ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയ്ക്കു തെക്കുഭാഗത്തായി കൂറ്റന്‍ ‘ഗ്രാവിറ്റി ഹോൾ’! ഏഴ് പതിറ്റാണ്ടിലേറെയായി ഗവേഷകരെ അമ്പരപ്പിച്ച ഈ ഗുരുത്വാകർഷണ ഗർത്തത്തിനു പിന്നിലെ രഹസ്യം കണ്ടെത്താനുള്ള ഗവേഷകരുടെ ശ്രമം കാലങ്ങളായി തുടരുകയാണ്. ഇപ്പോളിതാ കംപ്യൂട്ടര്‍ മോഡലിങ്ങിലൂടെ ഈ ഗവേഷണങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയാണ്.
ഇന്ത്യയുടെ തെക്കുപടിഞ്ഞാറായി 1.2 ദശലക്ഷം ചതുരശ്ര മൈൽ വ്യാപിച്ചുകിടക്കുന്നതാണ് വൃത്താകൃതിയിലുള്ള ഈ പ്രദേശം. ശാസ്ത്രലോകത്തെപ്പോലും ആശ്ചര്യപ്പെടുത്തുന്ന തരത്തില്‍ ദുർബലമായ ഗുരുത്വാകർഷണ ബലമാണ് ഈ പ്രദേശത്തിനുള്ളത്. 1948 ലാണ് ‘ഇന്ത്യൻ ഓഷ്യൻ ജിയോയിഡ് ലോ’ എന്നറിയപ്പെടുന്ന ഈ പ്രദേശം ആദ്യമായി കണ്ടെത്തിയത്. പിന്നീട് 2023 ൽ ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഈ പ്രദേശത്തിന്‍റെ ഉത്ഭവത്തെ കുറിച്ച് വെളിപ്പെടുത്തലുകളുണ്ടായിരുന്നു. എന്നാല്‍ 140 ദശലക്ഷം വർഷങ്ങളായി ഭൂമിയിലുണ്ടായ ഭൂമിശാസ്ത്ര പ്രക്രിയകളെ പഠിക്കാനായി ഗവേഷകര്‍ കമ്പ്യൂട്ടർ മോഡലിംഗ് ഉപയോഗിച്ചതോടെയാണ് ഈ അമ്പരപ്പിക്കുന്ന പ്രതിഭാസത്തിന്‍റെ ആഴങ്ങള്‍ വെളിവാകാന്‍ തുടങ്ങുന്നത്.
ലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഇല്ലാതായ ടിഥിസ് എന്ന പുരാതന സമുദ്രത്തിന്‍റെ തകർച്ചയുമായി ഈ പ്രദേശത്തിന്‍റെ രൂപീകരണത്തിന് ബന്ധമുണ്ടായിരുന്നെന്നാണ് പഠനത്തില്‍ പറഞ്ഞിരുന്നത്. കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന ഗോണ്ട്വാന, ലോറേഷ്യ എന്നീ ഭൂഖണ്ഡങ്ങൾ തമ്മിൽ വേർപിരിഞ്ഞപ്പോഴാണ് ടിഥിസ് സമുദ്രം രൂപപ്പെടുന്നത്. 180 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഗോണ്ട്വാന വിഘടിച്ചപ്പോൾ ടിഥിസ് സമുദ്രം നിലകൊണ്ട പ്ലേറ്റുകള്‍ യുറേഷ്യൻ ഫലകത്തിന് താഴെയായി. ഈ ഭാഗങ്ങള്‍ ക്രമേണ ഭൂമിയുടെ ആവരണത്തിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്തു. ആഫ്രിക്കയ്ക്ക് താഴെയുള്ള ക്രിസ്റ്റലൈസ്ഡ് മാഗ്മ രൂപീകരണമായ ആഫ്രിക്കൻ ബ്ലോബിലെത്തിയ ടിഥിയന്‍ ഫലകങ്ങള്‍ ആഫ്രിക്കൻ ബ്ലോബില്‍ നിന്നും ഉയർന്ന സാന്ദ്രതയുള്ള വസ്തുക്കളെ നീക്കി. ഇത് കുറഞ്ഞ സാന്ദ്രതയുള്ള മാഗ്മ പ്ലൂമുകളുടെ വര്‍ധനയ്ക്ക് കാരണമായി. ഇത് പ്രദേശത്തെ മൊത്തത്തിലുള്ള മാസ് കുറയ്ക്കുകയും അതിന്‍റെ ഗുരുത്വാകർഷണത്തെ ദുർബലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
ഗ്രാവിറ്റി ഹോളിന്‍റെ ഉത്ഭവത്തിന്‍റെ കാരണങ്ങളാണ് പഠനത്തില്‍ രേഖപ്പെടുത്തിയ ഈ കണ്ടെത്തലുകള്‍ വിശദീകരിച്ചത്. എന്നാല്‍ നിലവില്‍ ഭൂകമ്പ ഡാറ്റ ഉപയോഗിച്ച് കംപ്യൂട്ടര്‍ മോഡലിങിന്‍റെ സഹായത്തോടെ ഈ കണ്ടെത്തലുകളെ സ്ഥിരീകരിക്കാൻ ശ്രമിക്കുകയാണ് ശാസ്ത്രജ്ഞർ. ഗ്രാവിറ്റി ഹോളിന് താഴെയുള്ള സാന്ദ്രത കുറഞ്ഞ പ്ലൂമുകളുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ ഇതിലൂടെ സാധിക്കും. ഇതുവഴി ദീർഘകാലമായി ശാസ്ത്രം തിരയുന്ന രഹസ്യത്തിനായിരിക്കും ഉത്തരമാകുക.
അതേസമയം, ഗ്രാവിറ്റി ഹോളിന്‍റെ ഉത്ഭവത്തിലേക്ക് മാത്രല്ല, ഭൂമിയുടെ ഉപരിതലത്തെയും ഗുരുത്വാകർഷണ മണ്ഡലത്തെയും രൂപപ്പെടുത്തുന്ന മാഗ്മ രൂപീകരണങ്ങളുടെയും സാന്ദ്രത വ്യതിയാനങ്ങളുടെയും ആഴത്തിലുള്ള പഠനങ്ങളിലേക്കും ഇത് വെളിച്ചംവീശും. മാത്രമല്ല ഭൂമിക്കപ്പുറം ചൊവ്വയിലെ സമാന അന്വേഷണങ്ങള്‍ക്കും ഇത് അടിത്തറപാകിയേക്കാം. ഇത്തരം ഗുരുത്വാകർഷണ വ്യതിയാനങ്ങള്‍ മറ്റു ഗ്രഹങ്ങളില്‍ സാധാരണമായിരിക്കാമെന്നും കരുതപ്പെടുന്നു.