മാനത്തെ അമ്പിളിയമ്മാവന് കൂട്ടാകാനെത്തിയ കുഞ്ഞതിഥി മടങ്ങുന്നു. ‘മിനി മൂൺ’ അഥവാ ‘സെക്കന്‍ഡ് മൂണ്‍’ എന്നറിയപ്പെട്ട ഛിന്നഗ്രഹം 2024 PT5 ഭൂമിയോട് അകലാന്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങള്‍ക്കുള്ളില്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ നിന്ന് വേര്‍പെട്ട് ഛിന്നഗ്രഹം സ്വതന്ത്രമായി സഞ്ചരിക്കാന്‍ ആരംഭിക്കും.
സെപ്തംബര്‍ 29 മുതല്‍ ഏകദേശം നവംബര്‍ 25 വരെ മിനി മൂണ്‍ ചന്ദ്രന് കൂട്ടാകും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നാസ പറയുന്നത് പ്രകാരം ഓഗസ്റ്റ് 7 നായിരുന്നു. 2024 PT5നെ ആദ്യമായി കണ്ടത്. ഏകദേശം 33 അടി (10 മീറ്റർ) വീതിയുള്ള (അതായത് ഒരു ബസിനോളം വലിപ്പം) ഈ ഛിന്നഗ്രഹം ഭൂമിക്ക് അപകടമുണ്ടാക്കുന്നില്ല. നിലവില്‍ ഇത് ഭൂമിയോട് അകലാന്‍ ആരംഭിച്ചു കഴിഞ്ഞു. 2055 വരെ ഇനി 2024 PT5നെ കാണാനാകില്ല.
ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ കുടുങ്ങിയാണ് രണ്ട് മാസത്തോളം ഇത് ചന്ദ്രനെപ്പോലെ ഭൂമിയെ ചുറ്റി സഞ്ചരിച്ചത്. എന്നാൽ ചെറിയ വലിപ്പവും മങ്ങിയ തെളിച്ചവും കാരണം ഛിന്നഗ്രഹം നഗ്നനേത്രങ്ങൾക്ക് ദൃശ്യമായിരുന്നില്ല. പ്രൊഫഷണൽ ടെലിസ്കോപ്പുകൾക്ക് മാത്രമേ ഇതിനെ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. ദി മെട്രോ പറയുന്നതനുസരിച്ച്, ഭൂമിയിൽ നിന്ന് 3,760,000 കിലോമീറ്റർ മാത്രം അകലെയാണ് ഈ മിനി ചന്ദ്രൻ. ബഹിരാകാശത്തെ അര്‍ജുന ഛിന്നഗ്രഹ വലയത്തില്‍ നിന്നാണ് 2024 പിറ്റി5 എത്തിയത്. സൂര്യനിൽ നിന്ന് 93 ദശലക്ഷം മൈൽ അകലെയാണിത്.
ഓരോ വർഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ട്. ഏകദേശം 4.5 ദശലക്ഷം കിലോമീറ്റര്‍ വരെയെങ്കിലും ഇത്തരത്തില്‍ ഛിന്നഗ്രഹങ്ങള്‍ എത്താറുമുണ്ട്. എന്നാല്‍ 2024 പിറ്റി5 ഭൂമിയുടെ ഗുരുത്വാകർഷണ ബലത്താൽ ആകർഷിക്കപ്പെടുകയായിരുന്നു. ഇത്തരത്തില്‍ ഒരു ഛിന്നഗ്രഹം കാണുന്നത് വളരെ അപൂർവമാണ്. ഇത്തരത്തിലുള്ള ഛിന്നഗ്രഹങ്ങളെയോ ധൂമകേതുക്കളെയോയാണ് 'മിനി-മൂൺ' എന്നു പറയാറുള്ളത്. ചിലപ്പോള്‍ ഇത്തരത്തില്‍ കണ്ടെത്തുന്ന വസ്തുക്കള്‍ സാറ്റലൈറ്റുകളുടെയോ റോക്കറ്റുകളുടെയോ അവശിഷ്ടങ്ങള്‍ ആണെന്നും നാസ വ്യക്തമാക്കിയിരുന്നു.
ഇതാദ്യമായല്ല ചന്ദ്രന് ഒരു കൂട്ടുകിട്ടുന്നത്! 1981 ല്‍ മിനിമൂണായി എത്തിയ 2022എന്‍എക്സ്1 2022ല്‍ വീണ്ടും അമ്പിളിക്ക് കൂട്ടായി എത്തിയിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ 2024 പിറ്റി5 ആകട്ടെ 2055 ല്‍ വീണ്ടും ചന്ദ്രന് കൂട്ടായി എത്തുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. എന്നാല്‍ 2024 PT5 ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഒരു പൂർണ്ണ ഭ്രമണം പോലും പൂര്‍ത്തിയാക്കില്ലെന്നും അതിനാല്‍ സാങ്കേതികമായി ചന്ദ്രനായി കരുതാനാകില്ലെന്നും അഭിപ്രായമുണ്ട്.