ദിനംപ്രതി അറിയാത്ത നമ്പറുകളില്‍ നിന്നും അനേകം ഫോണ്‍കോളുകളാണ് നമ്മള്‍ ഓരോരുത്തര്‍ക്കും വരുന്നത്. അതില്‍ തട്ടിപ്പുകാരുടെ ഫോണ്‍ കോളേതാണ് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത സാഹചര്യം. ചുറ്റും ഡിജിറ്റല്‍ അറസ്റ്റിന്‍റേയും മറ്റ് സൈബര്‍ തട്ടിപ്പുകളുടെയും വാര്‍ത്തകള്‍. ഈ അവസ്ഥയില്‍ വരുന്ന ഫോണ്‍കോള്‍ തട്ടിപ്പുകാരുടേതാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ നമുക്ക് സാധിച്ചാലോ ? അതിനുള്ള എളുപ്പവഴിയിതാ..
രാജ്യത്ത് സൈബര്‍ സാമ്പത്തികത്തട്ടിപ്പുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതലെടുത്തിരിക്കുകയാണ് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ അഥവാ ഐ 4 സി. തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളും സോഷ്യൽമീഡിയ അക്കൗണ്ടുകളും പൊതുജനങ്ങള്‍ക്ക് ഇനി നേരിട്ടു പരിശോധിച്ച് തിരിച്ചറിയാന്‍ സാധിക്കും.തട്ടിപ്പുകാരുടേതാണോ എന്ന് സംശയമുള്ള ഫോണ്‍ നമ്പറുകള്‍, സോഷ്യൽമീഡിയ അക്കൗണ്ടുകള്‍, ഇ-മെയില്‍ എന്നിവ www. cybercrime.gov.in എന്ന വെബ്‌സൈറ്റിലൂടെ പരിശോധിക്കാം. തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റ് വിലാസം, വാട്‌സാപ്പ് നമ്പര്‍, ടെലിഗ്രാം ഹാന്‍ഡില്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, സോഷ്യൽമീഡിയ അക്കൗണ്ടുകൾ എന്‍റര്‍ ചെയ്താല്‍ അവരുടെ പേരില്‍ ഏതെങ്കിലും ക്രിമിനല്‍ റെക്കോര്‍ഡ് ഉണ്ടോ എന്ന് പരിശോധിക്കാനാകും. ഡിജിറ്റല്‍ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണിതെങ്കില്‍ നമുക്ക് മുന്നറിയിപ്പും ലഭിക്കും
വിവിധ സംസ്ഥാന പൊലീസ് സംവിധാനങ്ങളിൽ നിന്നുള്ള വിവരങ്ങളുടെയും അന്വേഷണസംഘങ്ങള്‍ നല്‍കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ പരിശോധന നടക്കുക.