ഫ്ലിപ്പ്കാര്‍ട്ടില്‍ പ്രോഡക്ട് ഓര്‍ഡര്‍ ചെയ്ത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഉടന്‍ കാന്‍സല്‍ ചെയ്യുന്നവരാണ് നമ്മള്‍. എന്നാല്‍ ആ പരിപാടി ഇനി നടക്കില്ല. ഒരു നിശ്ചിത സമയത്തിന് ശേഷം ഓര്‍ഡര്‍ ചെയ്ത പ്രോഡക്ട് കാന്‍സല്‍ ചെയ്യാനും ഫ്ലിപ്പ്കാര്‍ട്ടിന് നമ്മള്‍ പൈസ കൊടുക്കേണ്ടതായി വരും.
കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാല്‍ പ്രോഡക്ട് കൈയില്‍ എത്തുന്ന വരെ കാന്‍സല്‍ ചെയ്യാനുള്ള സൗകര്യം ഫ്ലിപ്കാര്‍ട്ട് അങ്ങ് എടുത്തുകളഞ്ഞു. ഇനി പ്രോഡക്ട് ഓര്‍ഡര്‍ ചെയ്താല്‍ ഫ്ലിപ്പ്കാര്‍ട്ട് ഒരു സമയം പറയും ആ സമയത്തിനുള്ളില്‍ മാത്രമേ ഓര്‍ഡര്‍ ചെയ്ത് പ്രോഡക്ട് കാന്‍സല്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ.കാന്‍സല്‍ ചെയ്യാന്‍ ഫ്ലിപ്പ്കാര്‍ട്ട് അനുവദിച്ച സമയം കഴിഞ്ഞാലുടന്‍ ചില പ്രോഡക്ടുകള്‍ക്ക് കാന്‍സലേഷന്‍ ചാര്‍ജും ഈടാക്കും. 20 രൂപയാണ് കാൻസലേഷൻ ഫീസായി നല്‍കേണ്ടി വരിക.
ഓര്‍ഡര്‍ പ്രോസസ് ചെയ്യുന്നതിന്‍റെ ചെലവുകള്‍, സമയം, പ്രയത്നം എന്നിവയ്ക്ക് സെല്ലേഴ്സിനും പാര്‍ട്ണേഴ്സിനും നഷ്ടപരിഹാരം നല്‍കാന്‍ ഫ്ലിപ്പ്കാര്‍ട്ടിന് ബാധ്യതയുണ്ട്. അതിനാലാണ് ഈ പുതിയ മാറ്റം കൊണ്ടുവരുന്നത്. ഫ്ലിപ്പ്കാര്‍ട്ട് മാത്രമല്ല ഇത്തരത്തിൽ മിന്ത്രയും ഉടൻ തന്നെ കാൻസലേഷൻ ചാര്‍ജ് ഈടാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മാറ്റം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, തട്ടിപ്പ് തടയുന്നതിനും പ്ലാറ്റ്‌ഫോമിലെ വിൽപ്പനക്കാരുടെ നഷ്ടം കുറയ്ക്കുന്നതിനുമാണ് പുതിയ നിയമങ്ങൾ എന്നാണ് ഫ്ലിപ്പ്കാര്‍ട്ടിന്‍റെ വാദം.
ഫ്ലിപ്കാർട്ടിന്റെ ഈ പുതിയ തീരുമാനത്തെക്കുറിച്ചും പ്രോഡക്ട് റിട്ടേണിലോ ചേഞ്ചിലോ കൊണ്ടുവന്ന മാറ്റങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. ഓര്‍ഡര്‍ ചെയ്യുന്ന പ്രോഡക്ടിന്‍റെ വലിപ്പമോ മറ്റ് അനുബന്ധ ഘടകങ്ങളോ അനുസരിച്ച് കാന്‍സലേഷന്‍ ഫീസില്‍ വ്യത്യാസം വരുമോയെന്നാണ് ഉപഭോക്താക്കളുടെ പ്രധാന സശയം. ഈ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഫ്ലിപ്കാർട്ട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പക്ഷേ കൂടുതൽ വിവരങ്ങൾ കമ്പനി ഉടൻ പുറത്തുവിടും എന്ന് പ്രതീക്ഷിക്കുന്നു.