google-chrome

TOPICS COVERED

ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഇല്ലാത്ത ഗൂഗിളിനെക്കുറിച്ച് ചിന്തിച്ചുനോക്കിയിട്ടുണ്ടോ?  അതെ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുടെ ഇഷ്ട ബ്രൗസറായ ഗൂഗിള്‍ ക്രോം ബ്രൗസര്‍ വില്‍ക്കാന്‍ ഗൂഗിള്‍ നിര്‍ബന്ധിതനാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സംഭവത്തിനു പിന്നില്‍ അമേരിക്കയാണ്. ഗൂഗിളിന്‍റെ മാതൃകമ്പനിയായആല്‍ഫബെറ്റിനോടാണ് അമേരിക്ക നിരന്തരമായി ഈ ആവശ്യം ഉന്നയിക്കുന്നത്.

ക്രോം ബ്രൗസർ, ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം പോലുള്ളവ വിൽക്കാനായി ഗൂഗിളിനെ നിർബന്ധിക്കാൻ ജഡ്ജിയോട് അമേരിക്ക ആവശ്യപ്പെട്ടേക്കാമെന്നാണ് പുതിയ റിപ്പോർട്ട്. ഓൺലൈൻ സേർച്ചിൽ നിയമവിരുദ്ധമായ കുത്തക നിലനിർത്താൻ ഉപയോഗിക്കുന്നുവെന്ന സുപ്രധാന കേസുമായി ബന്ധപ്പെട്ടാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്.അമേരിക്കയിലെ ഇന്‍റര്‍നെറ്റ് സേര്‍ച്ചുകളുടെ  90 ശതമാനവും പ്രോസസ്സ് ചെയ്യുന്ന ഗൂഗിൾ നിയമവിരുദ്ധമായി കുത്തക കൈകാര്യം ചെയ്യുന്നതായി ഓഗസ്റ്റിൽ ജഡ്ജി കണ്ടെത്തിയിരുന്നു. 

Also Read:യൂസേഴ്സേ ശ്രദ്ധിക്ക്; തട്ടിപ്പില്‍ നിന്ന് രക്ഷനേടാന്‍ ഗൂഗിളിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതാ

ഗൂഗിളിന്‍റെ വരുമാനം ചുരുക്കി എതിരാളികൾക്ക് വളരാൻ കൂടുതൽ ഇടം നൽകുകയും ചെയ്യുമ്പോൾ അമേരിക്കക്കാർ ഇന്‍റര്‍നെറ്റില്‍ വിവരങ്ങൾ കണ്ടെത്തുന്നത് എങ്ങനെയെന്ന് പുനർരൂപകൽപ്പന ചെയ്യാൻ നീതിന്യായ വകുപ്പ് നിർദ്ദേശിച്ച പ്രതിവിധികൾക്ക് കഴിവുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റവും ലക്ഷ്യമിട്ടുള്ള അധിക നടപടികളും വകുപ്പ് നിര്‍ദ്ദേശിച്ചേക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിന് പുറമെ ഗൂഗിളിനു മേല്‍ ഡാറ്റ ലൈസന്‍സിംഗ്  ചുമത്തുന്ന കാര്യവും ജഡ്ജി അമിത് മേത്ത പരിഗണിച്ചേക്കാം. നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ ഗൂഗിളിനെതിരെയുള്ള ഏറ്റവും വലിയ നിയമനടപടിയായി ഇത് അടയാളപ്പെട്ടേക്കാം. എന്നാൽ ബ്ലൂം ബർഗിൻ്റെ ഈ റിപ്പോർട്ടിനോട് പ്രതികരിക്കാൻ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് തയ്യാറായിട്ടില്ല.

ലോകത്തിലെ പ്രധാന സെര്‍ച്ച് എഞ്ചിനായി മാറാന്‍ നിയമവിരുദ്ധമായും അനധികൃതമായും കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ച് ഗൂഗിള്‍ ആന്‍റിട്രസ്റ്റ് നിയമം ലംഘിച്ചുവെന്ന് യുഎസ് ജില്ലാ ജഡ്ജി. അമിത് മേത്തയാണ് കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി മാറാനാണ് നിയമവിരുദ്ധമായി ഇത്തരത്തില്‍ മത്സരം നടക്കുന്നതെന്നും അദ്ദേഹം കണ്ടെത്തി. സേര്‍ച്ച് എന്‍ജിനുകളില്‍ മാര്‍ക്കറ്റിന്റെ 89.2% വിഹിതവും ഗൂഗിളിനാണ്. മൊബൈല്‍ ഉപകരണങ്ങളില്‍ 94.9% ആയി ഇത് വര്‍ദ്ധിച്ചിട്ടുണ്ടെന്നും വിധിയില്‍ ചൂണ്ടിക്കാണിച്ചു. ഗൂഗിളിന്‍റെ സെര്‍ച്ച് എഞ്ചിന്‍ ലോകമെമ്പാടും പ്രതിദിനം 8.5 ബില്യണ്‍ സേര്‍ച്ചുകളാണ് പ്രൊസസ്സ് ചെയ്യുന്നത്. ഇത് 12 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഇരട്ടിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഗൂഗിളിന് ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്നത് ഗൂഗിള്‍ ക്രോമില്‍ നിന്നാണെന്നിരിക്കെ  അമേരിക്കയുടെ ഇത്തരത്തിലുള്ള ഈ നടപടി ഗൂഗിള്‍ ക്രോമിന്‍റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മത്സരാധിഷ്ഠിത വിപണി വളര്‍ത്തിയെടുക്കാന്‍ സഹായിച്ചാല്‍ ക്രോമിന്‍റെ പ്രവര്‍ത്തനം നിലനിര്‍ത്തുന്നതില്‍ പുനരാലോചന നടത്താമെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. ഗൂഗിള്‍ എങ്ങനെ ബിസിനസ്സ് ചെയ്യുന്നു എന്നതില്‍ ആഴത്തിലുള്ള മാറ്റങ്ങള്‍ വരുത്തണമെന്ന് തങ്ങള്‍ ആവശ്യപ്പെടുമെന്ന് ഒക്ടോബറില്‍ ജസ്റ്റിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

ENGLISH SUMMARY:

us justice department asks google to sell off chrome browser