Image Credit: NASA/AP
ബഹിരാകാശ വാസത്തിനൊടുവില്‍ സുരക്ഷിതരായി ഭൂമിയിലേക്ക് മടങ്ങിയെത്തി സുനിത വില്യംസും ബുഷ് വില്‍മോറും. 17 മണിക്കൂര്‍ നീണ്ട യാത്രയ്ക്കൊടുവില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.27ഓടെയാണ് മെക്സിക്കന്‍ ഉള്‍ക്കടസില്‍ ഡ്രാഗണ്‍ ഫ്രീഡം പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്തത്. ആകാംക്ഷയുടെയും ആശങ്കയുടെയും മണിക്കൂറുകളെ കാറ്റില്‍പ്പറത്തിയാണ് പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചതും. വിടര്‍ന്ന പാരഷൂട്ടുകളുമായി പേടകം കടലിലേക്ക് പതിച്ചതും അപ്രതീക്ഷിത സ്വീകരണവുമായി ഡോള്‍ഫിനുകളെത്തി. പേടകത്തിന് ചുറ്റും കുതിച്ച് ചാടിമറിയുന്ന ഡോള്‍ഫിനുകളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
പ്രത്യേക കപ്പലിലെത്തിയ നാസയുടെ സംഘം പേടകം കടലില്‍ നിന്നും വീണ്ടെടുത്തു. നിക്ക് ഹേഗാണ് പേടകത്തില്‍ നിന്നും ആദ്യം പുറത്തിറങ്ങിയത്. രണ്ടാമതായി അലക്സാന്ദര്‍ ഗോര്‍ബനോവും മൂന്നാമതായി സുനിതയും പുറത്തിറങ്ങി. ചിരിച്ച് കൈവീശി സന്തോഷത്തോടെയാണ് അവര്‍ വീല്‍ചെയറിലേക്ക് കയറിയത്.
This image taken from video provided by SpaceX shows NASA's Butch Wilmore being helped after exiting the SpaceX capsule, Tuesday, March 18, 2025. (SpaceX via AP)
ഒടുവില്‍ നാലാമനായി ബുഷ് വില്‍മോറും പുറത്തേക്ക്. ഭൂമിയിലെത്തിയതിന്‍റെ സന്തോഷം ആ മുഖത്തും പ്രകടം. ഇനി ഹൂസ്റ്റണില്‍ 45 ദിവസത്തെ പുനരധിവാസ പദ്ധതിയാണ് സുനിതയ്ക്കും സംഘത്തിനുമായി തയ്യാറാക്കിയിട്ടുള്ളത്.
2024 ജൂണ്‍ അഞ്ചിന് എട്ട് ദിവസത്തെ ദൗത്യത്തിനായാണ് സുനിതയും ബുഷ് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശത്തേക്ക് പോയത്. പേടകത്തിന് സാങ്കേതിക തടസം സംഭവിച്ചതോടെ മടങ്ങിവരവ് അനിശ്ചിതമായി നീളുകയായിരുന്നു. ഒടുവില്‍ സ്പേസ്എക്സിന്‍റെ ഡ്രാഗണ്‍ പേടകത്തിലാണ് സുനിതയും വില്‍മോറും ഭൂമിയണഞ്ഞത്.
Google Trending Topic - Nasa astronauts Sunita Williams