വംശനാശം സംഭവിച്ച ദിനോസറുകള്‍ വീണ്ടും ഭൂമിയിലെത്തിയ കാലം! ജുറാസിക് പാര്‍ക്ക് സീരീസ് സിനിമാ പ്രേക്ഷകരുടെ ഹരമായിരുന്നു. എന്നാല്‍ ജുറാസിക് പാര്‍ക്ക് ടെക്നോളജിയും വംശനാശം സംഭവിച്ച ജീവികള്‍ തിരികെയെത്തുന്ന കാലവും അധികം അകലെയല്ല. ഇതിനകം ദിനോസറുകളെ ‘പുനര്‍ജനിപ്പിക്കാനുള്ള’ ശ്രമങ്ങള്‍ ചര്‍ച്ചയാകുകയും ചെയ്തിട്ടുണ്ട്. ഇന്നിതാ വംശനാശം സംഭവിച്ച മാമത്തുകളേയും തിരികെയെത്തിക്കാന്‍ ഒരുങ്ങുകയാണ് ഗവേഷകര്‍. അധികകാലമൊന്നും കാത്തിരിക്കേണ്ടി വരില്ല! വെറും നാലു വര്‍ഷം മതി!
വൂളി മാമത്തുകളെ നാലുവര്‍ഷത്തിനുള്ളില്‍ പുനരുജ്ജീവിപ്പിക്കാനാകുമെന്നാണ് കോലോസൽ ബയോസയൻസസ് കമ്പനി പറയുന്നത്. ലോകത്തിലെ ആദ്യത്തെ ‘ഡീ എക്സ്റ്റിങ്ഷൻ’ കമ്പനി എന്നാണ് കമ്പനി സ്വയം വിശേഷിപ്പിക്കുന്നത്. വംശനാശം സംഭവിച്ച ജീവികളെ തിരികെ കൊണ്ടുവരാൻ ഉന്നമിട്ട് നടത്തുന്ന ഗവേഷണമാണ് ‘ഡീ എക്സ്റ്റിങ്ഷൻ’. വംശനാശം സംഭവിച്ച ജീവികളുടെ കോർ ജീനുകളെ പുനരുജ്ജീവിപ്പിക്കാനുള്ള രീതി വികസിപ്പിച്ചെടുത്തതായാണ് കമ്പനി അവകാശപ്പെടുന്നത്. ഇതില്‍ വൂളി മാമത്ത് മാത്രമല്ല, ഡോഡോയും ടാസ്മാനിയൻ കടുവയും വരെ ഉൾപ്പെടുന്നുവെന്നാണ് ദി ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് ചെയ്യുന്നത്.
2028 അവസാനത്തോടെ ആദ്യത്തെ മാമോത്തിനെ വികസിപ്പിച്ചെടുക്കുമെന്നും ഇതിനായി ഒരു തീയതി നിശ്ചയിച്ചിട്ടുണ്ടെന്നും കമ്പനിയുടെ സിഇഒ ബെൻ ലാം ഇൻഡിപെൻഡന്‍റിനോട് പറഞ്ഞു. ‘റിവേഴ്സ് ജുറാസിക് പാർക്ക്’ പ്രക്രിയയാണ് ഉപയോഗിക്കുന്നതെന്നും ലാം പറയുന്നു. ഏഷ്യന്‍ ആനകളുടെ ജീനുകളും മാമത്തുകളുടെ ജീനുകളും സംയോജിപ്പിച്ച് ജനിതക എന്‍ജിനീയറിങ്ങിലൂടെ ഇന്നത്തെ ലോകത്ത് ജീവിക്കാന്‍ അനുയോജ്യമായ ഹൈബ്രിഡ് സ്പീഷിസുകളെയായിരിക്കും നിര്‍മ്മിക്കുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം കമ്പനി ഇതിനകം 235 മില്യൺ ഡോളറിലധികം സമാഹരിച്ചിട്ടുണ്ട്. ശ്രമം വിജയിച്ചാല്‍ 4000 വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും മാമത്തുകള്‍ ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്.
വംശനാശം സംഭവിച്ച ജീവികളെ തിരികെ എത്തിക്കാനുള്ള ശ്രമം ചില വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്. ഇത് ഇന്നത്തെ ആവാസവ്യവസ്ഥയെ എങ്ങിനെ ബാധിക്കും എന്ന് പറയാനാകില്ലെന്നും ലിയാം പറയുന്നു. അതേസമയം തന്നെ മാമോത്തുകളുടെ വരവ് ആഗോളതാപനം കുറയ്ക്കാൻ സഹായിക്കുമെന്നും പരിസ്ഥിതിക്ക് ഗുണംചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.