സ്വകാര്യ ടെലികോം കമ്പനികൾ കോൾ നിരക്കുകൾ വർദ്ധിപ്പിച്ചപ്പോൾ ആർക്കും വേണ്ടാതിരുന്ന BSNLലേക്ക് സിം പോർട്ട് ചെയ്യാൻ ഓടിയെത്തിയവരുടെ എണ്ണത്തിന് കയ്യും കണക്കുമില്ലായിരുന്നു. ആ സ്നേഹം BSNLന് നന്നേ ബോധിച്ച മട്ടാണ്. ഇനി സിം പോർട്ട് ചെയ്യാനും പുതിയ സിം എടുക്കാനും BSNLഓഫീസ് തേടി നടക്കേണ്ട ആവശ്യമില്ല. BSNLന്‍റെ 4G കണക്ടിവിറ്റിയുള്ള സിം വീട്ടുമുറ്റത്തെത്തും. കേരളത്തിൽ ലിലോ ആപ്പുകൾ വഴിയാണ് BSNL ഹോം ഡെലിവറി സൗകര്യം ഒരുക്കുന്നത്. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലിലോ ആപ്പ് ലഭ്യമാണ്.
ഇതുവരെ ഗുരുഗ്രാമിൽ മാത്രം ലഭിച്ചിരുന്ന സേവനമാണ് BSNL മലയാളികൾക്കും വാഗ്ദാനം ചെയ്യുന്നത്. സംസ്ഥാനത്ത് സിം കാർഡുകളുടെ ഹോം ഡെലിവറി ആരംഭിച്ചതായി കമ്പനി അറിയിച്ചു.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ BSNL സിം കാർഡുകളുടെ ഹോം ഡെലിവറി നടത്തിയിരുന്നു. ഈ വർഷം ആദ്യം പ്രൂണുമായി സഹകരിച്ച് ഗുരുഗ്രാമിലെയും ഗാസിയാബാദിലെയും തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ഡെലിവറികൾ ആരംഭിച്ചു. പുതിയ സിം ബുക്ക് ചെയ്യാൻ മാത്രമല്ല പഴയ നമ്പർ മാറാതെ BSNLലേക്ക് പോർട്ട് ചെയ്യാനുള്ള സേവനവും ഹോം ഡെലിവറിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങളുടെ കൈയ്യിൽ 3G സിം ഉണ്ടെങ്കിൽ 4G സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുമാകും. ഇങ്ങനെ ചെയ്യുമ്പോൾ കമ്പനി 4G ഡേറ്റ സൗജന്യമായി തരും.
BSNLന്‍റെ വിശ്വസ്ത പാർട്ണർ കൂടിയായ ലിലോ അതിവേഗ ഡെലിവറിയാണ് വാഗ്ദാനം ചെയ്യുന്നത്. BSNLന്റെ ഭാഗമായതുകൊണ്ട് തന്നെ ലിലോയുടെ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ ആശങ്കയുടെ ആവശ്യമില്ല. ലിലോ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം അതിൽ BSNL സർവ്വീസ് തെരഞ്ഞെടുക്കാം. ആപ്പ് വഴി സിം മാറ്റാൻ സാധിക്കും കൂടാതെ റീചാർജിങ്ങിനും ഇത് ഉപയോഗിക്കാവുന്നതാണ്.
ഉപഭോക്താക്കൾക്ക് വാട്സാപ്പ് വഴി സിം ഓർഡർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. കേരളത്തിലെ വരിക്കാർ ഇതിനായി+91 8891767525 എന്ന നമ്പറുമായി ബന്ധപ്പെടണം. ഈ വാട്സ്ആപ്പ് നമ്പറിൽ “Hi” എന്ന് മെസേജ് അയച്ചാൽ മതി, സിം വീട്ടിലെത്തും.