“Devils Horns” sunrise in Qatar, during a partial eclipse during sunrise. (Image Credit: https://x.com/amazing_physics)
സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തിന് പിന്നാലെ ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കാന്‍ സൂര്യഗ്രഹണവും എത്തുകയാണ്. പോയ വര്‍ഷം നട്ടുച്ചയെ ഇരുട്ടിലാക്കി സമ്പൂര്‍ണ സൂര്യഗ്രഹണമാണ് വിരുന്നെത്തിയതെങ്കില്‍ ഇത്തവണ ഭാഗിക സൂര്യഗ്രഹണമാണ് കാത്തിരിക്കുന്നത്. ഭാഗിക സൂര്യഗ്രഹണമെങ്കിലും കാഴ്ചയ്ക്ക് കുറവൊന്നുമുണ്ടാകില്ല. കാരണം ചക്രവാളത്തില്‍ ‘ചെകുത്താന്‍റെ കൊമ്പുകള്‍’ കാണാം!
FILE - An annular solar eclipse rises over the skyline of Toronto, June 10, 2021. (Frank Gunn/The Canadian Press via AP, File)
സൂര്യഗ്രഹണ സമയത്തെ അപൂര്‍വമായ ആകാശ ദൃശ്യമാണ് ‘സോളാര്‍ ഹോണ്‍സ്’ (Solar Horns) അല്ലെങ്കില്‍ ‘ഡെവിള്‍ ഹോണ്‍സ്’ (Devil Horns എന്ന് അറിയപ്പെടുന്നത്. സൂര്യഗ്രഹണം നടക്കുന്ന 2025 മാർച്ച് 29 ശനിയാഴ്ച രാവിലെ ചക്രവാളത്തിലായിരിക്കും ഉദയസൂര്യനെ ‘കൊമ്പുകള്‍’ പോലെ കാണപ്പെടുക. തീരപ്രദേശങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും ഈ ‘കൊമ്പുകള്‍’ കാണാന്‍ സാധിക്കും. ഗ്രഹണസമയത്ത് സൂര്യോദയം സംഭവിക്കുമ്പോള്‍ ആദ്യം ദൃശ്യമാകുക സൂര്യന്‍റെ രണ്ട് കൊമ്പുകള്‍ പോലെയുള്ള ഭാഗങ്ങളായിരിക്കും. ചന്ദ്രന്‍ ഭാഗികമായി സൂര്യന്‍റെ മധ്യഭാഗത്തെ മറയ്ക്കുമ്പോഴാണ് ഉദയ സൂര്യന്‍റെ അരികുകള്‍ മാത്രം ദൃശ്യമാകുന്നത്. ചക്രവാളത്തിനടുത്തുള്ള അന്തരീക്ഷത്തിന്‍റെ സ്വാധീനം ഈ ‘കൊമ്പുകളുടെ’ നീളത്തിനേയും രൂപത്തിനെയും സ്വാധീനിക്കാം.
എന്താണ് സൂര്യഗ്രഹണം?
സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്‍റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. അതേസമയം, ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെടുകയുള്ളൂ.
എവിടെയെല്ലാം ദൃശ്യമാകും
വടക്കേ അമേരിക്കയുടെയും യൂറോപ്പിന്‍റെയും ചില ഭാഗങ്ങളിൽ ഗ്രഹണം ദൃശ്യമാകും. യുഎസിൽ, മെയ്ൻ, ന്യൂയോർക്ക്, പെൻസിൽവാനിയ എന്നിവയുൾപ്പെടെ 13 വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. യുഎസിൽ ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാവിലെ 6:13 നും 7:17 നും ഇടയിലും കാനഡയിൽ രാവിലെ 6:56 നും രാവിലെ 8:20 നും ഇടയിലും ഗ്രഹണം ദൃശ്യമാകും. പടിഞ്ഞാറൻ യൂറോപ്പിൽ രാവിലെ വൈകി മാത്രമേ ഇത് കാണാൻ കഴിയൂ.
കാനഡയിലെ തെക്കുകിഴക്കൻ ക്യൂബെക്കിലും തെക്കുപടിഞ്ഞാറൻ ന്യൂ ബ്രൺസ്‌വിക്കിലും ‘ഡെവിള്‍ ഹോണ്‍സ് എന്ന ഈ അപൂർവ പ്രതിഭാസം ദൃശ്യമാകും. സെനറ്റ് ലോറൻസ് നദിയുടെ അഴിമുഖത്തിനും ഫണ്ടി ഉൾക്കടലിനും ഇടയിലുള്ള സ്ഥലങ്ങൾ മികച്ച കാഴ്ചകൾ നൽകും. തീരപ്രദേശങ്ങൾ, ഉയർന്ന ഭൂപ്രദേശങ്ങൾ, തടസ്സമില്ലാതെ ചക്രവാളം കാണാന്‍ സാധിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളാണ് ‘സോളാര്‍ ഹോണ്‍സ്’ കാണാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍.
അതേസമയം, 2025 മാർച്ച് 29 ന് നടക്കുന്ന ഭാഗിക സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. ചന്ദ്രന്‍റെ നിഴലിന്‍റെ പാത ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മറയ്‌ക്കാത്തത് കാരണമാണ് സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകാത്തത്.
മുൻകരുതലുകൾ
സൂര്യഗ്രഹണം നഗ്ന നേത്രങ്ങള്‍ കൊണ്ട് വീക്ഷിക്കരുത്. ഗ്രഹണ സമയത്ത് സൂര്യനെ നേരിട്ടു നോക്കുന്നത് കാഴ്ചയെ പ്രതികൂലമായി ബാധിക്കും. സാധാരണ കൂളിങ് ഗ്ലാസുകളും പാടില്ല. സേഫ് സോളാര്‍ വ്യൂവിങ് ഗ്ലാസുകള്‍ ഉപയോഗിക്കുക. സോളാര്‍ ഫില്‍ട്ടറുകള്‍ ഉപയോഗിച്ചു മാത്രമേ സൂര്യനെ നോക്കാവൂ. അല്ലെങ്കിൽ പിന്‍ഹോള്‍ പ്രൊജക്‌ടര്‍ പോലെയുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം.
അടുത്ത സൂര്യഗ്രഹണം
2025ലെ രണ്ടാമത്തെയും അവസാനത്തേതുമായ സൂര്യഗ്രഹണം സെപ്റ്റംബർ 21 ന് നടക്കും. ഓസ്‌ട്രേലിയയുടെ തെക്കൻ ഭാഗങ്ങൾ, പസഫിക്, അറ്റ്ലാന്‍റിക്, അന്‍റാര്‍ട്ടിക് പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഈ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. എന്നാല്‍ ഇതും ഇന്ത്യയിൽ നിന്ന് ദൃശ്യമാകില്ല.