super-moon-last-year

ഫയല്‍ ചിത്രം

  • ഈ വര്‍ഷം നാല് സൂപ്പര്‍മൂണുകള്‍
  • ആദ്യ സൂപ്പര്‍മൂണ്‍ തിങ്കളാഴ്ച കാണാം

ആകാശം നിറയെ  അമ്പിളിക്കിണ്ണം! ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍മൂണ്‍ ദൃശ്യമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യയില്‍ ചൊവ്വാഴ്ച രാത്രിയോടെ ആകാശത്ത് പതിവിലും വലിപ്പത്തിലും പ്രകാശത്തിലും പൂര്‍ണ ചന്ദ്രന്‍ ദൃശ്യമാകും. ഇതൊരു തുടക്കമാണ്. നയനാന്ദകരമായ സൂപ്പര്‍മൂണുകള്‍  മൂന്നെണ്ണം പിന്നാലെയെത്തും. അതും അടുത്തടുത്ത മാസങ്ങളില്‍. വാനനിരീക്ഷകര്‍ക്ക് സന്തോഷിക്കാനിനി എന്ത് വേണം? ചുമ്മാ മാനം നോക്കിയിരിക്കാന്‍ ഒരു കാരണം കൂടിയായില്ലേ.. 

ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍മൂണിന് മറ്റുചില പ്രത്യേകതകള്‍ കൂടിയുണ്ട്. ഇതൊരു സൂപ്പര്‍ ബ്ലൂ മൂണാണ്.  ഈ ഋതുവിലെ നാല് പൗര്‍ണമികളില്‍ മൂന്നാമത്തേതാണ് തിങ്കളാഴ്ച പ്രത്യക്ഷമാകുന്നത്. ശരാശരി രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ ബ്ലൂ മൂണ്‍ പ്രതിഭാസം സംഭവിക്കാമെന്ന് നാസ പറയുന്നു. എന്നാല്‍ സൂപ്പര്‍മൂണിനൊപ്പം ബ്ലൂമൂണ്‍ എത്തുന്നത് ‌രണ്ട് പതിറ്റാണ്ടിലൊരിക്കലാണ്. 

Supermoon

കഴിഞ്ഞ വര്‍ഷം മാന്‍ഹട്ടന് സമീപം ദൃശ്യമായ സൂപ്പര്‍മൂണ്‍ (AFP)

സെപ്റ്റംബറിലെ സൂപ്പര്‍മൂണിനൊപ്പം ഭാഗിക ചന്ദ്രഗ്രഹണവുമുണ്ടാകും. ഈ ചന്ദ്രഗ്രഹണം അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിലാകും കൂടുതല്‍ ദൃശ്യമാകുക. ഭൂമിക്കേറ്റവും അടുത്തായി ചന്ദ്രനെ കാണാനാവുന്നത് പക്ഷേ ഒക്ടോബറിലെ സൂപ്പര്‍മൂണ്‍ സമയത്താവും. 

എന്താണ് സൂപ്പര്‍മൂണ്‍? 

ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത്  ദീർഘ വൃത്താകൃതിയിലായതിനാല്‍ ഭൂമിയുമായുള്ള ചന്ദ്രന്‍റെ അകലം സമയത്തിനനുസരിച്ച് മാറും.  ഇത്തരത്തില്‍ ചന്ദ്രന്‍ ഭൂമിയോട് എറ്റവുമടുത്തുവരുന്ന സമയമാണ് സൂപ്പര്‍ മൂണ്‍ ദൃശ്യമാകുന്നത്. സാധാരണ പൗര്‍ണമിയെക്കാള്‍ വലിപ്പവും തിളക്കവും സൂപ്പര്‍ മൂണ്‍ സമയത്ത് ചന്ദ്രനുണ്ടാകും. എട്ട് ശതമാനത്തോളം അധികം വലിപ്പവും 16 ശതമാനത്തോളം അധികം പ്രകാശവും ആ സമയം ചന്ദ്രനുണ്ടായേക്കാം. 3.5ലക്ഷം കിലോമീറ്ററാണ് എറ്റവും അടുത്തെത്തുന്ന സമയം ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം . അകന്നിരിക്കുമ്പോള്‍ അത് നാലുലക്ഷം കിലോമീറ്റര്‍വരും.

തിങ്കളാഴ്ചത്തെ സൂപ്പര്‍മൂണ്‍ ഭൂമിയില്‍ നിന്നും 361,970 കിലോമീറ്റര്‍  അടുത്തായാകും ദൃശ്യമാവുക . സെപ്റ്റംബറാകുമ്പോള്‍ ഈ ദൂരം 4,484 കിലോ മീറ്റര്‍ കൂടി അടുത്താകും. ഒക്ടോബറിലെ സൂപ്പര്‍മൂണ്‍ ഭൂമിയില്‍ നിന്ന് 357,364 കിലോമീറ്റര്‍ അടുത്താകും, നവംബറിലേത് 361,867 കിലോമീറ്ററും. സൂപ്പര്‍മൂണുകള്‍ തമ്മിലുള്ള വലിപ്പ വ്യത്യാസം പക്ഷേ എല്ലാവര്‍ക്കും തിരിച്ചറിയാന്‍ കഴിയണമെന്നില്ലെന്നും അത്രയേറെ  ഗഹനമായി ചന്ദ്രനിരീക്ഷണം നടത്തുന്നവര്‍ക്ക് മാത്രമേ   ഇത് മനസിലാക്കാന്‍ കഴിയൂ എന്നും ശസ്ത്രജ്ഞര്‍ പറയുന്നു. 

സൂപ്പര്‍ മൂണിനെ എപ്പോള്‍ കാണാം?

അമേരിക്കന്‍ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.26 ഓടെ ദൃശ്യമാകുമെങ്കിലും രാത്രിയോടെ ഇത് പൂര്‍ണതയിലെത്തും. നാസയുടെ കണക്കുകൂട്ടലനുസരിച്ച് ഞായറാഴ്ച മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ വരെ സൂപ്പര്‍മൂണിനെ കാണാം. ഇന്ത്യയില്‍ ചൊവ്വാഴ്ച രാത്രി 11.52 ഓടെയാകും സൂപ്പര്‍ ബ്ലൂ മൂണ്‍ ദൃശ്യമാകുക. 

ENGLISH SUMMARY:

August's supermoon kicks off four months of lunar spectacles. What is Supermoon?