വാട്സ് ആപ്പില്‍ കൂടുതല്‍ ചാറ്റ് ഫില്‍റ്ററുകള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്പ്. ഉപഭോക്താക്കള്‍ക്ക് മെസേജുകള്‍ എളുപ്പത്തില്‍ കണ്ടെത്താനായാണ് ചാറ്റ് ഫില്‍റ്ററുകള്‍ കൊണ്ടുവരുന്നത്. ഇതോടെ ഇപ്പോള്‍ വാട്സ് ആപ്പിലുള്ള ചാറ്റ് ഫില്‍റ്ററുകളായ വായിക്കാത്തവ, ഗ്രൂപ്പുകള്‍ എന്നിവയ്ക്ക് പുറമെ കുറച്ചുകൂടെ ഓപ്ഷന്‍സ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും
വാട്സ് ആപ്പില്‍ വരുന്ന മെസേജുകള്‍ ഉപഭോക്താക്കള്‍ക്ക് സുഹൃത്തുക്കൾ, സഹപ്രവർത്തകർ, പരിചയക്കാർ തുടങ്ങി പല വിഭാഗങ്ങളിലായി തരംതിരിക്കാന്‍ സാധിക്കും. വാട്ട്സ് ആപ്പിൽ പുതിയ ലിസ്റ്റുകൾ സൃഷ്ടിക്കാന്‍ ചാറ്റ് ടാബിന്റെ മുകളിൽ ഫിൽട്ടർ ബാറിലെ '+' ബട്ടണില്‍ അമര്‍ത്തിയാല്‍ മതി.
'ഫേവറിറ്റുകൾ' എന്ന സവിശേഷതയുപയോഗിച്ച്, ഉപഭോക്താക്കൾക്ക് ഗ്രൂപ്പുകളും പേഴ്സണല്‍ ചാറ്റുകളും ഒരു ലിസ്റ്റിലേക്ക് ചേർക്കാം, ഉപഭോക്താവിന്റെ എല്ലാ ലിസ്റ്റുകളും ഫിൽറ്റർ ബാറിൽ കാണാന്‍ സാധിക്കും. ഐഒഎസ്, ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഈ അപ്ഡേറ്റ് ലഭിക്കാന്‍ കുറച്ചു സമയമെടുക്കും. വാട്സാപ്പ് മെസഞ്ചർ ആപ്പിൽ URL വെരിഫിക്കേഷൻ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്നു. ഒരു URL വാട്ട്സ്ആപ്പ് ഇൻബോക്സിലേക്ക് ഫോർവേഡ് ചെയ്യപ്പെടുമ്പോൾ, ഉപയോക്താവിന് Google സർച്ച് വഴിയാണ് ലിങ്കിന്റെ വിവരം ലഭ്യമാക്കുക. URL ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഈ ഓപ്ഷൻ ലഭിക്കുന്നു. ഇതുവഴി, ഉപഭോക്താക്കൾക്ക് URL ലിങ്ക് സുരക്ഷിതമാണോ അല്ലയോ എന്ന് മനസ്സിലാക്കാൻ കഴിയും.