rubiks-cube-01

TOPICS COVERED

ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന കളിപ്പാട്ടമാണ് റുബിക്സ് ക്യൂബ്. ഒരിക്കലെങ്കിലും റുബിക്സ് ക്യൂബ് പരിഹരിക്കാന്‍ ശ്രമിക്കാത്ത കുട്ടികള്‍  കുറവാകും. കേവലമൊരു കളിപ്പാട്ടം മാത്രമല്ല, കുട്ടികളുടെ ബുദ്ധി വികാസത്തിന് നിര്‍ദേശിക്കുന്ന പസില്‍ ഗെയിം കൂടിയാണിത്. എത്ര കളിച്ചാലും പുതുമ നഷ്ടപ്പെടാത്ത കളിപ്പാട്ടത്തിന് 50 വയസ് പൂര്‍ത്തിയായി. ജ്യോ‌മെട്രി, പ്രശ്നപരിഹാരം, വൈജ്ഞാനിക കഴിവുകള്‍ എന്നിവ പഠിപ്പിക്കുന്നതിനുള്ള പ്രിയപ്പെട്ട  ഉപകരണമായി റുബിക്സ് ക്യൂബ് ഇന്നും  തുടരുന്നു.

റുബിക്സ് ക്യൂബിന്റെ പിറവി

rubiks-cube-03

ഹംഗറിക്കാരനായ എര്‍നോ റുബിക് എന്ന ജ്യോ‌മെട്രി പ്രഫസറാണ് റുബിക്സ് ക്യൂബിന്റെ ഉപജ്ഞാതാവ്. വാസ്തുവിദ്യ  പഠിച്ച് വിവരണാത്മക ജ്യാമിതിയുടെ പ്രഫസറായ എര്‍നോ ദ്വിമാന ചിത്രങ്ങളില്‍ ത്രിമാനരൂപങ്ങള്‍ എങ്ങനെ ദൃശ്യവല്‍ക്കരിക്കാമെന്ന് വിദ്യാര്‍ഥികളെ പഠിപ്പിച്ചു. 1974ല്‍  പ്ലാറ്റോണിക്  സോളിഡിനെക്കുറിച്ച് ഗവേഷണം നടത്തുമ്പോഴാണ്  എട്ട്  ചെറിയ ക്യൂബുകള്‍  ഉപയോഗിച്ച് വലിയ ക്യൂബ് തയ്യാറാക്കി അതിന്റെ നിറങ്ങള്‍ ഏകീകരിക്കുന്ന ആശയം എര്‍നോയുടെ മനസിലുദിക്കുന്നത്.  വളരെയധികം പരീക്ഷണങ്ങള്‍ക്കും പിശകുകള്‍ക്കും ശേഷമാണ്  മരത്തില്‍ ആദ്യത്തെ  ക്യൂബ് തയ്യാറാക്കിയത്. മാസങ്ങള്‍ നീണ്ട പരീക്ഷണം വേണ്ടി വന്നു ക്യൂബ് സോള്‍വ് ചെയ്യാന്‍.

റുബിക്കില്‍ നിന്ന് ലോക ശ്രദ്ധയിലേക്ക്

rubiks-cube-02

തൊട്ടടുത്ത വര്‍ഷം  1975ല്‍  മാജിക് ക്യൂബ് (ഒരു ത്രിമാന ലോജിക്കല്‍ കളിപ്പാട്ടം) എന്ന പേരില്‍ പേറ്റന്റിന് അപേക്ഷിച്ചു. രണ്ട് വര്‍ഷത്തിനു ശേഷം ഹംഗറിയിലെ കളിപ്പാട്ടക്കടകളില്‍ റുബിക്സ് ക്യൂബ് അരങ്ങേറ്റം കുറിച്ചു. 1979 ലെ ന്യുറംബര്‍ഗ് കളിപ്പാട്ട ഫെയറില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് റുബിക്സ്  ക്യൂബ് രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയത്. 1979 ല്‍ മൂന്ന് ലക്ഷം ക്യൂബുകളാണ് ഹംഗറിയില്‍ മാത്രം വിറ്റഴിഞ്ഞത്. ഹംഗറിയില്‍ മാത്രം ലഭ്യമായിരുന്ന ക്യൂബുകള്‍ വിനോദസഞ്ചാരികള്‍ വഴി അപൂര്‍വമായി മാത്രം വിദേശരാജ്യങ്ങളിലെത്തി. 1980ല്‍ ഐഡിയല്‍ ടോയ്സ് എന്ന അമേരിക്കന്‍ കമ്പനിയുമായി ഒരു ദശലക്ഷം ക്യൂബുകള്‍ വിദേശത്ത് വില്‍ക്കാന്‍ എര്‍നോ കരാറിലേര്‍പ്പെട്ടു . അങ്ങനെ ക്യൂബിന്റെ പേര് ‘റുബിക്സ് ക്യൂബ്’ എന്നായി. ന്യൂയോര്‍ക്കിലെ ഒരു കളിപ്പാട്ടമേളയില്‍ ക്യൂബ് എങ്ങനെ പരിഹരിക്കാമെന്ന്  കാണിച്ചതോടെ ക്യൂബ് ഹിറ്റായി.  ലണ്ടന്‍, പാരിസ്, ന്യൂറെംബര്‍ഗ് എന്നിവിടങ്ങളിലെ  കളിപ്പാട്ട മേളകളില്‍ ക്യൂബ്  ട്രെന്‍ഡിങ്ങായി. 1982ല്‍   ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ആദ്യ റുബിക്സ് ക്യൂബ് ലോക ചാംപ്യന്‍ഷിപ്പില്‍ യു.എസിലെ മിന്‍ തായ് ആണ് വിജയിയായത്. 22.95 സെക്കന്‍ഡിലാണ്  പസില്‍ പൂര്‍ത്തിയാക്കിയത്. 1984 ആയപ്പോഴേക്കും ഐഡിയല്‍ 100 ദശലക്ഷം ക്യൂബികള്‍ വിറ്റഴിച്ചു.

എന്നാല്‍ റുബിക്സ് ക്യൂബ് ക്രേസ് വന്ന പോലെ തന്നെ ഇല്ലാതാവുകയും ചെയ്തു.1986 ആയപ്പോഴേക്കും  വില കുറഞ്ഞ വ്യാജന്മാര്‍ വിപണി കീഴടക്കി. 1990കളിലാണ് ക്യൂബുകളുടെ തിരിച്ചുവരവ് തുടങ്ങിയത്. ക്യൂബുകള്‍ വെറുതെ സോള്‍വ് ചെയ്യുക എന്നതല്ല മറിച്ച്, കണ്ണടച്ച്, വെള്ളത്തിനടിയില്‍ കിടന്ന്, സ്കൈ ഡൈവിങ്ങിനിടെ  സോള്‍വ് ചെയ്യുക എന്ന രീതിയായി.

റുബിക്സ് ക്യൂബ്

റുബിക്സ് ക്യൂബില്‍ 20 ചെറിയ ക്യൂബുകള്‍ ഉള്‍പ്പെടുന്നു. എട്ട് കോണുകളും 12 അരികുകളും കോണുകള്‍ക്കിടയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ആറ് ഷേഡുകളിലായി 54 സമചതുരങ്ങള്‍ . വെളള, ചുവപ്പ്, നീല, ഓറഞ്ച്, പച്ച, മഞ്ഞ എന്നീ നിറങ്ങളിലാണ് സമചതുരങ്ങള്‍. കുഴ പോലുള്ള സംവിധാനം ഉപയോഗിച്ച്  ഏതു രീതിയില്‍ വേണമെങ്കിലും തിരിക്കാം. പല നിറങ്ങളും കൂടിക്കലരും. ഇതില്‍ നിന്ന് ഒരു വശത്ത് ഒരേ നിറങ്ങളുള്ള മുഖമായി ക്യൂബിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. SYMMETRY അതിന്റെ ഏറ്റവും മികച്ച രൂപത്തില്‍ പ്രതിനിധീകരിക്കുന്ന പ്രക്രിയയില്‍ ക്യൂബിന്റെ ഘടന ഒരിക്കലും മാറില്ല. പസില്‍ പൂര്‍ത്തിയാക്കാന്‍ നിരവധി സമവാക്യങ്ങളുണ്ട്. എന്നാല്‍ പരിഹരിക്കാന്‍ എടുക്കുന്ന സമവാക്യമല്ല സമയമാണ്  മുഖ്യമെന്നു മാത്രം

റുബിക്സ് ക്യൂബിന്റെ സ്വാധീനം

ലോകത്തില്‍ ഏഴില്‍ ഒരാള്‍ റുബിക്സ് ക്യൂബ് കളിച്ചിട്ടുണ്ടെന്നാണ് കണക്ക്. പ്രിയപ്പെട്ട കളിപ്പാട്ടം എന്നതിലും അപ്പുറം റുബിക്സ് ക്യൂബ് സംസ്കാരത്തിലും വിദ്യാഭ്യാസത്തിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. സ്പീഡ് ക്യൂബിങ് ഇന്ന് ഒരു മല്‍സര ഇനമാണ്. പങ്കെടുക്കുന്നവര്‍ റെക്കോര്‍‍ഡ് സമയങ്ങളില്‍ പസില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നു. 2023ല്‍ 3.13 സെക്കന്‍ഡില്‍ സോള്‍വ് ചെയ്ത മാക്സ് പാര്‍ക്കിന്റേതാണ് ഏറ്റവും വേഗമേറിയ ക്യൂബിനുള്ള ലോക റെക്കോര്‍ഡ്.  സിനിമകളിലും പുസ്തകങ്ങളിലും  ആര്‍ട്ട് ഇന്‍സ്റ്റലേഷനുകളിലും  റുബിക്സ് ക്യൂബ് നിറസാന്നിധ്യമാണ്. വിദ്യാഭ്യാസത്തില്‍ ഗണിതശാസ്ത്ര ആശയങ്ങളും പ്രശ്നപരിഹാര കഴിവുകളും പഠിപ്പിക്കുന്നതിനുള്ള മൂല്യവത്തായ ഉപകരണമാണ് റുബിക്സ് ക്യൂബ്. പസിലിന്റെ സങ്കീര്‍ണതയും അല്‍ഗോരിതം ചിന്തയുടെ ആവശ്യകതയും വൈജ്ഞാനിക കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഉപാധിയാക്കുന്നു.

rubix-cube-retro

അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് നിലവില്‍ ബ്രാന്‍ഡ് ഉടമസ്ഥരായ സ്പിന്‍ മാസ്റ്റര്‍ , ക്യൂബിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി. സ്ലോ ടേണിങ്, ഗോള്‍ഡ് സൈഡ്, ക്ലാസിക് ബോക്സി അരികുകള്‍, പഴയകാല പ്ലാസ്റ്റിക് ഡിസ്പ്ലേ, കെയ്സില്‍ പ്രത്യേക വാര്‍ഷിക ലോഗോ എന്നിവ ഉള്‍ക്കൊള്ളുന്ന റെട്രോ ഡിസൈന്‍.

ENGLISH SUMMARY:

Rubik’s Cube turns 50! Look back at the toy that stumps millions