പ്രസിദ്ധമായ മെസ്സേജിങ് ആപ്പായ വാട്ട്‌സാപ്പ് പുതിയൊരു ഫീച്ചർ പരീക്ഷിക്കുകയാണ്. ഒരു പ്രത്യേക സന്ദേശത്തിന് ലഭിക്കുന്ന മറുപടികൾ ത്രെഡായി കൂട്ടിച്ചേർക്കുന്നതിനാണ് ഈ മാറ്റം. ഇതിലൂടെ ഉപയോക്താക്കൾക്ക് ചാറ്റുകൾ പിന്തുടരാൻ കൂടുതൽ എളുപ്പമാകും. WABetaInfo എന്ന വെബ്സൈറ്റാണ് ഈ അപ്ഡേറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.ഇപ്പോൾ ഇത് വികസന ഘട്ടത്തിലാണെന്നും അടുത്ത അപ്‌ഡേറ്റ് വരുന്നതുവരെ പരീക്ഷിക്കാനാകില്ലെന്നുമാണ് റിപ്പോർട്ടുകള്‍. വ്യക്തിഗത ചാറ്റുകൾ, കമ്മ്യൂണിറ്റികൾ, ചാനലുകൾ, ഗ്രൂപ്പുകൾ എന്നിവയിലും ഈ പുതിയ ത്രെഡ് ഫീച്ചർ ലഭ്യമാകും. പ്രത്യേകിച്ച്, ചാനലുകളിൽ സന്ദേശങ്ങൾക്ക് മറുപടി നൽകാനുള്ള സൗകര്യം ഇപ്പോൾ വികസിപ്പിച്ചു കൊണ്ടിരിയ്ക്കുകയാണ്.
ഒരു സന്ദേശത്തിന് മറുപടി നൽകിയാൽ, അതുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും ഒരുമിച്ച് ത്രെഡിൽ കാണാനാകുമെന്നതാണ് പ്രധാന സൗകര്യം.ഗ്രൂപ്പ് ചാറ്റുകളിൽ തിരക്കേറിയ ചര്‍ച്ചകൾ നടക്കുമ്പോൾ, ഈ ഫീച്ചർ ഉപയോഗിച്ച് അതിനോട് ബന്ധപ്പെട്ട എല്ലാ സന്ദേശങ്ങളും എളുപ്പത്തിൽ കണ്ടെത്താം. പലരും ഒരേ സന്ദേശത്തിന് മറുപടി നൽകുമ്പോൾ ഉണ്ടാകുന്ന ആശയക്കുഴപ്പം കുറയ്ക്കാനും ഇത് സഹായിക്കും.
വിഡിയോ കോളുകളില്‍ സ്വകാര്യത ഉറപ്പാക്കാനായി പുതിയ ഫീച്ചര്‍ പുറത്തിറക്കാനൊരുങ്ങുകയാണ് വാട്സാപ്. സാധാരണയായി ഒരു വിഡിയോ കോൾ വന്നാൽ, വാട്സാപ്പിലെ ഫ്രണ്ട് ക്യാമറ താനെ ഓണ്‍ ആവകുയും കോള്‍ ചെയ്യുന്നയാള്‍ക്ക് നിങ്ങളുടെ മുഖം കാണാന്‍ കഴിയുകയും ചെയ്യും. ഇനി ഉപഭോക്താവിന്‍റെ അനുവാദമുണ്ടെങ്കില്‍ മാത്രമേ വിളിക്കുന്നയാള്‍ക്ക് അപ്പുറത്തുള്ള വ്യക്തിയുടെ മുഖം കാണാന്‍ കഴിയുകയുള്ളൂ. വാട്സാപ് സ്വയം കാമറ ഓണാക്കുന്നത് ചിലരെയെങ്കിലും ബുദ്ധിമുട്ടിക്കാറുണ്ട്.
പുതിയ ഈ ഫീച്ചർ എല്ലാവർക്കും ഉപയോഗപ്രദമാകില്ലെങ്കിലും, ചില പ്രത്യേക സാഹചര്യങ്ങളിൽ ഇത് വളരെ പ്രയോജനപ്രദമായേക്കാം. പ്രത്യേകിച്ച്, സെക്സ്റ്റോർഷൻ (sextortion) തട്ടിപ്പുകൾക്കെതിരെ ഒരു പ്രതിരോധമായി ഇത് പ്രവർത്തിക്കുമെന്ന് കരുതപ്പെടുന്നു. ഇന്ത്യയിൽ വാട്സാപ്പ് വിഡിയോ കോൾ ഫീച്ചർ ദുരുപയോഗം ചെയ്തുകൊണ്ട് ചില തട്ടിപ്പുകാർ അനാവശ്യമായ കോളുകൾ ആരംഭിക്കുകയും, അതിൽ നിന്ന് സ്ക്രീൻ ഷോട്ടുകൾ എടുക്കുകയും, തുടർന്ന് അത് ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തുകയും പണമടയ്ക്കാൻ നിർബന്ധിപ്പിക്കുകയും ചെയ്യുന്ന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, പുതിയ ഈ സുരക്ഷാ സൗകര്യം ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ.