മനുഷ്യരില്‍ ബയോളജിക്കൽ സെക്സ് നിര്‍ണയിക്കുന്നത് ക്രോമസോം, ജനനഗ്രന്ഥികൾ, ജനനേന്ദ്രിയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ്. XX ക്രോമസോം സ്ത്രീലിംഗമായും XY ക്രോമസോം പുരുഷലിംഗമായും പൊതുവേ നിര്‍വചിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ പുരുഷലിംഗം നിർണയിക്കുന്ന Y ക്രോമസോമുകളുടെ വലിപ്പം ക്രമേണ കുറയുന്നതായി പഠനം. ഭാവിയില്‍ Y ക്രോമസോം പൂര്‍ണമായും അപ്രത്യക്ഷമാകാനുള്ള സാധ്യതയോടുകൂടിയാണ് പഠനം പുറത്തുവന്നിരിക്കുന്നത്. ഇതോടെ സ്ത്രീലിംഗം മാത്രമുള്ള വ്യക്തികള്‍ ജനിക്കുന്ന ഒരു ലോകത്തിന്‍റെ സാധ്യത ഉൾപ്പെടെ മനുഷ്യന്‍റെ പ്രത്യുത്പാദന വ്യവസ്ഥയുടെ ഭാവിയെകുറിച്ച് ആശങ്കാപൂര്‍ണമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.
ദശലക്ഷക്കണക്കിന് വർഷങ്ങളായി Y ക്രോമസോമിന്‍റെ വലുപ്പത്തില്‍ ക്രമാനുഗതമായ കുറവ് വന്നിട്ടുണ്ടെന്ന് പഠനം പറയുന്നത്. അതായത് ഇതൊരു പുതിയ പ്രതിഭാസമല്ല.166 ദശലക്ഷം വർഷത്തിനിടയിൽ, Y ക്രോമസോമിന് 900 മുതൽ 55 വരെ സജീവ ജീനുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് തുടര്‍ന്നാല്‍ ഏകദേശം 11 ദശലക്ഷം വർഷത്തിനുള്ളിൽ Y ക്രോമസോം പൂര്‍ണമായും അപ്രത്യക്ഷമാകാമെന്നും ജനിതകശാസ്ത്രത്തിൽ വിദഗ്ധനായ പ്രൊഫസർ ജെന്നി ഗ്രേവ്സ് വിശദീകരിക്കുന്നു.
വരുമോ പുതിയ മനുഷ്യ വര്‍ഗങ്ങള്‍?
ബയോളജിക്കൽ സെക്സ് എന്നത് ഒരു വ്യക്തിയുടെ ജൈവപരമായ അവസ്ഥയെയാണ് നിര്‍വചിക്കുന്നത്. എന്നാല്‍ Y ക്രോമസോം ചുരുങ്ങിക്കൊണ്ടിരിക്കുന്നതിനാൽ പുതിയ ലിംഗനിർണ്ണയ ജീൻ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒന്നിലധികം ലിംഗനിർണ്ണയ വ്യവസ്ഥകള്‍ രൂപപ്പെടാന്‍ കാരണമായേക്കാം. ഈ പരിണാമം ഇത് പ്രത്യേക മനുഷ്യ വർഗ്ഗങ്ങളുടെ ആവിർഭാവത്തിലേക്ക് നയിക്കാമെന്നും അപകടസാധ്യതകൾ നിറഞ്ഞതാണെന്നും പ്രൊഫസർ ഗ്രേവ്സ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ‘സെക്സ് ജീനുകളുടെ യുദ്ധ’ത്തിലേക്കായിരിക്കും ഇത് നയിക്കുക.
Y ക്രോമസോമിന്‍റെ തിരോധാനം മനുഷ്യന്‍റെ പുനരുൽപാദനത്തെ അടിസ്ഥാനപരമായി മാറ്റുകയും കാര്യമായ പരിണാമ സംഭവവികാസങ്ങളിലേക്ക് നയിക്കുകയും ചെയ്യും. എന്നാല്‍ മാറ്റങ്ങള്‍ എന്തായിരിക്കുമെന്ന് നിര്‍വചിക്കാന്‍ കഴിയില്ല. ഇത് പുതിയ ബയോളജിക്കല്‍ സെക്സുകളുടെ രൂപീകരണത്തിലേക്കോ പൂർണ്ണമായും പുതിയ മനുഷ്യ വർഗ്ഗങ്ങളുടെ ആവിർഭാവത്തിലേക്കോ നയിച്ചേക്കാമെന്ന് പഠനം പറയുന്നു. നാഷനൽ അക്കാദമി ഓഫ് സയൻസസിന്‍റെ പ്രൊസീഡിംഗ്‌സിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.