പി.എസ്.എല്‍.വി സി.59 വിക്ഷേപണം വിജയകരം. പ്രൊബ 3 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചു. ലോകത്തെ ആദ്യത്തെ പ്രിസഷൻ ഫോർമേഷൻ ഫ്ലയിംഗ് ദൗത്യമായിരുന്നു ഇത്. വാണിജ്യ വിക്ഷേപണ രംഗത്ത് ഇന്ത്യയുടെ കരുത്ത് കൂട്ടുന്നതാണ് ഈ വിജയം. സൂര്യന്റെ കോറോണയെ കുറിച്ച് പഠിക്കുകയാണ് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഇരട്ട ഉപഗ്രഹമായ പ്രൊബ 3 യുടെ ലക്ഷ്യം. വൈകീട്ട് 4.4ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് പ്രൊബാ 3 വിക്ഷേപിച്ചത്.
ഏകദേശം 150 മീറ്റർ വ്യത്യാസത്തിൽ രണ്ട് ഉപഗ്രഹങ്ങളെ വേർപ്പെടുത്തുക എന്ന സങ്കീർണ ദൗത്യമാണ് ഐ.എസ്.ആർ.ഒ വിജയകരമായി നടപ്പാക്കിയത്. നിശ്ചിത ഉയരത്തിൽ ഒരു ഉപഗ്രഹത്തിന് മുന്നിൽ മറ്റൊന്ന് വരുന്ന തരത്തിലാണ് ഇവ വിന്യസിച്ചത്. പ്രോജക്ട് ടീമിനെ അഭിനന്ദിച്ച ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് അടുത്ത പി.എസ്.എല്‍.വി ദൗത്യം ഉടൻ ഉണ്ടാകുമെന്നും അറിയിച്ചു.
പ്രൊബ 3 ഉപഗ്രഹങ്ങളുടെ ആകെ ഭാരം 550 കിലോഗ്രാം. കൊറോണഗ്രാഫ്, ഒക്യുൽറ്റർ എന്നിവ ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിക്കും. ഇതുവഴി സൂര്യന്റെ രണ്ടു കൊറോണ പാളികൾക്കും ഇടയിലെ ഗ്യാപിനെ കുറിച്ച് കൂടുതൽ വിശദമായി പഠിക്കും. അതോടൊപ്പം സൗരവാതം, കൊറോണൽ മാസ് ഇജക്‌ഷൻ, ഭൂമിയുടെ അന്തരീക്ഷം ബഹിരാകാശത്തു നിന്നു പിടിച്ചെടുക്കുന്ന അതിതീവ്ര ഊർജ കണങ്ങൾ തുടങ്ങിയവയെ കുറിച്ചും പ്രോബ 3 ദൗത്യം പഠനം നടത്തും. ഇന്നലെ പ്രൊബ 3യിലേ ഉപഗ്രഹങ്ങളിൽ ഒന്നായ കൊറോണോഗ്രാഫിന്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിലേ തകരാറിനെ തുടർന്ന് ആണ് ഇന്നത്തേക്ക് വിക്ഷേപണം മാറ്റിയത്.