റോക്കറ്റുകളെ ജ്വലന ഊർജത്തിൽ ബഹിരാകാശത്തേക്ക് ഉയർത്തുന്നതിനു പകരം ഭൂമിയിൽ നിന്ന് എറിയുന്ന സാങ്കേതിക വിദ്യയാണ് സ്പിൻലോഞ്ച്. റോക്കറ്റ് വിക്ഷേപണ രംഗത്തെ മാറ്റിമറിക്കുന്ന സാങ്കേതികവിദ്യയാണിത്. ഒരു വസ്തു കൈയില്‍ ചുറ്റി എറിയുന്നത് പേലെയാണ് പ്രവര്‍ത്തനം. ഒരു ചേംമ്പറിനുള്ളില്‍ റോക്കറ്റിനെ ചുറ്റിച്ച് ആകാശത്തേയ്ക്ക് എറിയുന്നതാണ് രീതി.
സെൻട്രിഫ്യൂഗൽ മോട്ടറുകളെ അനുസ്മരിപ്പിക്കുന്ന ഓർബിറ്റൽ ആക്സിലറേറ്റർ എന്ന വമ്പൻ ഭാഗമാണ് സംവിധാനത്തിന്റെ കാതൽ. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇതിന് മണിക്കൂറിൽ ആയിരക്കണക്കിന് കിലോമീറ്റർ എന്ന വേഗത്തിലേക്ക് ഉള്ളിലുള്ള ചെറിയ വാഹനത്തെ തെറിപ്പിക്കാനാകും. 200 കിലോ വരെ ഭാരമുള്ള വസ്തുക്കൾ ഇത്തരത്തിൽ ബഹിരാകാശത്തെ താഴ്ന്ന ഭ്രമണപഥങ്ങളിലെത്തിക്കാൻ ഈ ഓർബിറ്റൽ ആക്സിലറേറ്ററിൽ നിന്നുള്ള എറിയലിനു സാധിക്കും.
Also Read; 'പ്രൊജക്ട് ഡോള്‍ഫിന്‍'; രാജ്യത്ത് 6,237 നദി ഡോള്‍ഫിനുകള്‍
എന്നാൽ ഓർബിറ്റൽ ആക്സിലറേറ്റർ വികസിപ്പിക്കാൻ ഇതുവരെ സ്പിൻലോഞ്ചിനു കഴിഞ്ഞിട്ടില്ല. സബ് ഓർബിറ്റൽ ആക്സിലറേറ്ററാണ് ഇവർ ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്. യുഎസിലെ കലിഫോർണിയയിലാണ് സിപിൻലോഞ്ച് കമ്പനിയുടെ ആസ്ഥാനം. 2014ൽ സ്റ്റാർട്ടപ്പായി തുടങ്ങിയ ഈ കമ്പനിയിൽ ഗൂഗിൾ വെഞ്ചേഴ്സ്, എയർബസ് തുടങ്ങി വൻകിട കമ്പനികൾ നിക്ഷേപിച്ചിട്ടുണ്ട്. യുഎസിലെ ന്യൂമെക്സിക്കോയിൽ ഇവർ ഒരു സ്പേസ് പോർട്ടും പണിതിട്ടുണ്ട്.
കെമിക്കൽ ഇന്ധനങ്ങൾ ഒഴിവാക്കി വൈദ്യുതോർജം ബഹിരാകാശരംഗത്തും ഉപയോഗിക്കുക എന്നതാണ് ഈ കമ്പനിയുടെ ലക്ഷ്യം. നിരവധി പരീക്ഷണങ്ങളിൽ ഇവർ വിജയിച്ചിരുന്നു.