ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും കുറുകെയുള്ള 'അദൃശ്യമായ' രാമസേതുവിന്‍റെ ആകാശ ദൃശ്യം പങ്കുവച്ച് യൂറോപ്യന്‍ സ്പേസ് ഏജന്‍സി. കോപ്പര്‍നിക്കസ് സെന്‍റിനല്‍ –2 ഉപഗ്രഹം പകര്‍ത്തിയ ചിത്രമാണ് ഇ.എസ്.എ പുറത്തുവിട്ടത്. ആദം ബ്രിജെന്ന് അറിയപ്പെടുന്ന രാമസേതു തമിഴ്നാടിന്‍റെ തെക്കു കിഴക്കന്‍ തീരമായ രാമേശ്വരത്തെ ശ്രീലങ്കയിലെ ഗള്‍ഫ് ഓഫ് മാന്നാറുമായി ബന്ധിപ്പിച്ചിരുന്നുവെന്നാണ് കരുതുന്നത്. 48 കിലോമീറ്ററാണ് ഇവിടുത്തെ ദൈര്‍ഘ്യം. ഗള്‍ഫ് ഓഫ് മാന്നാറിനെ പാക്ക് കടലിടുക്കുമായി വേര്‍തിരിക്കുന്നതും രാമസേതുവാണ്.
ചുണ്ണാമ്പ് കല്ലിനാല്‍ നിര്‍മിതമായ തിട്ട പോലുള്ള ഈ ഭാഗം ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിച്ചിരുന്ന കരയുടെ ശേഷിപ്പാകാമെന്നും യൂറോപ്യന്‍ സ്പേസ് ഏജന്‍സി വ്യക്തമാക്കുന്നു. പതിനഞ്ചാം നൂറ്റാണ്ട് വരെ പ്രകൃതിദത്തമായ ഈ പാലം നിലനിന്നിരുന്നുവെന്നും പിന്നീട് കൊടുങ്കാറ്റിലും തിരമാലകളിലും പെട്ട് തകര്‍ന്നുവെന്നുമാണ് അനുമാനിക്കുന്നത്. ഏകദേശം 50 കിലോമീറ്ററോളം നീളത്തില്‍ പല വീതിയിലാണ് കടലിനുള്ളില്‍ രാമസേതു ഉപഗ്രഹ ചിത്രത്തില്‍കാണപ്പെടുന്നത് . മണ്‍തിട്ടകളും ചെറുകുന്നുകളും ഈഭൂഭാഗത്ത് കാണാമെന്നും സ്പേസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാമസേതുവിന്‍റെ തുടക്കവും ഒടുക്കവും ഇന്ത്യയുടെയും ശ്രീലങ്കയുടെയും സംരക്ഷിത പ്രദേശങ്ങളാണിപ്പോള്‍. രാവണനില്‍ നിന്നും സീതയെ മോചിപ്പിക്കുന്നതിനായി ശ്രീലങ്കയിലെത്താന്‍ ഹനുമാന്‍റെ നേതൃത്വത്തില്‍ വാനരപ്പട രാമസേതു നിര്‍മിച്ചെന്നാണ് ഐതീഹ്യം. രാമസേതുവിന്‍റെ ശേഷിക്കുന്ന ഭൂഭാഗങ്ങള്‍ പലതരം ദേശാടനപ്പക്ഷികളുടെ പ്രജനന കേന്ദ്രമാണിപ്പോള്‍. ഡോള്‍ഫിനുകളും കടലാമകളും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന പ്രദേശങ്ങളോട് ചേര്‍ന്ന് കാണപ്പെടുന്നുവെന്നും ഇ.എസ്.എ വ്യക്തമാക്കി.