AI Generated Image

TOPICS COVERED

അനന്തകോടി വസ്തുക്കളുടെ ആകെ തുകയാണ് നമ്മുടെ പ്രപഞ്ചം. ആ പ്രപഞ്ച വസ്തുക്കളെ കുറിച്ചുള്ള മനുഷ്യന്‍റെ അറിവാകട്ടെ തുലോം തുച്ഛവുമാണ്. അതുകൊണ്ടുതന്നെ പ്രപഞ്ചത്തില്‍ നമ്മുടെ അറിവിനും അപ്പുറത്ത് പല ‘അ‍‍ജ്ഞാത’ വസ്തുക്കളും കറങ്ങിനടപ്പുണ്ട് അത്തരത്തില്‍ 50 വര്‍ഷത്തിലൊരിക്കല്‍ സൂര്യനെ ചുറ്റാനെത്തുന്ന, വിചിത്ര സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന ഷിറോണ്‍ എന്ന ആകാശഗോളമാണ് ശാസ്ത്രലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഇപ്പോളിതാ ഷിറോണിനെ കുറിച്ചുള്ള കൂടുതല്‍ നിരീക്ഷണങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് മനുഷ്യന്‍ ഇന്നുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും വലിയ ബഹിരാകാശ ദൂരദര്‍ശിനിയായ ജെയിംസ് വെബ് ടെലസ്‌കോപ്. ഒരേസമയം ഛിന്നഗ്രഹങ്ങളുടെയും ധൂമകേതുക്കളുടെയും സ്വഭാവസവിശേഷതകള്‍ കാണിക്കുന്ന ആകാശഗോളമാണ് ഷിറോണ്‍. വ്യാഴത്തിനും നെപ്റ്റ്യൂണിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ ആകാശഗോളം ഓരോ 50 വർഷത്തിലും സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡയിലെ ഫ്ലോറിഡ സ്‌പേസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലുകൾ പുറത്തുവിട്ടിരിക്കുന്നത്.

1977-ൽ കണ്ടെത്തിയ ഷിറോണിന്‍റെ ഉപരിതലത്തിൽ ശീതീകരിച്ച കാർബൺ ഡൈ ഓക്സൈഡും കാർബൺ മോണോക്സൈഡും മീഥെയ്ൻ വാതകങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഗോളത്തിനു ചുറ്റുമുള്ള വാതകങ്ങളുടേയും പൊടിപടലങ്ങളുടേയും മേഘത്തിലാണ് ഈ വാതക സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. സമാന ഗോളങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍ തന്നെ ഇത്തരമൊരത്തില്‍ വാതകമിശ്രിതം കാണപ്പെടുന്നത് ഇതാദ്യമായാണ്. ഈ കണ്ടെത്തലുകൾ നമ്മുടെ സൗരയൂഥത്തിന്‍റെ ആദിമ കാലങ്ങളെ കുറിച്ചുള്ള പഠനത്തിന് സഹായകമാകും എന്നാണ് കരുതുന്നത്. ഷിറോണിന്‍റെ ഉപരിതലത്തിൽ ‌‌കണ്ടെത്തിയ വാതകങ്ങൾ സൗരോർജ്ജവും താപവും ലഭിക്കുന്ന പ്രദേശങ്ങളിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് പഠനം സൂചിപ്പിക്കുന്നു. മാത്രമല്ല സങ്കീർണ്ണമായ രാസപ്രക്രിയകളുടെ സാന്നിധ്യവും ഇത് സൂചിപ്പിക്കുന്നു. കാലക്രമേണ ഇത്തരം ആകാശഗോളങ്ങള്‍ എങ്ങനെ പരിണമിക്കുന്നുവെന്ന് മനസിലാക്കാന്‍ ഈ കണ്ടെത്തലുകള്‍ സഹായിക്കും. 

ധൂമകേതുക്കളുടേയും ഛിന്നഗ്രഹങ്ങളുടേയും സവിശേഷതകള്‍ മാത്രമല്ല. വളയങ്ങളും സഞ്ചരിക്കുന്ന പാതയില്‍ അവശേഷിപ്പിക്കുന്ന വസ്തുക്കളും ഷിറോണിനെ കുറിച്ചുള്ള ആകാംക്ഷ വര്‍ധിപ്പക്കുന്നു. അതുകൊണ്ടുതന്നെ ‘വിചിത്ര ഗോളം’ എന്നാണ് ഷിറോണിനെ വിശേഷിപ്പിക്കുന്നത്. വരും വർഷങ്ങളിൽ ഷിറോൺ ഭൂമിയുടെ അടുത്തെത്തുമ്പോള്‍ ഈ ആകാശഗോളത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ സാധ്യമാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

ENGLISH SUMMARY:

Chiron, a celestial body displaying characteristics of both asteroids and comets, orbits the Sun every 50 years. The James Webb Telescope sheds new light on this enigmatic object.