മനുഷ്യരാശിയിൽ ഏറ്റവും സുപ്രധാന കണ്ടുപിടുത്തമായിരുന്നു ചക്രങ്ങളുടേത്. അന്നുമുതൽ ലോകക്രമത്തിന് വേഗം ദിനംപ്രതി വർദ്ധിക്കുകയാണ്. ഇന്ന് ചക്രങ്ങൾ കരുത്തേകുന്ന റോഡ്, റെയില്‍ ഗതാഗത മാർഗങ്ങൾക്കപ്പുറം വ്യോമ,ജല ഗാതാഗത മാര്‍ഗങ്ങളും നമ്മുക്ക് സുപരിചിതമാണ്. എന്നാല്‍ ഇവയിലോന്നും ഉള്‍പ്പെടാത്ത ഒരു പുത്തന്‍ യാത്രാ മാർഗത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ലോകം. ഹൈപ്പര്‍ ലൂപ്പ്. മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വരെ വേഗതയില്‍ യാത്ര സാധ്യമാകുന്ന പുത്തന്‍ രീതി. ഇലോൺ മസ്ക് അവതരിപ്പിച്ച ആശയത്തെ അടിസ്ഥാനമാക്കി ഏഷ്യയിലെ ആദ്യത്തെ ടെസ്റ്റ് ഫെസിലിറ്റി സെന്‍റര്‍ സ്ഥാപിച്ചിരിക്കുകയാണ് ഐ.ഐ.ടി മദ്രാസ്.
ഐഐടി മദ്രാസ് സ്ഥാപിച്ച ടെസ്റ്റിങ് ഫെസിലിറ്റിയുടെ വിവരങ്ങൾ കഴിഞ്ഞദിവസം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് എക്സിലൂടെ പുറത്തുവിട്ടത്. നിലവിൽ 410 മീറ്റർ നീളമുള്ള വാക്യൂ ട്യൂബാണ് നിർമ്മിച്ചത്. വൈകാതെ 11.5 കിലോമീറ്ററായും പിന്നീട് 100 കിലോമീറ്ററായും വർദ്ധിപ്പിക്കും. മണിക്കൂറില്‍1200 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ആകുന്ന ഹൈപ്പർ ലൂപ്പ്, യാത്രക്കാരുമായി 310 കിലോമീറ്റർ വേഗത്തിലായിരിക്കും സഞ്ചരിക്കുക.
Also Read; 15 മിനിറ്റ്; കുളിപ്പിച്ച് കുട്ടപ്പനാക്കിത്തരും ഈ ഹ്യൂമന്‍ വാഷിങ് മെഷീന്‍
എന്താണ് ഹൈപ്പർ ലൂപ്പ്
ഭൂമിക്കടിയിലോ മുകളിലോ ഒരുക്കുന്ന പ്രത്യേക അന്തരീക്ഷം ഉള്‍ക്കൊള്ളുന്ന ട്യൂബാണ് ഹൈപ്പര്‍ ലൂപ്പ്. ഇതിലൂടെയായിരിക്കും യാത്രക്കാരിരിക്കുന്ന വാഹനം മുന്നോട്ട് ചലിക്കുക. ഈ മാര്‍ഗ്ഗത്തിലൂടെ മണിക്കൂറില്‍ 1,200 കിലോമീറ്റര്‍ അഥായത് 745MPH വേഗതയില്‍ യാത്ര സാധ്യമാകും. 2013ല്‍ ഈലോൺ മാസ്‌കാണ് ഈ ആശയം അവതരിപ്പിച്ചത്.
പ്രവര്‍ത്തനം എങ്ങനെ?
ട്യൂബിനകത്ത് മര്‍ദ്ദം കുറഞ്ഞ വായു മാത്രമായിരിക്കും ഉണ്ടായിരിക്കുക. ക്യാപ്‌സ്യൂളിനെ മുന്നോട്ട് ചലിപ്പിക്കുന്നത് രണ്ട് ഇലക്ട്രോമാഗ്നെറ്റിക് മോട്ടോറുകളാണ്. ഇതിലൂടെ മാഗ്നെറ്റിക് ഫീല്‍ഡിന് കീഴ്പ്പെട്ട് കാപ്സ്യൂള്‍ ട്യൂബിന്‍റെ ഭിത്തികളില്‍ തൊടാതെ ഒഴുകി നില്‍ക്കും. മര്‍ദ്ദം കുറവായതിനാല്‍ ഘര്‍ഷണം ഇല്ലാതെ ക്യാപ്‌സ്യൂള്‍ വേഗത്തില്‍ ചലിക്കും. മര്‍ദ്ദം കുറഞ്ഞ വായുവിനെ വകഞ്ഞ് മാറ്റുന്ന ക്യാപ്‌സ്യൂളിന്‍റെ എയറോഡൈനാമിക്ക് രൂപവും വേഗം വര്‍ദ്ധിപ്പിക്കും.
കാലാവസ്ഥയെയും ഭൂമികുലുക്കത്തേയും പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയിലാണ് ട്യൂബ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ക്യാപ്‌സ്യൂളുകള്‍ക്കായി പ്രത്യേക ട്രാക് ഇല്ലാത്തതിനാല്‍ ട്യൂബിന്റെ ഭാഗങ്ങള്‍ ട്രെയ്ന്‍ വളയ്ക്കുന്നതിന് അനുസരിച്ച് ചലിപ്പിക്കാം. സിസ്റ്റത്തിന് ആവശ്യമായ ഊര്‍ജം ടണിന്‍റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സൗരോര്‍ജ പാനുലുകളില്‍ നിന്നും ലഭിക്കുന്ന രീതിയിൽ ആണ് രൂപകൽപ്പന.
ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍
കാര്യങ്ങളെല്ലാം ശരിയായ രീതിയില്‍ ആവുകയാണെങ്കില്‍ മുബൈ–പൂനെ റൂട്ടിലായിരിക്കും പദ്ധതി ആദ്യമായി നടപ്പാകുക. 25 മിനിറ്റുകൊണ്ട് രണ്ട് നഗരങ്ങള്‍ക്കിടയില്‍ യാത്ര സാധ്യമാകും. ചെന്നൈ ഹൈദരാബാദ് ആടക്കമുള്ള റൂട്ടുകളിലും പരിഗണനയിലുണ്ട്. യാഥാര്‍ത്യമായാല്‍ അഞ്ച് മിനുട്ട് കൊണ്ട് 35 കിലോമീറ്റര്‍ പിന്നിടാന്‍ കഴിയും. പദ്ധതിയുടെ ചെലവ് എത്രയാകുമെന്നതില്‍ വ്യക്തത വന്നിട്ടില്ല.
ആർസിലർ മെറ്റൽ നിപ്പോൺ ഇന്ത്യയും, ഐഐടി മദ്രാസിലെ വിദ്യാർഥി കൂട്ടമായ ആവിഷ്കാർ, ടൂർടൂർ സ്റ്റാർട്ടപ്പും ചേർന്നാണ് ട്യൂബ് നിർമ്മിച്ചത്. റെയിൽവേ മന്ത്രാലയമാണ് സാമ്പത്തിക സഹായം നൽകുന്നത്. 400 മീറ്റർ വാക്യൂം ട്യൂബ് നിർമിക്കാൻ 400 ടൺ സ്റ്റീൽ ആണ് ഉപയോഗിച്ചത്. 100 ഓളം വിദ്യാര്‍ഥികളാണ് പദ്ധതിയുടെ ഭാഗമാകുന്നത്.
ലോക ക്രമം നിര്‍ണയിക്കുന്നതില്‍ വലിയ പങ്കാണ് ഗതാഗത മാര്‍ഗങ്ങള്‍ ചരിത്രത്തിലുടനീളം സ്വീകരിച്ചിട്ടുള്ളത്. സുരക്ഷക്കും വേഗത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയുള്ള പുത്തന്‍ മാര്‍ഗങ്ങള്‍ നാളെകളെ എങ്ങനെ സ്വാധീനക്കുമെന്നറിയാന്‍ കാത്തിരിക്കാം.