ശക്തമായ ജിയോ മാഗ്നറ്റിക് കൊടുങ്കാറ്റ് ഭൂമിയിൽ പതിച്ചതിന് പിന്നാലെ ലേയുടെ ആകാശത്ത് വർണ വിസ്മയം തീർത്ത് ധ്രുവദീപ്തി. ഒക്‌ടോബർ 10 വ്യാഴാഴ്ചയാണ് ജിയോ മാഗ്നറ്റിക് കൊടുങ്കാറ്റ് ഭൂമിയിൽ വീശിയടിച്ചത്. പിന്നാലെ ഉണ്ടായ ധ്രുവദീപ്തിയുടെ ദൃശ്യങ്ങൾ ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിരീക്ഷണ കേന്ദ്രമായ ലഡാക്കിലെ ഹാൻലെയിലാണ് പകർത്തിയത്.
സൂര്യനിലുണ്ടായ ശക്തമായ സൗരജ്വാലകളാണ് ജിയോ മാഗ്നറ്റിക് കൊടുങ്കാറ്റുകൾ സൃഷ്ടിക്കുന്നത്. ഒക്‌ടോബർ 9ന് ഉണ്ടായ X1.8 ക്ലാസ്സിൽ പെട്ട സൗര ജ്വാലകളാണ് ഇത്തവണ ഇവയ്ക്ക് കാരണമായത്. മണിക്കൂറിൽ 1.5 ദശലക്ഷം മൈൽ വേഗതയിൽ സഞ്ചരിച്ചാണ് ഇവ ഭൂമിയിലെത്തിയത്. സൗരജ്വാലകളില്‍ ഏറ്റവും ശക്തിയേറിയതിനെയാണ് X ക്ലാസ് എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്.
സൂര്യനില്‍ നിന്ന് പുറപ്പെടുന്ന സൗരക്കാറ്റുകളിലെ വലിയ ചാര്‍ജുള്ള കണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ വായുതന്മാത്രകളുമായി കൂട്ടിമുട്ടുമ്പോഴാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്. ലേയിൽ കൂടാതെ അലബാമ, വടക്കൻ കാലിഫോർണിയ എന്നിവിടങ്ങളിലും ധ്രുവദീപ്തി ദൃശ്യമായതായി റിപ്പോർട്ടുകളുണ്ട്. എന്നാല്‍ നിറമുള്ള കാഴ്ചകൾ മാത്രമല്ല പവർ ഗ്രിഡുകളെയും ഇലക്ട്രോണിക് ആശയവിനിമയ സംവിധാനങ്ങളെയും സാറ്റലൈറ്റുകളേയും പ്രതികൂലമായി ബാധിക്കുന്ന ഗുരുതരമായ ജി 4 കൊടുങ്കാറ്റായിട്ടാണ് ഇന്നലെ വീശിയടിച്ച സൗര കൊടുങ്കാറ്റിനെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) വിലയിരുത്തുന്നത്.
ജിയോ മാഗ്നറ്റിക് കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിലുള്ള മുന്നറിയിപ്പുകൾ ഇപ്പോളും നിലവിലുണ്ട്. ഹൈ-ഫ്രീക്വൻസി റേഡിയോ കമ്മ്യൂണിക്കേഷനുകൾ തടസം നേരിടുന്നതായാണ് റിപ്പോർട്ടുകൾ. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ സാറ്റലൈറ്റ് ഓപ്പറേറ്റർമാർക്കും വ്യോമയാന മേഖലയ്ക്കും നിർദ്ദേശമുണ്ട്.
സൂര്യനിലുണ്ടാകുന്ന വലിയ പൊട്ടിത്തെറികളാണ് സൗരകൊടുങ്കാറ്റുകള്‍ക്ക് കാരണമാകുന്നത്. അതിശക്തമായ ഊര്‍ജത്തെയെും വെളിച്ചത്തെയുമാണ് ഇത് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്. സൂര്യനില്‍ കറുത്തപൊട്ടുകള്‍ പോലെ കാണപ്പെടുന്ന സൗരകളങ്കങ്ങള്‍ എന്ന കാന്തിക മേഖലകളാണ് സൗരജ്വാലകളെയും സൗരക്കാറ്റുകളെയും ഉണ്ടാക്കുന്നത്. ഭൂമിയുടെ കാന്തികമണ്ഡലത്തിലും ഇത് പ്രഭാവം ചെലുത്തുന്നു. 2025-ൽ സൂര്യനിലെ കൊറോണൽ മാസ് ഉജക്ഷൻ അതിൻ്റെ ഉച്ചസ്ഥായിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.