Screen grab image

Screen grab image

അവയവമാറ്റ ശസ്ത്രക്രിയയകള്‍ ഇന്ന് വൈദ്യശാസ്ത്ര രംഗത്ത് സാധാരണമാണ്. എന്നാല്‍ എപ്പോളെങ്കിലും ഒരാളുടെ തലമാറ്റിവയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ആശയം ഒരു ഹോളീവുഡ് സിനിമപോലെയോ സയൻസ് ഫിക്ഷൻ പോലെയോ തോന്നിയേക്കാമെങ്കിലും ഇതിനായുള്ള ഗവേഷണങ്ങള്‍ നടന്നുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ ഒരു ശരീരത്തില്‍ നിന്ന് തല വേര്‍പെടുത്തിയെടുത്ത് മറ്റൊരു ശരീരത്തില്‍ വച്ചുപിടിപ്പിക്കുന്ന എഐ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പൂര്‍ണ രഹസ്യാത്മകമായി പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ ന്യൂറോ സയന്‍സ് ആന്‍ഡ് ബയോമെഡിക്കല്‍ എന്‍ജിനീയറിങ് സ്റ്റാര്‍ട്ടപ്പായ ബ്രെയിന്‍ ബ്രിജ് എന്ന കമ്പനിയാണ് ഇത്തരത്തില്‍ തല മാറ്റിവയ്ക്കുന്ന സാങ്കേതികവിദ്യയില്‍ ഗവേഷണം നടത്തുന്നത്. തങ്ങള്‍‌ എന്താണ് ചെയ്യുന്നതെന്ന് ലോകം അറിയണം, മനസിലാക്കണം എന്ന ലക്ഷ്യത്തോടെ കമ്പനി പങ്കുവച്ച വിഡിയോയാണ് സോഷ്യല്‍ മീഡിയയെ ചൂട് പിടിപ്പിക്കുന്നത്. രണ്ട് ഓട്ടണോമസ് സര്‍ജിക്കല്‍ റോബോട്ടുകള്‍ ഒരേസമയം രണ്ട് റൊബോട്ടിക് ശരീരങ്ങളില്‍ ശസ്ത്രക്രിയ ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍. ദാതാവിന്‍റെയും സ്വീകര്‍ത്താവിന്‍റെയും തലകള്‍ ഒരേസമയം നീക്കം ചെയ്യുന്നു. തുടർന്ന് ദാതാവിന്‍റെ തല സ്വീകര്‍ത്താവിന്‍റെ ശരീരത്തില്‍ തടസമില്ലാതെ വച്ചുപിടിപ്പിക്കുന്നു. സുഷുമ്നാ നാഡി, ഞരമ്പുകൾ, രക്തക്കുഴലുകൾ എന്നിവയെല്ലാം കൃത്യമായ പുനഃസംയോജിപ്പിക്കുകയും ചെയ്യുന്നു

റിയല്‍ ടൈം മോളിക്യുലാർ-ലെവൽ ഇമേജിംഗ്, എഐ എന്നീ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പുതിയ സംവിധാനം വികസിപ്പിക്കാന്‍ ആകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നിലവില്‍ പൂര്‍ണ ചികില്‍സ കണ്ടെത്തിയിട്ടില്ലാത്ത രോഗങ്ങളായ സ്റ്റേജ് 4 കാന്‍സറുകള്‍, പക്ഷാഘാതം, അല്‍സ്‌ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ ന്യൂറോഡീജനറേറ്റീവ് ഡിസീസസ് അഥവാ നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങള്‍ തുടങ്ങിയവയുടെ ചികില്‍സാരംഗത്ത് പുതിയ പ്രതീക്ഷകള്‍ ഉണര്‍ത്താനാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.

അതേസമയം നാഡികൾക്കും സുഷുമ്നാ നാഡിക്കും കേടുപാടുകൾ സംഭവിക്കാതെ ഇത്തരമൊരു ശസ്ത്രക്രിയ നടത്തിയെടുക്കുക എന്നതാണ് ബ്രെയിൻബ്രിജ് നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. ഇത് തിരിച്ചറിഞ്ഞ് പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദരെ കമ്പനി റിക്രൂട്ട് ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തല മാത്രമല്ല വേണമെങ്കില്‍ മുഴുവൻ ശരീരവും മാറ്റിവയ്ക്കുന്ന തരത്തിലുള്ള സാങ്കേതിക പുരോഗതിയാണ് കമ്പനി ലക്ഷ്യമിടുന്നത്. ദുബായ് ആസ്ഥാനമായുള്ള ബയോടെക്‌നോളജിസ്റ്റും സയൻസ് കമ്മ്യൂണിക്കേറ്ററുമായ ഹാഷിം അൽ-ഗൈലിയുടെ ആശയമാണ് ബ്രെയിൻബ്രിജിന്‍റെ പുതിയ ഗവേഷണത്തിന് അടിസ്ഥാനം.

എന്നാല്‍ ഈ ആശയത്തിനെതിരെ കടുത്ത വിമര്‍ശനവും സോഷ്യല്‍ ലോകത്ത് ഉയരുന്നുണ്ട്. ദൈവത്തിന്‍റെ കര്‍ത്തവ്യങ്ങളില്‍ ഇടപെടാനാണോ കമ്പനിയുടെ ശ്രമം എന്നാണ് ഒരു ഉപയോക്താവ് വിഡിയോയ്ക്ക് താഴെ കമന്‍റായി കുറിച്ചത്. ‘ചീത്ത കാര്യങ്ങള്‍ക്കായി ആ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍പോലുമാകുന്നില്ല, സ്രഷ്ടാവായ ദൈവത്തോട് മല്‍സരിക്കാൻ നിങ്ങള്‍ക്കാകില്ല, ഒരുപക്ഷേ സമ്പന്നർക്ക് മാത്രമേ ആ ചികില്‍സ ലഭ്യമാകൂ’ എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍. ഈ ചോദ്യങ്ങള്‍ക്കിടയിലും തങ്ങളുടെ അഭിലാഷ പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് കമ്പനി. ആശയം യാഥാർതഥ്യമായാല്‍ മെഡിക്കൽ സയൻസിലെ വിപ്ലവകരമായ പുരോഗതിയായിരിക്കും അത്. അതേസമയം ഇത്തരമൊരു സാങ്കേതികവിദ്യയില്‍ ഗവേഷണം ചെയ്യുന്ന ആദ്യത്തെ കമ്പനിയല്ല ബ്രെയിൻബ്രിജ്. ന്യൂറബിൾ, ഇമോട്ടിവ്, കേർണൽ, നെക്സ്റ്റ് മൈൻഡ് എന്നിങ്ങനെയുള്ള മറ്റ് കമ്പനികളും തങ്ങളുടേതായ ഗവേഷണ– പരീക്ഷണങ്ങളുമായി രംഗത്തുണ്ട്.

ENGLISH SUMMARY:

Neuroscience and biomedical engineering startup BrainBridge announced its ambitious goal to develop the world's first head transplant system.