രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകാന്‍ ഒരുങ്ങുകയാണ് യു.പി.ക്കാരനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ശു ശുക്ല. ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായ ശുഭാന്‍ശു അമേരിക്കയിലെ സ്വകാര്യ കമ്പനിയുടെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായാണ് ബഹിരാകാശ നിലയത്തിലേക്ക് പോവുക. സുനിത വില്യംസ് തിരിച്ചെത്തിയ അതെ ഡ്രാഗണ്‍ സീരിസ് പേടകത്തിലാകും ജൂണിന് മുന്‍പ് ശുഭാന്‍ശുവിന്റെ യാത്ര.
ആദ്യമായി ബഹിരാകാശത്തേക്ക് പോയ ഇന്ത്യക്കാരന്‍ രാകേശ് ശര്‍മയാെണങ്കിലും ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഇന്ത്യക്കാരന്‍ എന്ന നേട്ടം കൈവരിക്കാനാകും യു.പി. ലഖ്നൗ സ്വദേശിയായ ശുഭാന്‍ശു ശുക്ലയുടെ യാത്ര. നാസയുടെയും ഐ.എസ്.ആര്‍.ഒയുടെയും സഹകരണത്തിന്റെ ഭാഗമായാണ് മറ്റൊരു ഇന്ത്യക്കാരന് ബഹിരാകാശ യാത്രയ്ക്ക് വീണ്ടും അവസരമൊരുങ്ങുന്നത്.
അമേരിക്കയിലെ സ്വകാര്യ കമ്പനിയായ ആക്സിയോമിന്റെ ആക്സിയോം മിഷന്‍ നാലിന്റെ ഭാഗമായാണ് ശുഭാന്‍ശു ബഹിരാകാശത്തേക്ക് പോവുക. ഇന്ത്യയില്‍ നിന്ന് ഇന്ത്യന്‍ പേടകത്തില്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന പദ്ധതിയാണ് ഗഗന്‍യാന്‍. ഇതിന്റെ ഭാഗമായ മലയാളികൂടിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ് ശുഭാന്‍ശുവിന്റെ ബാക്ക് അപ്പ് മാന്‍. ഏതെങ്കിലും സാഹചര്യത്തില്‍ ശുഭാന്‍ശുവിന് ദൗത്യത്തില്‍ പങ്കെടുക്കാനായില്ലെങ്കില്‍ പ്രശാന്തായിരിക്കും ബഹിരാകാശ നിലയത്തിലേക്ക് പോവുക. ഇത് രാജ്യത്തിനും പ്രത്യേകിച്ച് മലയാളികള്‍ക്ക് സുവര്‍ണനേട്ടമാകും.
ശുഭാന്‍ശുവിന് പുറമേ സുനിത വില്യംസിനേക്കാള്‍ ബഹിരാകാശ ദൗത്യങ്ങളില്‍ പരിചയ സമ്പത്തുള്ള നാസയുടെ പെഗി വിറ്റ്സണ്‍, പോളണ്ടിന്റെ സാവോസ് ഉസാന്‍സ്കി, ഹംഗറിയുടെ ടിബോര്‍ കപു എന്നിവരാണ് ആക്സിയോം മിഷന്റെ ഭാഗമായുള്ള മറ്റു യാത്രികര്‍. ജൂണിനകം ഫ്ലോറിഡയിലെ കെനഡി സ്പേസ് സെന്ററില്‍ നിന്ന് ഇവര്‍ നാലുപേരും യാത്ര തിരിക്കും. 14 ദിവസമാണ് ദൗത്യത്തിന്റെ കാലാവധി. ശുഭാന്‍ശു യാത്ര കഴിഞ്ഞ് തിരികെയെത്തുന്നതോടെ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ഗഗന്‍യാന് മുതല്‍കൂട്ടാകും. അടുത്തവര്‍ഷം ഗഗന്‍യാന്റെ വിക്ഷേപണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
]