image: instagram.com/nasa/?hl=en

image: instagram.com/nasa/?hl=en

രാത്രി അവസാനിച്ച് പ്രഭാതം ആരംഭിക്കുന്നതെപ്പോഴാണ്? ചിന്തിച്ചാല്‍ അതിശയം തോന്നുന്ന കാഴ്ചയാണത്. കണ്ടാല്‍ അതിമനോഹരവും. രാത്രിയുടെ കരിമ്പടം മെല്ലെ അഴിച്ച് സൂര്യോദയത്തിനും മുന്‍പ് പ്രഭാത രശ്മികള്‍ ഭൂമിയുടെ ഓരോ ഭാഗത്തേക്കും എത്തുന്ന കാഴ്ച. രാത്രിയെന്നും പകലെന്നും ഭൂമിയെ തിരിക്കുന്ന അതിര്‍രേഖ. ആ വിസ്മയക്കാഴ്ച രാജ്യാന്ത ബഹിരാകാശ നിലയത്തില്‍ നിന്നും ഒപ്പിയെടുത്തിരിക്കുകയാണ് നാസ. പസഫിക് സമുദ്രത്തിന് 267 മൈല്‍ ഉയരത്തില്‍ നിന്നാണ്  ആരെയും അത്ഭുതസ്തബ്ധരാക്കുന്ന 

ഈ കാഴ്ച പകര്‍ത്തിയിരിക്കുന്നത്. സൂര്യന്റെ പ്രകാശ രശ്മികള്‍ ഭൗമോപരിതലത്തെ പ്രകാശിപ്പിക്കാന്‍ തുടങ്ങുന്ന ആ നിമിഷത്തില്‍ രാത്രിക്കും പകലിനും ഇടയിലൊരു മായാരേഖ രൂപപ്പെടും. ചക്രവാളത്തിലൊരു നേര്‍ത്തരേഖയായി ആ അതിര്‍ത്തി കാണാം. നീലനിറമാര്‍ന്ന അന്തരീക്ഷം ഉദയസൂര്യന്റെ പൊന്‍കിരണങ്ങളുമായി കൂട്ടിമുട്ടുന്ന നിമിഷങ്ങളാണത്. 

എന്താണ് അതിര്‍രേഖ (Terminator) 

ഭൂമിയില്‍ രാപ്പകലുകള്‍ നിര്‍ണയിക്കുന്ന ചലിക്കുന്ന സാങ്കല്‍പ്പിക രേഖയാണ് ടെര്‍മിനേറ്റര്‍ (അതിര്‍രേഖ). ഭൂമിയുടെ ഭ്രമണത്തെയും സൂര്യനെ അപക്ഷേിച്ചുള്ള സ്ഥാനത്തെയും ആശ്രയിച്ചാകും ടെര്‍മിനേറ്ററിന്റെ നില്‍പ്. ഉത്തര-ദക്ഷിണ ധ്രുവങ്ങളിലൊഴികെ ഭൂമിയിലെ മറ്റെല്ലായിടങ്ങളിലൂടെയും സൂര്യോദയമായും അസ്തമയമായും ദിവസം രണ്ട് പ്രാവശ്യം ടെര്‍മിനേറ്റര്‍ കടന്നുപോകും. 

അതിര്‍രേഖ ഋതുക്കളെ നിര്‍ണയിക്കുന്നതെങ്ങനെ? 

സാങ്കല്‍പിക അച്ചുതണ്ടില്‍ 23.5 ഡിഗ്രി ചരിഞ്ഞാണ് ഭൂമിയുടെ ഭ്രമണം. ഈ ചരിവാണ് ഉത്തര- ദക്ഷിണധ്രുവങ്ങളില്‍ വര്‍ഷത്തില്‍ കൂടിയും കുറഞ്ഞും സൂര്യപ്രകാശമെത്തിക്കുന്നതും ഋതുക്കളുണ്ടാക്കുന്നതും. പകലും രാത്രിയും തുല്യമായെത്തുന്ന ദിവസങ്ങളില്‍ (വിഷുവം- മാര്‍ച്ചിലും സെപ്റ്റംബറിലും) ഭൂമിയുടെ അച്ചുതണ്ട് ,കേന്ദ്രത്തിന് തിരശ്ചീനമായി വരുന്നു. ഇതോടെ ഉത്തരാര്‍ധഗോളത്തിലും ദക്ഷിണാര്‍ധ ഗോളത്തിലും ഒരേയളവില്‍ സൂര്യപ്രകാശവും താരതമ്യേനെ നല്ല കാലാവസ്ഥയും ലഭിക്കുന്നു. 

ഉത്തരായന– ദക്ഷിണായനങ്ങളില്‍ ഭൂമിയുടെ അച്ചുതണ്ടിന് ചരിവേറുകയും അതിര്‍രേഖ സാരമായി വളയുകയും ചെയ്യും. ഇതോടെ അര്‍ധഗോളങ്ങളിലൊന്നില്‍ മറ്റേതിനെ അപേക്ഷിച്ച് പകലിന് ദൈര്‍ഘ്യമേറുകയും ചെയ്യും. ഇത് വര്‍ഷത്തിലൊരിക്കല്‍ ദൈര്‍ഘ്യമേറിയ പകലും ഹ്രസ്വമായ പകലും സൃഷ്ടിക്കുന്നു. ഭൂമിയുടെ അച്ചുതണ്ടാണ് സൂര്യപ്രകാശത്തിന്റെ വിതരണം ഭൂമിയുടെ ഓരോ ഭാഗങ്ങളിലുമെത്തുന്നതിനും ദിവസങ്ങളുടെ ദൈര്‍ഘ്യം തീരുമാനിക്കുന്നതിനും, പരിസ്ഥിതിയും മറ്റ് പ്രകൃതിയും നിശ്ചയിക്കുന്നതും. മാര്‍ച്ചിലെ വിഷുവം ഏകദേശം മാര്‍ച്ച് 20 /21 നും സെപ്റ്റംബറിലേത് 22/23നുമാണ് സംഭവിക്കുക. അയനങ്ങളാവട്ടെ ജൂണ്‍ 20/21, ഡിസംബര്‍ 20/ 21 എന്നിങ്ങനെയുമാണ് സംഭവിക്കുക. ഭൂമിയുടെ ഗുരുത്വബലത്തെയും മറ്റ് ഗ്രഹങ്ങളുടെ സ്വാധീനത്തെയുമെല്ലാം ആശ്രയിച്ച് ഈ ദിവസങ്ങളില്‍ ചാഞ്ചാട്ടമുണ്ടായേക്കാം. 

ENGLISH SUMMARY:

NASA captured an image of the Earth's terminator from the ISS