വാട്സാപ്പില്‍ ഇനി കാമറ ഓണാക്കാതെ വിഡിയോ കോള്‍ അറ്റന്‍ഡ് ചെയ്യാം. സാധാരണയായി ഒരു വിഡിയോ കോൾ വന്നാൽ, വാട്സാപ്പിലെ ഫ്രണ്ട് ക്യാമറ താനെ ഓണ്‍ ആവകുയും കോള്‍ ചെയ്യുന്നയാള്‍ക്ക് നിങ്ങളുടെ മുഖം കാണാന്‍ കഴിയുകയും ചെയ്യും. ഈയൊരു സംവിധാനം മൊത്തത്തില്‍ പൊളിച്ചെഴുതാനൊരുങ്ങുകയാണ് വാട്സാപ്.ഇനി ഉപഭോക്താവിന്‍റെ അനുവാദമുണ്ടെങ്കില്‍ മാത്രമേ വിളിക്കുന്നയാള്‍ക്ക് അപ്പുറത്തുള്ള വ്യക്തിയുടെ മുഖം കാണാന്‍ കഴിയുകയുള്ളൂ. വാട്സാപ് സ്വയം കാമറ ഓണാക്കുന്നത് ചിലരെയെങ്കിലും ബുദ്ധിമുട്ടിക്കാറുണ്ട്. ഈ വലിയ പ്രശ്നത്തിന് പരിഹാരമായാണ് പുതിയ ഫീച്ചര്‍ പുറത്തിറക്കുന്നത്.
ഏറ്റവും പുതിയ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിൽ ഈ പുതിയ ഫീച്ചര്‍ വന്നേക്കാമെന്ന് ആന്‍ഡ്രോയിഡ് അതോറിറ്റി റിപ്പോർട്ട് ചെയ്യുന്നു. ഇനി മുതൽ വിഡിയോ കോൾ വരുമ്പോൾ, ഉപഭോക്താക്കൾക്ക് ടേണ്‍ ഓഫ് യുവര്‍ വിഡിയോ എന്നൊരു ബട്ടൺ കാണാനാകുമെന്ന് കരുതുന്നു. ഇതിൽ തൊട്ടാല്‍ ക്യാമറ ഓഫ് ആവുകയും കോൾ വെറും ഓഡിയോ മോഡിൽ മാത്രമായി സ്വീകരിക്കാനും സാധിക്കും. കൂടാതെ, ക്യാമറ ഓഫാക്കുമ്പോൾ ആക്സെപ്റ്റ് വിത്തൗട്ട് വിഡിയോ എന്നൊരു ബട്ടണും കൂടെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇത് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അവരുടെ മുഖം കാണിക്കാതെ തന്നെ കോൾ എടുക്കാമെന്നത് വ്യക്തമാണ്.
പുതിയ ഈ ഫീച്ചർ എല്ലാവർക്കും ഉപയോഗപ്രദമാകില്ലെങ്കിലും, ചില പ്രത്യേക സാഹചര്യങ്ങളിൽ ഇത് വളരെ പ്രയോജനപ്രദമായേക്കാം. പ്രത്യേകിച്ച്, സെക്സ്റ്റോർഷൻ (sextortion) തട്ടിപ്പുകൾക്കെതിരെ ഒരു പ്രതിരോധമായി ഇത് പ്രവർത്തിക്കുമെന്ന് കരുതപ്പെടുന്നു. ഇന്ത്യയിൽ വാട്സാപ്പ് വിഡിയോ കോൾ ഫീച്ചർ ദുരുപയോഗം ചെയ്തുകൊണ്ട് ചില തട്ടിപ്പുകാർ അനാവശ്യമായ കോളുകൾ ആരംഭിക്കുകയും, അതിൽ നിന്ന് സ്ക്രീൻ ഷോട്ടുകൾ എടുക്കുകയും, തുടർന്ന് അത് ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തുകയും പണമടയ്ക്കാൻ നിർബന്ധിപ്പിക്കുകയും ചെയ്യുന്ന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, പുതിയ ഈ സുരക്ഷാ സൗകര്യം ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും മെറ്റ ഔദ്യോഗികമായി എപ്പോൾ ഈ ഫീച്ചര്‍ പുറത്തിറക്കുമെന്നത് വ്യക്തമല്ല, പക്ഷേ അതിന്‍റെ ഫീച്ചറിന്‍റെ സ്വീകാര്യത കണക്കിലെടുത്ത് അധികം വൈകാതെ തന്നെ ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.