mice-with-two-male-parents

An androgenetic mouse - a mouse with two male parents – created by scientists in China who used embryonic stem cell engineering and cloning is shown (left) alongside a normal mouse (right) of the same age and gender in a laboratory in Beijing in this undated handout photo. Li et al, Cell Stem Cell/Handout via REUTERS

TOPICS COVERED

രണ്ട് പുരുഷന്‍മാര്‍ക്ക് കുട്ടികളുണ്ടാകുമോ? ഇല്ല എന്ന് പറയുന്ന കാലം കഴിഞ്ഞു. ജീവശാസ്ത്രപരമായ അമ്മയില്ലാതെ രണ്ട് പുരുഷന്മാർക്ക് കുഞ്ഞുങ്ങളുണ്ടാകുമെന്ന വിപ്ലവകരമായ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനയിലെ ശാസ്ത്രജ്ഞര്‍. ഇതുവരെ അസാധ്യമെന്നു തോന്നിയ ഒന്നാണ് ജനിതക എന്‍ജിനീയറിങ്ങിലൂടെ രണ്ട് ബീജങ്ങൾ ഉപയോഗിച്ച് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ സാധ്യമായിരിക്കുന്നത്. ചൈനീസ് അക്കാദമി ഓഫ് സയൻസാണ് പരീക്ഷണം നടത്തിയത്.

നിലവില്‍ ജീവശാസ്ത്രപരമായ അമ്മയില്ലാതെ ഒരു കുട്ടി ജനിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെടുന്ന മാര്‍ഗം വാടക ഗര്‍ഭധാരണമാണ്. എന്നാല്‍ ബീജങ്ങള്‍ മാത്രം ഉപയോഗിച്ച് ഭ്രൂണം സൃഷ്ടിക്കുന്നതാകട്ടെ അതിലേറെ വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. ജീന്‍ ഇംപ്രിന്‍റിങ്, റീജിയൻ എഡിറ്റിങ്, ജീനുകളുടെ അടിസ്ഥാന ഘടകങ്ങള്‍ കൂട്ടിച്ചേർക്കൽ അല്ലെങ്കിൽ നീക്കം ചെയ്യൽ എന്നീ ജനിതക എന്‍ജിനീയറിങ് പ്രക്രിയകളിലൂടെയാണ് എലികളുടെ ജനനം സാധ്യമാക്കിയത്. മുന്‍പത്തെ പരീക്ഷണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട ആരോഗ്യമുള്ളവയും പ്രത്യക്ഷമായ ആരോഗ്യപ്രശ്നങ്ങളൊന്നും കാണിക്കാതിരിക്കുകയും ചെയ്ത സന്താനങ്ങളായിരുന്നു ജനിച്ചതെന്ന് പഠനം പറയുന്നു. എന്നിരുന്നാലും വന്ധ്യതയടക്കമുള്ള പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്നും പഠനം പറയുന്നു.

ഒരു പെൺ എലിയിൽ നിന്ന് എടുത്ത പൂര്‍ണത എത്താത്ത അണ്ഡം അഥവാ ഓസൈറ്റില്‍ നിന്ന് ജീനുകള്‍ വേർതിരിച്ചെടുക്കുകയാണ് ആദ്യം ചെയ്തത്. ശേഷം ഒരു പുരുഷ എലിയിൽ നിന്നുള്ള ബീജം ഈ അണ്ഡത്തിലേക്ക് കടത്തിവിടുകയും അത് ഭ്രൂണത്തിന് പ്രത്യേകമായുള്ള മൂലകോശങ്ങൾ സൃഷ്ടിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഈ മൂലകോശങ്ങള്‍ മറ്റൊരു ആൺ എലിയിൽ നിന്നുള്ള ബീജം ഉപയോഗിച്ച് മറ്റൊരു അണ്ഡത്തിലേക്ക് കടത്തിവിടുകയും ഇത് ബീജസങ്കലനം നടന്ന് ഭ്രൂണമായി മാറുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഭ്രൂണങ്ങള്‍ രണ്ട് ആണ്‍എലികളുടെയും ഡിഎന്‍എ വഹിക്കുന്നവയായിരിക്കും.

സാധാരണ ഗതിയില്‍ ഓരോ ജീനിന്‍റെയും രണ്ട് പകർപ്പുകൾ സന്താനങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ‌ഒന്ന് അമ്മയിൽ നിന്നും ഒന്ന് അച്ഛനിൽ നിന്നും. എന്നാല്‍ ഇതില്‍ ഒന്ന് പ്രകടമായിരിക്കും മറ്റൊന്ന് നിശബ്ദവും. ഇവിടെയാകട്ടെ ഒന്നിനെ നിശബ്ദമാക്കേണ്ടതുണ്ട്. ഈ പ്രക്രിയയിലെ പ്രശ്നങ്ങൾ ഏഞ്ചൽമാൻ സിൻഡ്രോം പോലുള്ള വൈകല്യങ്ങളിലേക്ക് നയിച്ചേക്കാം. മാത്രമല്ല, പരീക്ഷണത്തിലൂടെ നിര്‍മിച്ച 90 ശതമാനം ഭ്രൂണങ്ങളും പ്രായോഗികമല്ലെന്നും പഠനം പറയുന്നു. അതിനാല്‍ ഈ സാങ്കേതികവിദ്യ മനുഷ്യനില്‍ എത്തുന്നതിന് മുന്‍പ് വിജയനിരക്കില്‍ കാര്യമായ പുരോഗതി ആവശ്യമാണ്. മനുഷ്യരെത്തിയാല്‍ സ്വവർഗാനുരാഗികളായ ദമ്പതികൾക്ക് കുട്ടികളുണ്ടാകാനുള്ള പുതിയ വാതിലുകളായിരിക്കും തുറക്കുക.

ആദ്യ ശ്രമത്തിൽ ഇത്തരത്തിലുണ്ടായ ഭ്രൂണങ്ങൾ ഗർഭാവസ്ഥയെ അതിജീവിച്ചുവെങ്കിലും ഗുരുതരമായ വളർച്ചാ വൈകല്യങ്ങൾ കാരണം ജനനശേഷം മരിച്ചു. ഏഴ് ജനിതക മാറ്റങ്ങളാണ് ഇവയില്‍ നടത്തിയിരുന്നത്. കൂടുതല്‍ മാറ്റങ്ങള്‍ നിര്‍മിച്ചതോടെ ഈ പ്രശ്നങ്ങളിൽ പലതും മറികടക്കാൻ കഴിഞ്ഞു. 18 ജനിതക മാറ്റങ്ങളോടെയുള്ള എലികൾക്ക് പ്രായപൂർത്തിയാകുന്നതുവരെ അതിജീവിക്കാൻ കഴിഞ്ഞിരുന്നു. എന്നാല്‍ ജനനത്തിനു ശേഷം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. 19 ജനിതകമാറ്റങ്ങളോടെയുള്ള എലികൾക്ക് ഭ്രൂണാവസ്ഥയില്‍ വളർച്ചാ പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും ജനനശേഷം അവസ്ഥ മെച്ചപ്പെട്ടതായിരുന്നു. അവസാനമായി 20‌ ജനിതക മാറ്റങ്ങള്‍ വരുത്തിയതോടെ ഈ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും എലികള്‍ അതിജീവിക്കുകയും ചെയ്തു.

മുമ്പ് രണ്ട് ആണ്‍ എലികളില്‍ നിന്ന് ജപ്പാനിലെ ശാസ്ത്രജ്ഞര്‍ സന്താനങ്ങളെ വളര്‍ത്തിയെടുത്തിരുന്നു. രണ്ട് പെണ്‍ എലികളില്‍ നിന്നും ജനിതക വസ്തുക്കൾ ഉപയോഗിച്ച് ബീജങ്ങളില്ലാതെ സന്താനങ്ങളെ ഉത്പാദിപ്പിച്ചിരുന്നു. ഇത് രണ്ട് ബീജങ്ങളില്‍‌ നിന്നും സന്താനങ്ങളെ ഉല്‍പാദിപ്പിക്കുന്നതിനെ അപേക്ഷിച്ച് ലളിതമായ പ്രക്രിയയാണ്. നിലവില്‍ ജനിച്ച സന്താനങ്ങളിലെ അവശേഷിക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാന്‍ ജീനുകൾ കൂടുതൽ പരിഷ്‌ക്കരിക്കുമെന്ന് ടീം പഠനത്തില്‍ പറയുന്നു. ഗവേഷണ സംഘം തങ്ങളുടെ പഠനം മറ്റ് ജീവികളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. 

ENGLISH SUMMARY:

Chinese scientists make a revolutionary discovery by creating offspring from two male mice using genetic engineering techniques, challenging previous biological beliefs.