ഇലക്ട്രോണിക് ആശയവിനിമയ സംവിധാനങ്ങളെയും സാറ്റലൈറ്റുകളേയും പ്രതികൂലമായി ബാധിക്കാന്‍ തക്കവണ്ണം ശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയെ ലക്ഷ്യമാക്കി വരുന്നതായി അമേരിക്കയിലെ ശാസ്ത്രജ്ഞര്‍. തുടര്‍ച്ചയായ സൗരവാതങ്ങള്‍ക്ക് പിന്നാലെയെത്തുന്ന ഈ സൗരകൊടുങ്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നതെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘കുറച്ച് ദിവസം മുമ്പുണ്ടായ സൗരജ്വാലകള്‍ മെയ് മാസത്തിലുണ്ടായ സൗരജ്വാലയ്ക്ക് സമാനമാണ്. ഈ ജ്വാലകൾ ഭൂകാന്തിക കൊടുങ്കാറ്റുകൾ സൃഷ്ടിക്കുന്നു, ഇത് ഭൂമിയില്‍ വൈദ്യുതി തടസ്സത്തിന് കാരണമാകുകയും റേഡിയോ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും’ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്‌സ് ഡയറക്ടര്‍ ഡോ.അന്നപൂര്‍ണി സുബ്രമണ്യന്‍ പറഞ്ഞു. സൂര്യൻ പുറന്തള്ളുന്ന ശക്തമായ സൗരജ്വാലകളുടെ ഒരു പരമ്പരയെയാണ് സമീപകാല റിപ്പോർട്ടുകൾ കാണിക്കുന്നത്. ഒക്ടോബർ 1ന് X7.1 ക്ലാസില്‍പെട്ട സൗരജ്വാലയും ഒക്ടോബർ 3ന് അതിലും ശക്തമായ X9.0 ക്ലാസില്‍പെട്ട സൗരജ്വാലയും സംഭവിച്ചതായി നാസ രേഖപ്പെടുത്തിയിട്ടുണ്ട്. സൗരജ്വാലകളില്‍ ഏറ്റവും ശക്തിയേറിയതിനെയാണ് X ക്ലാസ് എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്.
സോളാര്‍ കൊടുങ്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ഇന്ത്യൻ സാറ്റലൈറ്റ് ഓപ്പറേറ്റർമാരോട് ഐഎസ്ആർഒ പറഞ്ഞിട്ടുണ്ട്. എന്തിരുന്നാലും സൗരജാല ഭൂമിയെ എങ്ങനെ ബാധിക്കുന്നു എന്നറിയാന്‍ കാത്തിരിക്കാനാണ് തീരുമാനം. എന്തെങ്കിലും പ്രതികൂലമായി സംഭവിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്ന് തന്നെയറിയണം എന്നാണ് അന്നപൂര്‍ണി സുബ്രമണ്യന്‍ പറയുന്നത്.
വരാനിരിക്കുന്ന കൊടുങ്കാറ്റ് പവർ ഗ്രിഡുകളിൽ വോൾട്ടേജ് വ്യതിയാനങ്ങൾ സൃഷ്ടിക്കാം. ഉയർന്ന ഫ്രീക്വൻസി റേഡിയോ ആശയവിനിമയങ്ങൾക്ക് സിഗ്നൽ തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം, കൂടാതെ ഉപഗ്രഹ സംവിധാനങ്ങളുടെ സ്ഥിരതയെയും ബാധിക്കും. ഇത് ജിപിഎസ് സംവിധാനങ്ങൾ ഉള്‍പ്പെടെയുള്ളവയെ താളം തെറ്റിക്കുകയും ചെയ്യാം. പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനായി ഇന്ത്യൻ ശാസ്ത്രജ്ഞരും ഐഎസ്ആർഒയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ഇത്തരം പ്രത്യാഘാതങ്ങൾക്കിടയിലും സൗരകൊടുങ്കാറ്റ് അസാധാരണമായ ധ്രുവദീപ്തിക്ക് കാരണമാകാം. മെയ് മാസത്തിലെ ശക്തമായ സൗരകൊടുങ്കാറ്റുകള്‍ വടക്കൻ അർദ്ധഗോളത്തിലുടനീളം ധ്രുവദീപ്തിക്ക് കാരണമായിരുന്നു. സൂര്യനില്‍ നിന്ന് പുറപ്പെടുന്ന സൗരക്കാറ്റുകളിലെ വലിയ ചാര്‍ജുള്ള കണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ വായുതന്മാത്രകളുമായി കൂട്ടിമുട്ടുമ്പോഴാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്. കാന്തികമണ്ഡലങ്ങള്‍ സംയോജിക്കുന്ന ധ്രുവപ്രദേശങ്ങളിലാണ് ഈ പ്രതിഭാസം സംഭവിക്കുക. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും യുഎസിലെ മിഡ്‌വെസ്റ്റിന്‍റെ ചില ഭാഗങ്ങളിലും ധ്രുവദീപ്തി ദൃശ്യമാകും.
സൂര്യനിലുണ്ടാകുന്ന വലിയ പൊട്ടിത്തെറികളാണ് സൗരകൊടുങ്കാറ്റുകള്‍ക്ക് കാരണമാകുന്നത്. അതിശക്തമായ ഊര്‍ജത്തെയെും വെളിച്ചത്തെയുമാണ് ഇത് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്. സൂര്യനില്‍ കറുത്തപൊട്ടുകള്‍ പോലെ കാണപ്പെടുന്ന സൗരകളങ്കങ്ങള്‍ എന്ന കാന്തിക മേഖലകളാണ് സൗരജ്വാലകളെയും സൗരക്കാറ്റുകളെയും ഉണ്ടാക്കുന്നത്. ഭൂമിയുടെ കാന്തികമണ്ഡലത്തിലും ഇത് പ്രഭാവം ചെലുത്തുന്നു.