമുണ്ടാവുക. 20 നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ബ്രിട്ടിഷ് വാന നിരീക്ഷകനായിരുന്ന വില്യം എഫ്. ഡെനിങാണ് ഉര്‍സിദ് ഉല്‍ക്കാവര്‍ഷം ആദ്യമായി കണ്ടത് രേഖപ്പെടുത്തിയത്.
എങ്ങനെ കാണും? ടിപ്സ് ഇതാ..
ശൈത്യകാല രാത്രിയിലെ മൂടല്‍മഞ്ഞും ഒപ്പം ചന്ദ്രന്‍റെ പ്രഭയും കാഴ്ചയല്‍പ്പം മറച്ചേക്കാം. എന്നാല്‍ അതിരാവിലെ എഴുന്നേറ്റാല്‍ ഈ പ്രശ്നം മറികടക്കാമെന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്. പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് ഏറ്റവും വ്യക്തമായി കാണാന്‍ കഴിയുക. വടക്കേ അമേരിക്കയിലുള്ളവരാണെങ്കില്‍ അര്‍ധ രാത്രിയിലും അതിരാവിലെയും മാനത്ത് നോക്കിയാല്‍ ഉര്‍സിദിനെ കാണാം. മണിക്കൂറില്‍ 10 ഉല്‍ക്കകളെ വീതം കാണാന്‍ കഴിയും. ബൈനോക്കുലറിന്‍റെ പോലും ആവശ്യമില്ലെന്നതാണ് ഏറ്റവും ആകര്‍ഷകമായ കാര്യം.
ചന്ദ്രന്‍ പിന്നിലാകുന്ന രീതിയില്‍ വടക്കോട്ട് അഭിമുഖമായി നില്‍ക്കുന്നതാവും അതിവേഗത്തില്‍ നീങ്ങുന്ന ഉല്‍ക്കകളെ കാണാന്‍ ഏറ്റവും നല്ലത്. മരങ്ങളൊന്നും കാഴ്ച മറയ്ക്കാത്ത സ്ഥലത്ത് ഒരു ചാരുകസേരയുമിട്ട് നിവര്‍ന്ന് കിടന്നാല്‍ ആകാശപ്പൂരം കണ്ടുരസിക്കാം. മാനത്തേക്ക് നോക്കിയാലുടന്‍ ഉല്‍ക്കാവര്‍ഷം കണ്ടില്ലെന്ന് പറഞ്ഞ് കയറിപ്പോകരുതെന്ന മുന്നറിയിപ്പും വാനനിരീക്ഷകര്‍ നല്‍കുന്നു. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ക്ഷമയോടെ മാനത്ത് നോക്കിയിരിക്കാന്‍ കഴിയണം.
ഇനി മൂടല്‍മഞ്ഞ് കാരണം ഉര്‍സിദ് ഉല്‍ക്കാവര്‍ഷം കാണാനായില്ലെങ്കില്‍ നിരാശ വേണ്ട. ഡിസംബര്‍ 26 മുതല്‍ ജനുവരി മൂന്ന് വരെ ക്വാഡ്രാന്‍റിഡ്സിനെ കാണാം. അമാവാസിക്ക് പിന്നാലെ വരുന്ന ദിവസങ്ങളായത് കൊണ്ടുതന്നെ അതിവേഗത്തില്‍ വിസ്മയക്കാഴ്ച ദൃശ്യമാകുമെന്നും ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു.