Image Credit: ISRO

Image Credit: ISRO

ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനുള്ള ഇസ്രോയുടെ സ്പേഡെക്സ് പരീക്ഷണം രണ്ടാമതും മാറ്റി. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരുന്നതിനിടെ കൂടുതല്‍ അടുത്തതിനെ തുടര്‍ന്നാണ് ദൗത്യം മാറ്റിവച്ചത്. 500 മീറ്ററിൽ നിന്ന് ഇവ തമ്മിലുള്ള ദൂരം 225 മീറ്ററിലേക്ക് താഴ്ത്തുന്നതിനിടെ വേഗം പ്രതീക്ഷിച്ചതിലും കൂടി.  ഉപഗ്രഹങ്ങൾ ദൃശ്യപരിധിക്ക് പുറത്ത് പോയി തിരിച്ച് വന്നതോടെയാണ് വേഗം കൂടിയത് തിരിച്ചറിഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് സാങ്കേതികപ്രശ്നങ്ങൾ പരിഹരിച്ച ശേഷമേ ഡോക്കിങ്ങിലേക്ക് കടക്കൂവെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. അതേസമയം, ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്നും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്. ആദ്യം ജനുവരി 7 ന് ഷെഡ്യൂൾ ചെയ്യുകയും പിന്നാട് ജനുവരി 9 ലേക്ക് മാറ്റുകയും ചെയ്തിരുന്ന പരീക്ഷണ ദൗത്യമാണ് വീണ്ടും മാറ്റിവച്ചത്. ദൗത്യത്തിന്‍റെ പുതുക്കിയ സമയക്രമം ഉടന്‍ പുറത്തുവിടും.

ഡിസംബര്‍ 30ന് രാത്രി പത്തു മണിക്കാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് സ്‌പേഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായുള്ള 220 കിലോഗ്രാം ഭാരമുള്ള രണ്ട് ചെറു സാറ്റലൈറ്റുകളുമായാണ് പി.എസ്.എല്‍.വി സി60 റോക്കറ്റ് പറന്നുയര്‍ന്നത്. ചേസര്‍ (എസ്.ഡി.എക്‌സ്.01), ടാര്‍ഗറ്റ് (എസ്.ഡി.എക്‌സ്.02) എന്നീ ഉപഗ്രഹങ്ങളാണ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കുകയാണ് ദൗത്യത്തിന്‍റെ ലക്ഷ്യം.

വിജയിച്ചാല്‍ ബഹിരാകാശ ഡോക്കിങ് സാങ്കേതിക വിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യമാറും. ഭ്രമണപഥത്തില്‍ 10–15 കിമീ അകലെ ഉപഗ്രഹങ്ങളെ എത്തിച്ചശേഷം പതിയെ അകലം കുറച്ച് ഒന്നിച്ചുചേര്‍ക്കുന്നതാണ് പ്രക്രിയ. റഷ്യ, ചൈന, യുഎസ് എന്നിവയാണ് സ്പെ​ഡെ​ക്​സുള്ള മറ്റു രാജ്യങ്ങള്‍. ഇന്ത്യ ലക്ഷ്യമിടുന്ന സ്വന്തം ബഹിരാകാശ നിലയത്തിന്‍റെ ഡോക്കിങ്ങിന് മുന്നോടിയായുള്ള പരീക്ഷണ ഘട്ടമാണിത്. ചാന്ദ്രയാന്‍ 4, ഗഗയാന്‍ ദൗത്യങ്ങള്‍ക്കും ഇത് കരുത്താകും.

ENGLISH SUMMARY:

ISRO has postponed the SPADES experiment, initially scheduled for January 9, due to satellites coming closer than expected. The organization confirmed the satellites are safe and operating normally.