മനുഷ്യ ജീവിതത്തെ ഏറെ ആയാസകരമാക്കിയ കണ്ടെത്തിലാണ് വയര്‍ലെസ് സാങ്കേതിക വിദ്യ. വൈഫൈയും ബ്ലൂടൂത്തും ഇല്ലാത്ത ഒരു ലോകം ഇന്ന് ചിന്തിക്കാൻ പോലും ആകില്ല. ഈ കണ്ടെത്തലുകളുടെ അവകാശികള്‍ പലരാണ്. എന്നാല്‍ ഈ സാങ്കേതിക വികാസത്തില്‍ നിര്‍ണായക പങ്കുവഹിച്ച ദ് മദര്‍ ഓഫ് വൈഫൈ എന്നറിയപ്പെടുന്ന ഒരു അഭിനേത്രിയുണ്ട്. ഓസ്ട്രിയയിൽ ജനിച്ച് ഹോളിവുഡ് താരമായ ഹെഡി ലെമാർ. ബുദ്ധിയും സൗന്ദര്യവും സമന്വയിച്ച അതുല്യപ്രതിഭ.
1914 ഓസ്ട്രിയയിൽ ഒരു ജൂത കുടുംബത്തിലാണ് ഹെഡ്‌വിങ് ഏവ മരിയ എന്ന ഹെഡി ലെമാറിന്‍റെ ജനനം. അതിസുന്ദരിയായ അവൾ പല സൗന്ദര്യ മത്സരങ്ങളും വിജയിച്ച് ചലച്ചിത്രരംഗത്തെത്തി. ഏതാനും ചെക് സിനിമകളില്‍ അഭിനയിച്ച ഹെഡ്‌വിങ് ഏവ മരിയ പതിനെട്ടാം വയസ്സിൽ ഫെഡറിച്ച് മെന്‍റൽ എന്ന ആയുധ വ്യാപാരിയെ വിവാഹം ചെയ്തു. അഡോൾഫ് ഹിറ്റ്ലർ, ബെനിറ്റോ മുസോളിനി എന്നീ ഏകാധിപതികളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ആളാണ് ഫെഡറിച്ച്. ഹിറ്റ്ലറിന് കീഴിൽ ജൂത വിരോധം കടുത്തതോടെ തന്‍റെ വേരുകൾ തേടി നാസിപ്പട എത്തുമോയെന്ന് ഹെഡ്‌വിങ് ഏവ ഭയപ്പെട്ടിരുന്നു. ഇതോടെ അഭിനയ ജീവിതം വിലക്കിയ ഭർത്താവിനെ ഉപേക്ഷിച്ച് അവര്‍ പാരിസിലേക്ക് നാടുവിട്ടു. പാരിസിൽ നിന്നും ലണ്ടനിലേക്കുള്ള കപ്പൽ യാത്രാമധ്യയാണ് ഹോളിവുഡ് എംജിഎം സ്റ്റുഡിയോയുടെ പങ്കാളി ലൂയിസ് മേയറെ കാണുന്നത്. മുമ്പ് അഭിനയിച്ച എക്സ്റ്റസി എന്ന സിനിമയിലെ ഗ്ലാമറസ് രംഗങ്ങളിലൂടെ അമേരിക്കയിൽ അവർ പ്രശസ്തയായിരുന്നു. യാത്ര അവസാനിക്കുന്നതിനു മുമ്പ് എംജിഎം സ്റ്റുഡിയോസുമായി കരാർ ഉണ്ടാക്കാൻ ഹെഡ്‌വിങ് ഏവയ്ക്ക് കഴിഞ്ഞു. ലൂയിസ് മേയറാണ് ഹെഡി ലെമാറെന്ന പേര് നിർദ്ദേശിച്ചതും.
1938 ലെ അൽജീയർസ് എന്ന ചിത്രത്തിലൂടെയാണ് ഹോളിവുഡ് അരങ്ങേറ്റം. ഹെഡി ലെമാർ പ്രധാന നടിയായ ചിത്രം അമേരിക്കയിൽ വലിയ ചർച്ചാവിഷയമായി. ഒപ്പം പുതിയ അഭിനേത്രിയും. പ്രേക്ഷകർക്ക് വേരുകൾ അറിയാത്ത നിഗൂഢ സുന്ദരിയായിരുന്നു ഹെഡി. അതിനാൽ തന്നെ അവരുടെ അടുത്ത ചിത്രത്തിനായി അവർ കാത്തിരുന്നു. ഐ ടേക്ക് ദിസ് വുമൺ ആയിരുന്നു രണ്ടാമത്തെ ചിത്രം. പിന്നീട് അതീവ സുന്ദരിയായ ഹെഡി ഒരു ഗ്ലാമർ നടിയായി മാത്രം ചാപ്പ കുത്തപ്പെട്ടു. 1941 ൽ ഇറങ്ങിയ എച്ച്.എം പുൽഹം എന്ന ഡ്രാമയിൽ നായകൻ റോബർട്ട് യംങിനെക്കാളും കൂടുതൽ പ്രതിഫലം വാങ്ങിയത് ഹെഡി ആയിരുന്നു. പിന്നീട് അങ്ങോട്ടുള്ള പല ചിത്രങ്ങളിലും നായകന്മാരെക്കാൾ വിലപിടിപ്പുള്ള നടിയായി അവർ. 1945ല്‍ എംജിഎമ്മുമായുള്ള കരാര്‍ അവസാനിപ്പിച്ച് സ്വന്തമായി പ്രൊഡക്ഷൻ കമ്പനി തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. 1950ല്‍ പുറത്തിറങ്ങിയ സാംസങ് ആൻഡ് ഡിലൈല എന്നാ ബൈബിൾ പശ്ചാത്തല സിനിമയാണ് ഹെഡി ലെമാറിൻ്റെ കരിയറിലെ ഏറ്റവും വലിയ വിജയം. ആ വർഷത്തെ റെക്കോർഡ് കളക്ഷൻ നേടിയ ചിത്രം രണ്ട് ഓസ്കാറുകളും സ്വന്തമാക്കിയിരുന്നു. പിന്നീട് ടെലിവിഷൻ ഷോകളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും പതിയെ പ്രശസ്തിയുടെ കൊടുമുടിയിൽ നിന്ന് അവർ അപ്രതീക്ഷിതമായി.
ഇതിനൊക്കെ അപ്പുറം അവരുടെ സ്വകാര്യജീവിതം, അതീവ രഹസ്യാത്മമായിരുന്നു. പൊതുവേദികളിൽ ഹെഡി ലെമാർ പ്രത്യക്ഷപ്പെടുന്നത് വളരെ കുറവ്. ഹിറ്റ്ലറുടെ ജൂത വിരോധം അവരെ അലട്ടിയിരുന്നു. സിനിമ ചിത്രീകരണത്തിന് ശേഷം വസതിയിൽ മടങ്ങിയെത്തുന്നവർ മണിക്കൂറുകൾ നീന്തൽ കുളത്തിൽ മാത്രം ചെലവഴിച്ചു. ഇതിനിടെ പല വിവാഹങ്ങളിലൂടെ അവര്‍ കടന്നുപോയി. എല്ലാത്തിനും അപ്പുറം അവരെ സന്തോഷിപ്പിച്ചിരുന്നത് പല കണ്ടുപിടിത്തങ്ങൾക്കുമുള്ള ബ്ലൂ പ്രിന്‍റുകൾ നിർമിക്കുന്നതായിരുന്നു. നൂതനമായ ഒരു ട്രാഫിക് ലൈറ്റ് ടെക്നോളജി, വെള്ളത്തിൽ ഇട്ടാൽ സോഫ്റ്റ് ഡ്രിങ്കായി മാറുന്ന ഗുളിക തുടങ്ങിയവ കണ്ടെത്തി. പിന്നീടാണ് ആ പ്രധാനപ്പെട്ട കണ്ടുപിടുത്തത്തിലേക്ക് അവർ എത്തിയത്.
1930ല്‍ ഭർത്താവ് ഫ്രിറ്റ്സ് മെന്‍റലിനൊപ്പം ആയുധ വ്യാപാര ചർച്ചകളിൽ പങ്കെടുത്തതോടെയാണ്, ഹെഡിക്ക് ആയുധങ്ങളോടുള്ള താല്പര്യം വർദ്ധിക്കുന്നത്. വെള്ളത്തിലൂടെ സഞ്ചരിച്ച് കപ്പലുകൾ തകർക്കാൻ ശേഷിയുള്ള ടോർപ്പിഡോകളുടെ ശൈശവഘട്ടത്തിൽ അവയെ നിയന്ത്രിക്കാൻ റേഡിയോ ഫ്രീക്വൻസി ശാസ്ത്രം മുന്നോട്ടുവച്ചു. എന്നാൽ ശത്രുവിന് ഈ ഫ്രീക്വൻസി ജാം ചെയ്ത് ടോർപ്പിഡോകളെ വഴിതെറ്റിക്കാനാകും. ഇതോടെയാണ് ജാം ചെയ്യാനാകാത്ത സംവിധാനം വികസിപ്പിക്കണമെന്ന ചിന്ത ഹെഡിക്ക് ഉണ്ടാകുന്നത്. അങ്ങനെയാണ് ഇന്ന് ഒട്ടുമിക്ക വയര്‍ലെസ് കമ്മ്യൂണിക്കേഷനിലും ഉപയോഗിക്കുന്ന ഫ്രീക്കൻസി ഹോപ്പിങ് സപെറഡ് സ്പെക്ട്രം ടെക്നോളജി നൂതനമായി വികസിപ്പിക്കുന്നത്. മാർക്കോണി അടക്കമുള്ളവർ മുമ്പ് സമാന കണ്ടുപിടിത്തം നടത്തിയിരുന്നു എങ്കിലും, സെന്‍ററും-റിസീവറും സിക്രോണൈസ് ചെയ്ത്, തുടരെ തുടരെ ഫ്രീക്വൻസി മാറുന്ന സിഗ്നലുകളാണ് ഹെഡി വികസിപ്പിച്ചത്.
ഈ കണ്ടുപിടുത്തത്തിലേക്ക് എത്തിയ വഴിയും അതി നൂതനമായിരുന്നു. ജോർജ് ആന്‍റെയീൽ എന്ന പിയാനിസ്റ്റിന്‍റെ സഹായത്തോടെയാണ് കണ്ടുപിടുത്തം നടത്തിയത്. ജോർജ് സിങ്ക്ക്രോണൈസ് ചെയ്ത ഒട്ടേറെ പിയാനോകൾ ഒരേസമയം ഉപയോഗിച്ച സംഗീത നിശകൾ നടത്തിയിരുന്നു. ഇതേ രീതി തന്‍റെ കണ്ടുപിടുത്തത്തിലും ഉപയോഗിക്കാമെന്ന് ഹെഡി ലെമാർ മനസ്സിലാക്കി. അങ്ങനെയാണ് രണ്ടുപേരും ചേർന്ന് ഈ കണ്ടുപിടുത്തത്തിലേക്ക് എത്തുന്നത്. ഒരു പിയാനോയുടെ പ്രവർത്തനം പോലെയാണ് സിഗ്നൽ ഹോപ്പിങ് ടെക്നോളജിയെ ഹെഡി കണ്ടത്. സ്ങ്കേതിക വിദ്യ അമേരിക്കന്‍ നാവിക സേനയ്ക്ക് കൈമാറാനാണ് ആഗ്രഹിച്ചത്. എന്നാല്‍ ആയുധങ്ങള്‍ക്കൊപ്പം പിയാനോ കൊണ്ട് നടക്കണോ എന്നായിരുന്നു ഉദ്യോഗസ്ഥരുടെ പരിഹാസം. കണ്ടുപിടിത്തം അവസാനിപ്പിച്ച് യുദ്ധത്തിന് പണം സമാഹരിക്കാനുള്ള ബോണ്ടുകള്‍ വില്‍ക്കാന്‍ സൈന്യം ആശ്യപ്പെട്ടു. ഇതോടെ ബോണ്ടുകള്‍ വില്‍ക്കാനുള്ള ചടങ്ങുകളില്‍ പങ്കെടുത്തു. അതിനിടെ കണ്ടുപിടുത്തത്തിന്‍റെ പേറ്റന്‍റ് നേവിക്ക് കൈമാറിയിരുന്നു.
ജീവിതകാലത്ത് ഹെഡിയുടെ കണ്ടുപിടുത്തത്തിന് വേണ്ടത്ര അംഗീകാരം ലഭിച്ചിരുന്നില്ല. അവസാനകാലത്ത് ഒരു ടെലിഫോണ്‍ മാത്രമാണ് അവരെ ലോകത്തോട് ബന്ധിപ്പിച്ചിരുന്നത്. 2000 ജനുവരി 19ന് 85ാം വയസില്‍ അതികം ആരും അറിയാത അവര്‍ മരിച്ചു. പിന്നീടാണ് അവരെ ലോകം അംഗീകരിച്ചത്. നിലവിലെ എല്ലാ വയര്‍ലെസ് ടെക്നോളജികളുടെയും അടിസ്ഥാനം അവരുടെ കണ്ടുപിടുത്തമാണ്. 2014ല്‍ ഫ്രീക്കൻസി ഹോപ്പിങ് സെപെറഡ് സ്പെക്ട്രം ടെക്നോളജിയിലുള്ള അവരുടെ സംഭാവന കണക്കിലെടുത്ത് നാഷ്ണല്‍ ഇന്‍വെന്‍റേഴ്സ് ഹാള്‍ ഓഫ് ഫെയിമില്‍ അവരെ ഉള്‍പ്പെടുത്തി. 2013ല്‍ വിയന്ന യൂണിവേഴ്സിറ്റിയുടെ ക്വാണ്ടം ടെലിസ്കോപ്പിനും, 2019ല്‍ ഒരു ചിന്നഗ്രഹത്തിനും ഹെഡിയുടെ പേര് നല്‍കി ആദരിച്ചു.
സാങ്കേതിക മേഖലയിലെ മനുഷ്യ മുന്നേറ്റത്തില്‍ വയര്‍ലെസ് ടെക്നോളജിയുടെ പങ്ക് വിസ്മരിക്കാനാകാത്തതാണ്. അത്രത്തോളം തന്നെ ഈ പ്രതിഭയോടും നമ്മള്‍ കടപെടേണ്ടിയിരിക്കുന്നു.