സുനിതാ വില്യംസ്. കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആവേശം പകരുന്ന പേര്. ആകാശം അതിരല്ല; തുടക്കം മാത്രം എന്ന് നമ്മെ ഓര്‍മപ്പെടുത്തുന്ന ബഹിരാകാശ സഞ്ചാരി . ഒമ്പത് മാസത്തോളം ബഹിരാകാശത്ത് ചെലവഴിച്ച ശേഷം ഭൂമിയിലേക്ക് മടങ്ങുമ്പോള്‍ നിരവധി റെക്കോര്‍ഡുകളാണ് സുനിത തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.
അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജയാണ് സുനിത വില്യംസ്. 1965 സെപ്റ്റംബര്‍ 19 ന് ഒഹായോയിലെ യൂക്ലിഡില്‍ ജനനം. ഗുജറാത്തില്‍ നിന്നുളള ഡോ. ദീപക്ക് പാണ്ഡ്യയുടേയും ഉറുസിലീന്‍ ബോണി പാണ്ഡ്യയുടേയും മൂന്നു മക്കളില്‍ ഇളയവള്‍ . മുഴുവന്‍ പേര് സുനിത ലിന്‍ പാണ്ഡ്യ. 1983ല്‍ മസാച്യൂസെറ്റ്സിലെ നീധാം ഹൈസ്കൂളില്‍ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് 1987ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് നേവല്‍ അക്കാദമിയില്‍ നിന്ന് ഫിസിക്കല്‍ സയന്‍സില്‍ ബിരുദം നേടി. വ്യോമയാനമേഖലയില്‍ നിന്നുള്ള അടങ്ങാത്ത അഭിനിവേശമാണ് സുനിതയെ യു.എസ്. നേവിയില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. അവിടെ പൈലറ്റ് ആയാണ് തുടക്കം. 1989ല്‍ കോംബാറ്റ് ഹെലികോപ്റ്റര്‍ പറപ്പിക്കാനുള്ള പരിശീലനം തുടങ്ങി.
1993ല്‍ നേവല്‍ ടെസ്റ്റ് പദവി സ്വന്തമാക്കി. തുടര്‍ന്ന് 1995ല്‍ ഫ്ലോറിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എന്‍ജിനീയറിങ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി. 1998ലാണ് നാസയുടെ ബഹിരാകാശ യാത്രികയായി സുനിത തിരഞ്ഞെടുക്കപ്പെട്ടുന്നത് . അതോടെ സുനിതയുടെ ബഹിരാകാശ യാത്രകള്‍ക്ക് തുടക്കമായി. തീവ്രപരിശീലനത്തിനു ശേഷം 2006 ഡിസംബറില്‍ ബഹിരാകാശ വാഹനമായ ഡിസ്കവറിയിലായിരുന്നു രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ യാത്ര.195 ദിവസമാണ് ബഹിരാകാശത്ത് അന്ന് ചെലവിട്ടത്. 2012ല്‍ എക്സ്പഡീഷന്‍ 32,33 എന്നിവയുടെ ഭാഗമായി 127 ദിവസം ബഹിരാകാശത്ത് താമസിച്ചു. 2018ലാണ് സ്്റ്റാര്‍ലൈനര്‍ ഒന്നിന്റെ ഓപ്പറേഷണല്‍ മിഷന്റെ ഭാഗമായത്. 2024ല്‍ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറില്‍ ബഹിരാകാശത്തെത്തി.
ബഹിരാകാശത്ത് നിരവധി റെക്കോര്‍ഡുകളും സ്വന്തമാക്കിയാണ് സുനിതയുടെ മടക്കവും. ബഹിരാകാശത്ത് മാരത്തണ്‍ പൂര്‍ത്തിയാക്കിയ ആദ്യ വ്യക്തിയാണ് സുനിത. ട്രെഡ് മില്ലിലാണ് ബോസ്റ്റണ്‍ മാരത്തണ്‍ ഓടിയത്. ബഹിരാകാശ പേടകത്തിന് പുറത്ത് 50 മണിക്കൂറിലധികം നീണ്ട ഏഴ് ബഹിരാകാശ നടത്തങ്ങളാണ് സുനിത പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഈ വര്‍ഷം ജനുവരിയില്‍ 5 മണിക്കൂറും 26 മിനിറ്റും ബഹിരാകാശത്ത് നടന്നതിലൂടെ ഒരു വനിതയുടെ മൊത്തം ബഹിരാകാശ നടത്ത സമയത്തിന്റെ റെക്കോര്‍ഡും തകര്‍ത്തു. 62 മണിക്കൂറും 6 മിനിറ്റുമാണ് ഇതുവരെ സുനിത ബഹിരാകാശത്ത് നടന്നത്. ബഹിരാകാശ നടത്തം നടത്തിയവരുടെ നാസയുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് സുനിതയിപ്പോള്‍. രണ്ടുവട്ടം രാജ്യാന്തര സ്പേസ് സ്റ്റേഷന്റെ നേതൃത്വം സുനിത ഏറ്റെടുത്തിട്ടുണ്ട്.
നാവികസേനയുടെ പ്രശംസാ മെഡല്‍, നാസ സ്പേസ് ഫ്ലൈറ്റ് മെഡല്‍ എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും സുനിത നേടിയിട്ടുണ്ട്. 2008ല്‍ സുനിതയുടെ പര്യവേഷണങ്ങള്‍ക്കുള്ള ആദരമായി പത്മഭൂഷണ്‍ നല്‍കി ഇന്ത്യ അവരെ ആദരിച്ചു ഫെഡറല്‍ മാര്‍ഷലായ മൈക്കല്‍ ജെ. വില്യംസാണ് സുനിതയുടെ ഭര്‍ത്താവ്.
Google Trending Topic - Nasa astronauts Sunita Williams