വാട്സാപ്പില്‍ വിഡിയോ കോള്‍ ചെയ്യുന്നവരാണ് നമ്മളെല്ലാവരും തന്നെ. വാട്സാപ്പ് വിഡിയോ കോളുകള്‍ കൂടുതല്‍ രസകരമാക്കാന്‍ പുതിയ കുറച്ച് ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സാപ്പ്. ഇന്‍സ്റ്റഗ്രാമിനും ഫേസ്ബുക്കിനും സമാനമായി വാട്സാപ്പ് വീഡിയോ കോള്‍ സ്ക്രീനുകള്‍ നമുക്ക് ഇഷ്ടമുള്ള രീതിയില്‍ ക്രമീകരിക്കാനുള്ള സൗകര്യമാണ് വാട്സാപ്പൊരുക്കുന്നത്. ഇതിനായി വാട്സാപ്പിന്‍റെ തന്നെ ഫില്‍റ്റേഴ്സും ബാക്ഗ്രൗണ്ടും ഉപയോഗിക്കാം. ഫില്‍റ്റേഴ്സ് ക്രമീകരിക്കുന്നത് വഴി നമ്മുടെ മൂഡിനനുസരിച്ച് വാട്സാപ്പ് വിഡിയോ കോള്‍ അനുഭവം മികച്ചതാക്കാന്‍ സാധിക്കും.വാട്സാപ്പ് കോള്‍ കൂടുതല്‍ ജനകീയവും രസകരവുമാക്കാനാണ് വാട്സാപ്പ് ഇത്തരമൊരു ഫീച്ചര്‍ കൊണ്ടുവരുന്നത്.

ഫിൽറ്ററിന്‍റെ വരവോടെ വിഡിയോയിൽ നിറങ്ങൾ ചേർക്കാനും പ്രത്യേക സ്റ്റൈൽ നൽകാനും കഴിയും, ഇത് കോളുകള്‍ കൂടുതൽ ആകര്‍ഷകമാക്കും. വിഡിയോ കോളുകള്‍ക്കായി വാം, കൂൾ, ബ്ലാക്ക് ആൻഡ് വൈറ്റ്, ഡ്രീമി എന്നിവ ഉൾപ്പെടെ 10 ഫിൽട്ടറുകൾ ലഭ്യമാണ്. ഓരോ ഫിൽട്ടറും വ്യത്യസ്തമായ ഒരു മൂഡ് സെറ്റ് ചെയ്യാന്‍ സഹായിക്കും, അതിനാൽ കോളുകള്‍ക്ക് ഏറ്റവും അനുയോജ്യമായത് ഉപഭോക്താവിന് തിരഞ്ഞെടുക്കാം.

ബാക്ക്ഗ്രൗണ്ടുകളും മറ്റൊരു രസകരമായ ഫീച്ചറാണ്. കോളിനിടെ യഥാർത്ഥ പശ്ചാത്തലത്തിന് പകരം മറ്റെന്തെങ്കിലും ദൃശ്യങ്ങൾ ചേർക്കാൻ കഴിയും. ഉദാഹരണത്തിന് ഓഫിസിലിരുക്കുന്ന നിങ്ങളെ ഒരു ലിവിംഗ് റൂമിലോ, കഫെയിലോ, കടൽത്തീരത്തോ ഇരിക്കുന്നതുപോലെ കാണിക്കാം! പ്രായോഗികമായ ബ്ലർ ഇഫക്റ്റും ഉപയോഗിക്കാവുന്നതാണ്. പശ്ചാത്തലത്തെ മറച്ചുകൊണ്ട് നിങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.ഫിൽറ്ററുകളിലേത്പോലെ തന്നെ, 10 വ്യത്യസ്ത ബാക്ക്ഗ്രൗണ്ടുകൾ ഈ ഫീച്ചറിലും ലഭ്യമാണ്. ഇത് പ്രൈവസി സംരക്ഷിക്കാനും സ്റ്റൈലിഷ് ബാക്ക്ഗ്രൗണ്ട് ചേർക്കാനുമൊക്കെയായി നല്ലതാണ്.

വാട്സാപ്പ് അവതരിപ്പിച്ച 'ടച്ചപ്പ്' ഫീച്ചര്‍ ഉപയോഗിച്ച് വേണമെങ്കില്‍ കുറച്ച് കൂടി സുന്ദരനും സുന്ദരിയുമാകാം. ഇത് നിങ്ങളുടെ മുഖത്തെ ഭംഗിയാക്കുകയും, കൂടുതൽ നന്നായി കാണാൻ സഹായിക്കുകയും ചെയ്യും. കൂടാതെ, Low Light ഓപ്ഷൻ ഉപയോഗിച്ച് കുറഞ്ഞ പ്രകാശമുള്ള സ്ഥലങ്ങളിലും വിഡിയോയുടെ ക്വാളിറ്റി കൂട്ടാം. സാഹചര്യമേതായാലും വിഡിയോ കോളുകളില്‍ ആത്മവിശ്വാസത്തോടെയിരിക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും.

ഉപയോഗിക്കേണ്ടതിങ്ങനെ:വിഡിയോ കോളിൽ ഈ ഫീച്ചറുകൾ ലഭിക്കാൻ, സ്‌ക്രീനിന്‍റെ വലതുവശത്തെ Effects ഐക്കണിൽ ടാപ്പ് ചെയ്ത് ഓപ്ഷനുകൾ തെരഞ്ഞെടുത്താൽ മതി. വ്യക്തിഗത കോളുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഇതുപയോഗിക്കാം.  ഈ അപ്ഡേറ്റുകൾ അടുത്ത ആഴ്ചകളിൽ എല്ലാ വാട്സാപ്പ് ഉപഭോക്താക്കൾക്കും ലഭ്യമാകും, അതിനാൽ കാത്തിരിക്കുക

ENGLISH SUMMARY:

whatsapp introducing filters and backgrounds for video calls