Image Credit: NASA
എട്ട് ദിവസത്തെ ദൗത്യം ഒന്‍പത് മാസങ്ങളിലേക്ക് നീണ്ട കാത്തിരിപ്പ്.. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുഷ് വില്‍മോറും ഭൂമിയിലേക്ക് പറന്നിറങ്ങി. മെക്സിക്കന്‍ ഉള്‍ക്കടല്‍ സഞ്ചാരികളെ മടിത്തട്ടിലേക്ക് സ്വീകരിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.27 നായിരുന്നു സ്പ്ലാഷ് ഡൗണ്‍. ALSO READ: കല്‍പ്പനയുടെ ദുരന്തം പാഠമായി; റിസ്കെടുക്കാന്‍ നാസ നിന്നില്ല; ഒടുവില്‍ ശുഭമടക്കം...
ഇന്ത്യന്‍ സമയം ഇന്നലെ രാവിലെ രാവിലെ പത്തരയോടെയാണ് സുനിതയുമായുള്ള യാത്രാപേടകമായ സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ഫ്രീഡം പേടകം ബഹിരാകാശ നിലയവുമായുള്ള (ഐഎസ്എസ്) ബന്ധം വേർപെടുത്തുന്നത്. ഇതോടെ ഒന്‍പത് മാസത്തെ കാത്തിരിപ്പിനൊടുവില്‍ സുനിതയുടേയും ബുഷ് വില്‍മോറിന്‍റെയും മടക്കയാത്ര ആരംഭിച്ചു. രാവിലെ എട്ടരയക്ക് ഹാച്ചിങ് ക്ലോഷര്‍ പ്രക്രിയ പൂര്‍ത്തിയായി രണ്ട് മണിക്കൂറിനുശേഷമാണ് ഡ്രാഗണ്‍ പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെട്ടത്. ഇന്ത്യൻ സമയം പുലർച്ചെ 2.41ന് വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിച്ച ഡ്രാഗൺ പേടകം പുലർച്ചെ 3.27ന് ഭൂമിയുടെ മടിത്തട്ടിലേക്കിറങ്ങി. അറ്റ്ലാന്റിക് സമുദ്രത്തില്‍ പതിച്ച പേടകം വീണ്ടെടുത്ത് യാത്രികരെ പുറത്തെത്തിച്ചു. നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരാണ് സുനിതയ്ക്കും ബുച്ച് വില്‍മോറിനും ഒപ്പം പേടകത്തിലുള്ളത്. ALSO READ: നിറപുഞ്ചിരി, കൈവീശി സുനിത; അപ്രതീക്ഷിത സ്വീകരണവുമായി ഡോള്‍ഫിനുകളും ...
സ്റ്റാര്‍ലൈനര്‍ ചതിച്ചു! രക്ഷകനായി സ്പേസ് എക്സ്
2024 ജൂണിലാണ് സുനിതയും ബുഷ് വില്‍മോറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തെത്തിയത്. ഇവര്‍ പോയ സ്റ്റാര്‍ലൈനര്‍ പേടകത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതോടെ ഇരുവരും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ‘കുടുങ്ങുക’യായിരുന്നു. ഫെബ്രുവരിയിലെങ്കിലും ഇരുവരേയും തിരികെ ഭൂമിയിലെത്തുമെന്ന് കരുതിയെങ്കിലും യാത്ര വീണ്ടും നീണ്ടു. അങ്ങിനെ 287 ദിവസം ബഹിരാകാശത്ത് തുടര്‍ന്നു ഇരുവരും. ഈ കാലയളവില്‍ സുനിതയും വില്‍മോറും 200 ശാസ്ത്രീയ പരീക്ഷണങ്ങളിലാണ് പങ്കാളികളായത്. മൈക്രോഗ്രാവിറ്റി മനുഷ്യ ശരീരത്തില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാക്കുമെന്ന സുപ്രധാന പഠനവും ബഹിരാകാശ നിലയത്തിന്‍റെ അറ്റകുറ്റപ്പണികളും ഇതില്‍ ഉള്‍പ്പെടുന്നു. അര്‍ത്തെമിസ് ഉള്‍പ്പടെയുള്ള നിര്‍ണായക ദൗത്യങ്ങള്‍ക്ക് സഹായകമാകുന്ന ഒട്ടേറെ വിവരങ്ങള്‍ ഇരുവരും കണ്ടെത്തിയെന്നും നാസ വിശദീകരിക്കുന്നു. സുനിതയെയും വില്‍മോറിനെയും ബഹിരാകാശത്തേക്ക് കൊണ്ടുപോയത് ബോയിങ് കമ്പനിയാണ് എന്നാല്‍ തിരികെ കൊണ്ടുവരാന്‍ അവര്‍ക്കായില്ല. ബോയിങ്ങിന്‍റെ ഈ ബലഹീനതയെയാണ് ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് നേട്ടമാക്കി മാറ്റിയത്. ഇതോടെ സുനിതയുടെ തിരിച്ചുവരവ് ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സിന്റെ വിജയം കൂടിയായി മാറുകയാണ്. ALSO READ: 'അടിച്ചു കേറിവാ....; ഇച്ചിരെ കടുംകാപ്പിയെടുക്കട്ടെ?' നാസയുടെ ലൈവ് സ്ട്രീമില്‍ ഉറക്കമൊഴിഞ്ഞ് മലയാളികള്‍...
നടന്ന് നേടിയ റെക്കോര്‍ഡ‍്
അതേസമയം, ഷോര്‍ട്ട് ട്രിപ്പിനായി 2024 ജൂൺ 5ന് യാത്ര തിരിച്ച സുനിത, മടങ്ങിവരുന്നത് ഒരു റെക്കോര്‍ഡുമായാണ്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന യാത്രികയെന്ന റെക്കോർഡ്. 62 മണിക്കൂറും 6 മിനിറ്റുമാണു സുനിത നടന്നത്. റെക്കോര്‍ഡ് സ്വന്തമാക്കിയ ഇക്കഴിഞ്ഞ ജനുവരി 30ന് നടന്നത് സുനിത 5മണിക്കൂര്‍ 26മിനിറ്റ്. അമേരിക്കയുടെ പെഗി വിറ്റ്സണിന്‍റെ റെക്കോര്‍ഡാണ് നടത്തത്തിലൂടെ മറികടന്നത്. ALSO READ: 'ഗണപതി ഭഗവാന്‍ എനിക്കൊപ്പം'; ഗീതയും സമോസയുമായി ബഹിരാകാശത്ത് പോയ സുനിത ...
സാധാരണജീവിതത്തിലേക്ക് മടങ്ങാന്‍ സമയമെടുക്കും
മടങ്ങിയെത്തിയാല്‍ കുറച്ച് കാലത്തേക്കെങ്കിലും സവിശേഷ ദിനചര്യകളാണ് ബഹിരാകാശയാത്രികരെ കാത്തിരിക്കുന്നത്. സൂക്ഷ്മനിരീക്ഷണത്തിലാകും സുനിത വില്യംസും സംഘവും. മടങ്ങിയെത്തിയതിന് പിന്നാലെ തന്നെ ക്രൂ–9 അംഗങ്ങള്‍ക്ക് വിശദമായ ശാരീരിക പരിശോധനകളും മസാജ് തെറപ്പിയും നടത്തും. പിന്നാലെ ന്യൂറോളജിക്കല്‍ പരിശോധനകളും ഉണ്ടാകും. തലകറക്കം, തളര്‍ച്ച, നേരെ നില്‍ക്കാനും നടക്കാനും കഴിയാത്ത അവസ്ഥകള്‍ എന്നിവ ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനാണിത്. അതിന് ശേഷം ഇസിജി, കാഴ്ച ശക്തി പരിശോധന, ചര്‍മ–രക്ത–മൂത്ര പരിശോധനകള്‍ എന്നിവയും നടത്തും. ക്രൂ–സര്‍ജന്‍, ഡപ്യൂട്ടി ക്രൂ സര്‍ജന്‍, ഫ്ലൈറ്റ് സര്‍ജന്‍ എന്നിവരടങ്ങുന്ന സംഘത്തിന്‍റെ നേതൃത്വത്തിലാണ് മേല്‍പ്പറഞ്ഞ പരിശോധനകള്‍ നടത്തുക.
FILE PHOTO: NASA astronauts Butch Wilmore and Suni Williams walk at NASA's Kennedy Space Center, on the day of Boeing's Starliner-1 Crew Flight Test (CFT)
ഓരോരുത്തരുടെ ആരോഗ്യസ്ഥിതി അനുസരിച്ച് വേണ്ടിവരുന്ന വൈദ്യപരിശോധനകളും മാറും. വൈദ്യ പരിശോധനകള്‍ കൂടാതെ കടുത്ത വ്യായാമമുറകളും മറ്റ് പരിശീലനങ്ങളും ബഹിരാകാശയാത്രികര്‍ക്ക് നല്‍കും. ഭൂമിയില്‍ മടങ്ങിയെത്തിയാല്‍ 45 ദിവസത്തിനുള്ളില്‍ പൂര്‍വസ്ഥിതിയിലേക്ക് സാധാരണഗതിയില്‍ ബഹിരാകാശ യാത്രികരുടെ ആരോഗ്യ–ശാരീരിക സ്ഥിതി എത്തും. ഇതില്‍ നിന്നും വിഭിന്നമായി ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ അതനുസരിച്ചുള്ള പദ്ധതികള്‍ പ്രത്യേക മേല്‍നോട്ടത്തില്‍ ചെയ്യുമെന്നാണ് നാസ വിശദീകരിക്കുന്നത്. മാനസികാരോഗ്യ വിദഗ്ധന്‍റെ സേവനവും പത്ത് ദിവസം കൂടുമ്പോള്‍ ലഭ്യമാക്കും.
Google Trending Topic - Nasa astronauts Sunita Williams