എപ്പോഴും ചര്ച്ചകള്ക്കിടയാകുന്ന ചോദ്യമാണ് ദൈവം ഉണ്ടോ ഇല്ലയോ എന്നത്. എന്നാല്‍ അതിനൊരു ഉത്തരവുമായി എത്തിയിരിക്കുകയാണ് ശാസ്ത്ര ലോകം. ശാസ്ത്രത്തിനും വിശ്വാസത്തിനും ഇടയിലുള്ള അതിർവരമ്പുകൾ മായ്ക്കുന്ന ഒരു വെളിപ്പെടുത്തലായിരിക്കും ഇത്. ദൈവം ഉണ്ട് എന്ന് തെളിയിക്കുന്ന് മാത്തമാറ്റിക്കല്‍ ഫോര്‍മുല കണ്ടെത്തിയെന്നാണ് ഹാര്‍വാര്‍ഡിലെ ആസ്ട്രോഫിസിസ്റ്റ് ഡോ. വില്ലി സൂണ്‍ പറഞ്ഞത്. ദൈവത്തിന്റെ അസ്തിത്വത്തിന്റെ തെളിവ് ഒരു ഗണിത സൂത്രവാക്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ദൈവമുണ്ടോ എന്നുള്ള കാലങ്ങളായുള്ള സംശയത്തിന് ഉത്തരമാണ് ഇതെന്നും പ്രപഞ്ചരഹസ്യത്തില്‍ ഗണിതശാസ്ത്രത്തിന് കൂടി പങ്കുണ്ടെന്നുമാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ശാസ്ത്ര ലോകം ഇത്തരം ആശയത്തെ സമീപിച്ചിരുന്നു. ആദ്യകാലത്ത് പോള്‍ ഡിറാക് എന്ന കേംബ്രിജ് പ്രൊഫസറാണ് ഇതിന് തുടക്കമിടുന്നത്. അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളെ അടിസ്ഥാനമാക്കിയതാണ് നിലവിലെ പഠനം. സ്വാഭാവികമായും, ഈ അവകാശവാദം ശാസ്ത്രം ഉള്‍പ്പെടെയുള്ള മേഖലകളില്‍ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. അതേസമയം ഈ വാദത്തിന് ഇപ്പോഴും വ്യക്തമായ തെളിവുകൾ ഇല്ലെന്നാണ് വിമർശകർ പറയുന്നത്.
ചില കോസ്മിക് സ്ഥിരാങ്കങ്ങൾ അതിശയിപ്പിക്കുന്ന കൃത്യതയോടെ എങ്ങനെ കൂടിച്ചേരുന്നു എന്നതിനെ കുറിച്ചായിരുന്നു പോള്‍ ഡിറാകിന്റെ സിദ്ധാന്തം. പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തിലാക്കിയിരുന്ന പ്രതിഭാസമായിരുന്നു ഇത്. ഇത്തരത്തിലുള്ള പ്രകൃതിയുടെ അടിസ്ഥാന സവിശേഷതകളില്‍ ഗണിതശാസ്ത്രവും സമവാക്യങ്ങളും അടങ്ങിയിരിക്കുന്നതായി പോള്‍ ഡിറാക് വിവരിക്കുന്നു. ഇതിനായി ഗണിതശാസ്ത്രത്തില്‍ ഉയര്‍ന്ന അറിവ് ആവശ്യമാണ്.
പ്രകൃതി എന്തുകൊണ്ടാണ് ഈ രീതിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നാണ് ഇവിടെ ചോദ്യം. അവിടെ ഒരു നിര്‍മാതാവ് ഉണ്ടായിരിക്കണം. അദ്ദേഹം ഒരു ഗണിതശാസ്ത്രജ്ഞനായിരിക്കണം. പ്രപഞ്ചം നിർമ്മിക്കാനും ഗണിത ശാസ്ത്രം ഉപയോഗിച്ചിരിക്കണം, 1963ൽ പോള്‍ ഡിറാക് പറഞ്ഞു. ഡിറാക്കിന്റെ സിദ്ധാന്തത്തെ ഉദ്ധരിച്ചായിരുന്നു വില്ലി സൂണിന്റെയും പ്രസ്താവന.