ഇന്ത്യ സ്വന്തമായി നിര്‍മിക്കുന്ന ബഹിരാകാശ നിലയത്തിലെ പ്രവര്‍ത്തനങ്ങളില്‍ മറ്റുരാജ്യങ്ങളെയും കമ്പനികളെയും പങ്കെടുപ്പിക്കും. ഭ്രമണപഥത്തില്‍ വച്ചുണ്ടാകുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഭരതീയ അന്തരീക്ഷ് സ്റ്റേഷനിലേക്ക് മറ്റു രാജ്യങ്ങളെ ഇസ്റോ ക്ഷണിക്കുന്നത്. 2028ല്‍ ആദ്യ മൊഡ്യൂള്‍ ബഹിരാകാശത്ത് എത്തിക്കും. അതേസമയം മനുഷ്യരെ ബഹിരാകാശത്തേക്കയക്കുന്ന ഗഗന്‍യാന്‍ പദ്ധതിയുടെ ആളില്ലാ ദൗത്യത്തിനുള്ള റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍ എത്തിച്ചു തുടര്‍ ജോലികള്‍ തുടങ്ങി.
52 ടണ്‍ ഭാരമാണു ഭാരതീയ അന്തരീക്ഷ സ്റ്റേഷനുള്ളത്. എല്‍.വി.എം–3ക്കു താഴ്ന്ന ഭ്രമണപഥത്തിലേക്കെത്തിക്കാന്‍ കഴിയുക പത്തു ടണ്‍ ഭാരമുള്ള വസ്തുക്കള്‍ മാത്രം. പരിഹാരമായി സൂര്യ റോക്കറ്റ് വികസിപ്പിക്കുന്നുണ്ടേലും 2028 ആകുമ്പോഴേക്കും പൂര്‍ത്തിയാകില്ല. ബഹിരാകാശ നിലയത്തിന്റെ ആദ്യമൊഡ്യൂള്‍ എല്‍.വി.എം–3 വഴിയാണു വിക്ഷേപിക്കുക.
ബഹിരാകാശ നിലയം പ്രവര്‍ത്തിപ്പിക്കുന്നതു സങ്കീര്‍ണായ പ്രക്രിയയാണ്. പ്രതിസന്ധികള്‍ മറികടക്കാനായി മറ്റു രാജ്യങ്ങളുമായി സഹകരിക്കാനും ഇസ്റോ തീരുമാനിച്ചു. ഇതുവഴി മറ്റു രാജ്യങ്ങളുടെ പേടകങ്ങള്‍ ബഹിരാകാശ നിലയത്തില്‍ ഡോക് ചെയ്യാനടക്കം സാധിക്കും. ഗഗന്‍യാന്‍ പദ്ധതിയുടെ ആളില്ലാത്ത ദൗത്യം ഡിസംബറില്‍ നടക്കും. റോക്കറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി, വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിലെത്തിച്ച് തുടര്‍ നടപടികള്‍ തുടങ്ങി. അടുത്ത വര്‍ഷം മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനാണു നിലവില്‍ ഇസ്റോ ശ്രമിക്കുന്നത്.