google-verification

ഒരു വിഷയത്തെക്കുറിച്ച് ഗൂഗിളില്‍ തിരയുമ്പോള്‍, അതുമായി ബന്ധപ്പെട്ട നൂറുകണക്കിന് വിവരങ്ങള്‍ ലഭിക്കും. ഗൂഗിളിന്‍റെ വിവരങ്ങള്‍ കണ്ടെത്തുന്ന ക്രൗളറുകള്‍ക്ക് നമ്മള്‍ തിരയുന്ന വാക്കുകളുമായി സാമ്യമുണ്ടെന്ന് തോന്നുന്ന എല്ലാ വിവരങ്ങളും നമുക്ക് മുന്നിലെത്തും. ഇതില്‍ യഥാര്‍ഥ വെബ്‌സൈറ്റുകളെന്നോ തട്ടിപ്പ് സൈറ്റുകളെന്നോ വ്യത്യാസമില്ല. സങ്കേതിക പരിജ്ഞാനം കുറവുള്ള ഉപയോക്താക്കള്‍ക്ക് ഇത് തിരിച്ചറിയാനാകില്ല. സങ്കേതിക അറിവുള്ളവരെ പോലും പറ്റിക്കുന്ന പുത്തന്‍ രീതികള്‍ ദിനംപ്രതി ഉണ്ടാകുന്നു. 

സമൂഹമാധ്യമങ്ങളില്‍ നിലവില്‍ വെരിഫൈഡ് അക്കൗണ്ടുകള്‍ ലഭ്യമാണ്. അക്കൗണ്ട് യഥാര്‍ഥ ഉടമയാണോ അതോ മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നതെന്ന് തിരിച്ചറിയാനാണിത്. ഇതേ രീതിയില്‍ വെബ്സൈറ്റുകള്‍ക്കും വെരിഫിക്കേഷന്‍ ലഭ്യമാക്കാനാണ് ഗൂഗിള്‍ നീക്കമെന്ന് 'ദി വെര്‍ജ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിഷിങ് തട്ടിപ്പ് ഇല്ലാതാക്കുകയാണ് ലക്ഷ്യം.

എന്താണ് ഫിഷിങ്?

പ്രശസ്തരുടെ പേരില്‍ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നതിന് സമാനമാണിത്. പ്രധാനപ്പെട്ട ബാങ്കുകളുടെയും ഷോപ്പിങ് സൈറ്റുകളുടേയും അതെ രൂപത്തിലുള്ള വ്യാജ വെബ്സൈറ്റ് ഉണ്ടാക്കും. അക്ഷരങ്ങളുടെ സ്റ്റൈല്‍ മുതല്‍ പേജിന്‍റെ നിറവും രൂപവുമെല്ലാം യഥാര്‍ഥ സൈറ്റിന്‍റെ അതേ രീതിയില്‍. ഗൂഗിളില്‍ ഒരു ബാങ്കിന്‍റെ പേര് തിരയുമ്പോള്‍ ഈ വ്യാജ സൈറ്റുകളും ലഭ്യമാകും. യഥാര്‍ഥ സൈറ്റെന്ന് കരുതി ഇതില്‍ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പണം നഷ്ടമാകും. വെരിഫൈഡ് സൈറ്റുകളിലൂടെ ഇതിന് തടയിടാനാണ് ഗൂഗിളിന്‍റെ ശ്രമം.

Also Read; പുറത്തിറങ്ങാന്‍ മാസങ്ങള്‍; സാംസങ് ഗാലക്സി എസ്25 ഡിസൈന്‍ ചോര്‍ന്നു

'സ്കാമി' അല്ലെങ്കിൽ വഞ്ചനാപരമായ ഉള്ളടക്കമുള്ള പേജുകൾ കണ്ടെത്തുകയും ഗൂഗിളില്‍ പ്രത്യക്ഷപ്പെടുന്നത് തടയുകയും ചെയ്യുന്ന സിസ്റ്റമുണ്ട്. ഇതിന് പുറമേയാണ് പുതിയ പദ്ധതി. ചില ബിസിനസുകൾക്കൊപ്പം ചെക്ക്മാർക്കുകൾ കാണിക്കുന്ന പരീക്ഷണമാണ് നിലവില്‍ നടത്തുന്നത്'' ഗൂഗിള്‍ വക്താവ് ദി വേർജിനോട് പറഞ്ഞു.

മൈക്രോസോഫ്റ്റ്, മെറ്റ, ആപ്പിൾ തുടങ്ങിയ കമ്പനികളുടെ ഔദ്യോഗിക സൈറ്റ് ലിങ്കുകൾക്കൊപ്പം നീല നിറത്തിലുള്ള  ചെക്ക്മാർക്കുകൾ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. ചില ഉപയോക്താക്കൾക്ക് മാത്രമേ ഈ ഫീച്ചർ കാണാൻ കഴിയൂ, ഗൂഗിൾ ഇതുവരെ ഈ പരീക്ഷണം വ്യാപകമായി നടപ്പാക്കിയിട്ടില്ല. 

Also Read; ഹൈഡ്രജനില്‍ പറക്കാന്‍ റെയില്‍വേ; ആദ്യ ഹൈഡ്രജൻ ട്രെയിന്‍ ട്രാക്കിലേക്ക്

അതേസമയം സുരക്ഷ‌യ്‌ക്കൊപ്പം പുതിയ വരുമാന മാര്‍ഗമാണ് ഗൂഗിള്‍ പരീക്ഷിക്കുന്നത്. സമൂഹമാധ്യമ കമ്പനികള്‍ ആദ്യഘട്ടത്തില്‍ സൗജന്യമായി വെരിഫൈഡ് മാര്‍ക്ക് നല്‍കിയിരുന്നു. പിന്നീട് ഉപയോക്താക്കള്‍ക്ക് പണം നല്‍കി ഇത് വാങ്ങേണ്ടി വന്നു.  സമാനമായ രീതിയില്‍ വമ്പന്‍ കമ്പനികള്‍ ഭീമമായ തുക ഗൂഗിളിന് നല്‍കേണ്ടി വരും. എന്നാല്‍ സാധാരണ ഉപയോക്താക്കള്‍ക്ക് യഥാര്‍ഥ സൈറ്റുകള്‍ തിരിച്ചറിയാനാകുകയും, അതുവഴി തട്ടിപ്പുകള്‍ കുറയുകയും ചെയ്യും. 

ENGLISH SUMMARY:

Alphabet's Google is testing showing check marks next to certain companies on its search results, a company spokesperson said, in a move aimed at helping users identify verified sources and steer clear of fake websites.