ഗര്‍ഭിണികളില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിലേക്ക് മൈക്രോ പ്ലാസ്റ്റിക് കൈമാറ്റം ചെയ്യപ്പെടാമെന്ന് പഠനം. നവജാത ശിശുക്കളുടെ ശ്വാസകോശം, ഹൃദയം, കരള്‍, വൃക്ക, തലച്ചോറിലെ കോശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ചെറിയ പ്ലാസ്റ്റിക് കണികളായ പോളിമൈഡ്-12 അല്ലെങ്കിൽ പിഎ-12 അടിഞ്ഞുകൂടുന്നുണ്ടാകാം എന്നാണ് റുട്ഗേഴ്സ് സർവകലാശാലയിലെ ഗവേഷകർ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
ഗർഭകാലത്ത് പ്ലാസന്‍റ വഴിയാണ് ഭ്രൂണാവസ്ഥയിലുള്ള ശിശുവിലേക്ക് മൈക്രോപ്ലാസ്റ്റിക് എത്തുന്നത്. ഇത്തരം കുട്ടികള്‍ക്ക് ദീർഘകാല ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജീവന്‍ നിലനിര്‍ത്തുന്ന അടിസ്ഥാന അവയവങ്ങളില്‍ പോലും പ്ലാസ്റ്റികിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ഗുരുതര സാഹചര്യമെന്ന് വിലയിരുത്തപ്പെടുന്നു. സയൻസ് ഓഫ് ദ് ടോട്ടൽ എൻവയോൺമെന്‍റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അഞ്ച് മില്ലീഗ്രാമില്‍ താഴെയുള്ള പ്ലാസ്റ്റിക് കണങ്ങളെയാണ് മൈക്രോ പ്ലാസ്റ്റിക്ക് എന്ന് വിളിക്കുന്നത്. പ്ലാസ്റ്റിക് വിഘടിക്കുമ്പോഴുണ്ടാകുന്ന മൈക്രോ പ്ലാസ്റ്റിക്കുകള്‍ നമ്മള്‍ ഉപയോഗിക്കുന്ന ഒട്ടേറെ വസ്തുക്കളില്‍ അടങ്ങിയിട്ടുണ്ട്. എവറസ്റ്റ് പർവതം മുതൽ പസഫിക് സമുദ്രത്തിലെ വിദൂരമേഖലകളിൽ വരെ ഭൂമിയില്‍ മൈക്രോ പ്ലാസ്റ്റികിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അത്രത്തോളമാണ് ലോകത്തിലെ പ്ലാസ്റ്റിക് മലിനീകരണം എന്നര്‍ഥം. ഇത്തരത്തില്‍ നമ്മുടെ ചുറ്റും വ്യാപിക്കുന്ന മൈക്രോ, നാനോപ്ലാസ്റ്റിക് കണങ്ങൾ (എംഎൻപി) എളുപ്പത്തിൽ മനുഷ്യശരീരത്തിലേക്കുമെത്തുന്നു.
നേരത്തെ തന്നെ മനുഷ്യരുടെ കരള്‍, ശ്വാസകോശം, പ്ലാസന്‍റ തുടങ്ങി രക്തത്തിലടക്കം മൈക്രോ പ്ലാസ്റ്റിക്കുകള്‍ കണ്ടെത്തിയതായി പഠനങ്ങള്‍ പുറത്തുവന്നിരുന്നു. ശ്വസനത്തിലൂടെയും, ഭക്ഷണത്തിലൂടെയും ശരീരത്തില്‍ എത്തുന്ന മൈക്രോപ്ലാസ്റ്റിക് പ്ലാസന്‍റ വഴി ഭ്രൂണങ്ങളില്‍ വരെ നിക്ഷേപിക്കുപ്പെടുന്നുവെന്നാണ് പുതിയ പഠനം. നേരത്തെ പുരുഷന്‍മാരുടെ മൂത്ര– ബീജ സാംപിളുകളില്‍ പരിശോധിച്ചതില്‍ വന്‍തോതില്‍ മൈക്രോ പ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്നും പഠനമുണ്ടായിരുന്നു.
പഠനത്തിന്‍റെ പ്രാഥമിക പരീക്ഷണങ്ങള്‍ നടന്നത് എലികളിലാണ്. പ്രസവ സമയത്ത് അമ്മയുടെയും കുഞ്ഞിന്‍റെയും രക്തം നേരിട്ട് ബന്ധപ്പെടാതിരിക്കാനായുള്ള ഹീമോകോറിയൽ പ്ലാസന്‍റയാണ് മനുഷ്യരിലും എലികളിലുമുള്ളത്. ഗര്‍ഭിണികളായ ആറ് എലികളെ 10 ദിവസത്തേക്ക് സൂക്ഷമകണികളാക്കി മാറ്റിയ ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് എക്സ്പോഷറിന് വിധേയമാക്കുകയായിരുന്നു. പിന്നാലെ ജനിച്ച് രണ്ടാഴ്ച കഴിഞ്ഞ എലിക്കുഞ്ഞുങ്ങളെ പരിശോധിച്ചപ്പോള്‍ ഗർഭകാലത്ത് എലികള്‍ ശ്വസിച്ച അതേ തരം പ്ലാസ്റ്റിക് എലിക്കുഞ്ഞുങ്ങളുടെ ശ്വാസകോശം, കരൾ, വൃക്ക, ഹൃദയം, മസ്തിഷ്ക കോശങ്ങൾ എന്നിവയിലും കണ്ടെത്തി. മൈക്രോ, നാനോപ്ലാസ്റ്റിക് എന്നിവ ഉയര്‍ത്തുന്ന അപകടസാധ്യതയാണ് ഈ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നതെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നത്.