മനുഷ്യന്‍റെ അമിതമായ ഭൂഗർഭജല ഉപയോഗം മൂലം ഭൂമിയുടെ അച്ചുതണ്ട് ചരിയുന്നതായി പഠനം. ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ അമിത ജല ഉപഭോഗം ഭൂമിയുടെ ഭ്രമണത്തെ സ്വാധീനിക്കുന്നതായും ഭൂമിയുടെ അച്ചുതണ്ട് 31.5 ഇഞ്ച് ചരിഞ്ഞതായും സൂചിപ്പിക്കുന്നത്. സിയോൾ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ കി-വിയോൺ സിയോയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.
അമിതമായ ഭൂഗർഭജല ഉപയോഗം ഭൂമിയുടെ മൊത്തം ഭൂഗര്‍ഭജലത്തിന്‍റെ അളവില്‍ വലിയ കുറവ് വരുത്തിയിട്ടുണ്ട്. ഭൂഗർഭജലത്തിന്‍റെ ഈ കുറവ് ഭ്രമണ അച്ചുതണ്ടിനോട് യോജിക്കുന്ന ധ്രുവത്തെ ഏകദേശം 80 സെന്‍റീമീറ്റര്‍ കിഴക്കോട്ട് നീക്കി. 1993-നും 2010-നും ഇടയിലെ കാലയളവിലാണ് ഈ ചരിവുണ്ടായിരിക്കുന്നത് എന്നാണ് പഠനത്തില്‍ പറയുന്നത്. ഈ കാലയളവില്‍ മനുഷ്യന്‍ ‘ഊറ്റിയെടുത്തതാകട്ടെ’ 2,150 ജിഗാടൺ ഭൂഗർഭജലവും. ALSO READ: ചൊവ്വയില്‍ ജീവനുണ്ടെങ്കില്‍ നാസ അതിനെ കൊന്നിട്ടുണ്ടാകാം; ചര്‍ച്ചയായി പഠനം...
വൻതോതിലുള്ള ഭൂഗര്‍ഭജല ചൂഷണം സമുദ്രനിരപ്പ് 0.24 ഇഞ്ച് ഉയരാൻ കാരണമാവുകയും ഭൂമിയുടെ ഭാരവിന്യാസത്തില്‍ മാറ്റംവരുത്തുകയും ചെയ്തു. ഇത് പ്രതിവർഷം 4.36 സെൻ്റീമീറ്റർ എന്ന തോതിൽ ഭ്രമണധ്രുവം ചരിയാന്‍ കാരണമാകുന്നു. മഞ്ഞുപാളികൾ ഉരുകുന്നത് പോലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങള്‍ക്കൊപ്പം ഭൂഗര്‍ഭജല ശോഷണം ധ്രുവങ്ങളുടെ സ്ഥാനചലനത്തിലും സ്വാധീനം ചലുത്തുന്നു എന്നാണ് പഠനം.
പടിഞ്ഞാറൻ വടക്കേ അമേരിക്കയിലും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലുമാണ് ഭൂഗര്‍ഭജല ചൂഷണം ഏറ്റവുമധികം നടക്കുന്നത്. ഈപ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം സുപ്രധാനമാണ്. മധ്യ-അക്ഷാംശ പ്രദേശങ്ങളായതുകൊണ്ട് ഇവിടുന്ന് വലിച്ചെടുക്കുന്ന ജലത്തിന്‍റെ അളവ് ധ്രുവീയ ചലനത്തെ സ്വാധീനിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
ഭൂമിയുടെ ചരിവിലെ ഈ മാറ്റം നിലവില്‍ കാലാവസ്ഥയെയോ ഋതുക്കളെയോ ഉടനടി ബാധിക്കുകയില്ല. എന്നാല്‍ തുടർച്ചയായ ഭൂഗർഭജല ശോഷണം ദീർഘകാല കാലാവസ്ഥാ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത് സുസ്ഥിര ജല പരിപാലന രീതികളുടെ ആവശ്യകതയാണ് മുന്നോട്ടുവയ്ക്കുന്നത്.