AI Generated Images

മനുഷ്യ ഭ്രൂണങ്ങളില്‍ മാറ്റം വരുത്തുന്നതിനായുള്ള പരീക്ഷണങ്ങള്‍ക്കും അതിന്‍റെ ധാര്‍മ്മികതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ചർച്ചകൾക്കുമിടയിൽ സമ്പന്നരായ ദമ്പതികൾക്ക് ഭ്രൂണങ്ങളെ ഐക്യു പരിശോധിച്ച് തിരഞ്ഞെടുക്കാന്‍ അനുവദിക്കുന്ന സേവനവുമായി യുഎസ് ആസ്ഥാനമായുള്ള കമ്പനി രംഗത്ത്. ജെനിറ്റിക് എന്‍ജിനീയറിങ്ങിന്‍റെ ധാർമ്മികതയെ കുറിച്ച് ആശങ്കകള്‍ നിലിനില്‍ക്കുന്നകാലത്താണ് കമ്പനി വിവാദ സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്. ദി ഗാർഡിയനാണ് കമ്പനിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

ഹെലിയോസ്‌പെക്റ്റ് ജെനോമിക്‌സ് എന്ന കമ്പനിയാണ് ഭ്രൂണങ്ങളുടെ ഐക്യു പരിശോധനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനോടകം ഐവിഎഫിന് വിധേയരായ ഒരു ഡസനിലധികം ദമ്പതികൾക്കൊപ്പം കമ്പനി പ്രവർത്തിച്ചിട്ടുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 100 ഭ്രൂണങ്ങളുടെ വരെ ഐക്യു പരിശോധിക്കാൻ 50,000 ഡോളര്‍ (42,03471 രൂപ) വരെയാണ് കമ്പനി വാങ്ങുന്നത്. ഇത്തരത്തില്‍ ഐക്യു പരിശോധിച്ച് ഫലത്തെ അടിസ്ഥാനമാക്കി കുട്ടികളെ തിരഞ്ഞെടുക്കാൻ ചില മാതാപിതാക്കളെ സഹായിച്ചതായും കമ്പനി അവകാശപ്പെടുന്നു. 

എന്നാല്‍ ഇത് തികച്ചും അധാര്‍മ്മികമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഇത്തരം സാങ്കേതിക വിദ്യകളുടെ വ്യാപനം ജനിതകശാസ്ത്രപരമായി മനുഷ്യരെ 'ഉന്നത’രായും ്‘താഴ്ന്ന'വരായും തിരിക്കുമെന്നും സാമൂഹിക കാരണങ്ങളേക്കാൾ ശാസ്ത്രത്തില്‍ നിന്നുതന്നെ അസമത്വം ഉണ്ടാകുന്നു എന്ന വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായി മാറിയേക്കാമെന്നും കാലിഫോർണിയയിലെ സെന്‍റര്‍ ഫോർ ജനറ്റിക്സ് ആൻഡ് സൊസൈറ്റിയുടെ അസോസിയേറ്റ് ഡയറക്ടർ കാറ്റി ഹാസൻ ദി ഗാർഡിയനോട് പറഞ്ഞു. മനുഷ്യന്‍റെ സ്വഭാവത്തെ നിര്‍ണയിക്കാന്‍ സാങ്കേതികവിദ്യയെ എത്രത്തോളം അനുവദിക്കണം എന്നതിനെക്കുറിച്ചുള്ള ചർച്ചകളും നടക്കുകയാണ്.

ആവശ്യക്കാരെ കണ്ടെത്താന്‍ കമ്പനിയെ സഹായിക്കുന്ന ജീവനക്കാരന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രക്ഷിതാക്കൾക്ക് ജനിതക തിരഞ്ഞെടുക്കൽ നടത്തി എങ്ങിനെയുള്ള സ്വഭാവത്തിലുള്ള കുട്ടിവേണമെന്ന് തിരഞ്ഞെടുക്കാമെന്നാണ് പരസ്യം ചെയ്യുന്നത്. ലൈംഗികത, ഉയരം, ഭാരം, മാനസികരോഗ സാധ്യത, മറ്റ് സ്വഭാവ സവിശേഷതകള്‍ എന്നിവയുൾപ്പെടെ ഐക്യു അടക്കം അടിസ്ഥാനമാക്കി ഭ്രൂണങ്ങളെ റാങ്ക് ചെയ്യുകയും മാതാപിതാക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ അനുവാദം നല്‍കുകയും ചെയ്യുന്നു. യുകെ നിയമപ്രകാരം ഐക്യു പരിശോധിച്ച് ഭ്രൂണങ്ങൾ തിരഞ്ഞെടുക്കുന്നത് അനുവദനീയമല്ല. യുഎസിൽ ഇതിനെ സംബന്ധിച്ചുള്ള നിയന്ത്രണങ്ങള്‍ അയഞ്ഞതാണെങ്കിലും ഐക്യു യുഎസിലും അവിടെയും വാണിജ്യപരമായി ലഭ്യമല്ല.

അതേസമയം, എല്ലാ നിയന്ത്രണങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് ഹെലിയോസ്‌പെക്‌റ്റിലെ മാനേജർമാര്‍ പറയുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോളും സേവനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും കുറച്ച് ഭ്രൂണങ്ങൾ സ്‌ക്രീൻ ചെയ്തതിന് ആവശ്യക്കാരില്‍ നിന്നും ഏകദേശം 4,000 ഡോളര്‍ ഈടാക്കിയതായും ഇവര്‍ സൂചിപ്പിച്ചു. സേവനം അവതരിപ്പിക്കുമ്പോള്‍ വില നിശ്ചയിക്കുന്നത് ആവശ്യക്കാര്‍ക്ക് അനുസരിച്ചായിരിക്കുമെന്നും അവർ പറയുന്നു.

ജനിതക തിരഞ്ഞെടുപ്പ് ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുമെന്നാണ് ഹെലിയോസ്‌പെക്‌റ്റിന്‍റെ ഡാനിഷ് സിഇഒയും മുൻ ഫിനാൻഷ്യൽ മാർക്കറ്റ് ട്രേഡറുമായ മൈക്കൽ ക്രിസ്റ്റെൻസണ്‍ പറയുന്നത്. ‘എല്ലാവർക്കും അവര്‍ ആഗ്രഹിക്കുന്ന സ്വഭാവമുള്ള കുട്ടിവേണമെന്നായിരിക്കും സ്വപ്നം. രോഗമില്ലാത്ത, മിടുക്കരായ, ആരോഗ്യമുള്ള കുട്ടികളെ ഇതുവഴി ജനിപ്പിക്കാം’ 2023 നവംബറിൽ ഒരു വിഡിയോ കോളിനിടെ അദ്ദേഹം പറഞ്ഞു. ഹീലിയോസ്‌പെക്‌റ്റ് ഐവിഎഫ് നൽകുന്നില്ല. അൽഗോരിതം ഉപയോഗിച്ച് മാതാപിതാക്കൾ നൽകിയ ജനിതക ഡാറ്റ വിശകലനം ചെയ്യുകയാണ് ചെയ്യുന്നത്. ഇതിന് ഭ്രൂണങ്ങളുടെ പ്രത്യേക സ്വഭാവവിശേഷങ്ങൾ പ്രവചിക്കാൻ സാധിക്കും. ഇങ്ങനെ ആയിരമോ അല്ലെങ്കിൽ ഒരു ദശലക്ഷം ഭ്രൂണങ്ങളില്‍ നിന്നുപോലും അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഭ്രൂണത്തെ തിരഞ്ഞെടുക്കാം.

‘ഹോപ്പ് നോട്ട് ഹേറ്റ്’ എന്ന കാമ്പെയ്ൻ ഗ്രൂപ്പിന്‍റെ വീഡിയോ റെക്കോർഡിംഗുകളിൽ നിന്നാണ് വിവരങ്ങൾ പുറത്തുവന്നത്. റെക്കോർഡിങുകള്‍ അവലോകനം ചെയ്യ്തതിനു ശേഷം ഹോപ്പ് നോട്ട് ഹെറ്റിനൊപ്പം കൂടുതൽ ഗവേഷണം നടത്തിയാണ് ഗാർഡിയൻ വാര്‍ത്ത പുറത്തുവിടുന്നത്.

ENGLISH SUMMARY:

Amid experiments aimed at altering human embryos and discussions questioning their morality, a US-based company is offering services that allow wealthy couples to select embryos based on IQ. This controversial service comes at a time when concerns about the ethics of genetic engineering are prevalent. More information about the company has been revealed by The Guardian.