image: Iran Tourism/ Instagram
പെരുമഴയ്ക്ക് പിന്നാലെ ഇറാനിലെ കടല്‍ത്തീരം ചോര പോലെ ചുവന്നതും കടലിലെ വെള്ളം ചുവന്നതും കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ ലോകം. ഇറാനിലെ ഹോര്‍മൂസ് കടലിടുക്കിലെ മഴവില്‍ ദ്വീപിലാണ് സംഭവം. ലോകാവസാനത്തിന്‍റെ ലക്ഷണമാണിത് എന്നതടക്കം ഗൂഢാലോചന സിദ്ധാന്തങ്ങള്‍ വിഡിയോകള്‍ക്ക് പിന്നാലെ സമൂഹമാധ്യമമായ എക്സിലും പ്രചരിച്ചു.
'രക്തമഴ'യില്‍ ആശങ്ക വേണോ?
ഫെബ്രുവരിയില്‍ ഹോര്‍മൂസില്‍ പെയ്ത മഴയുടെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ രണ്ട് ദിവസം മുന്‍പാണ് വ്യാപകമായി പ്രചരിച്ചതെന്നും ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മഴ പെയ്യുമ്പോള്‍ മണ്ണ് ചോരപോലെ ചുവന്ന് തുടുക്കുന്നത് ഹോര്‍മൂസിലെ തീരപ്രദേശത്ത് പതിവാണെന്ന് നാട്ടുകാരും പറയുന്നു. ചുവപ്പന്‍ ബീച്ച് എന്നാണ് ഈ കടല്‍ത്തീരം അറിയപ്പെടുന്നത് തന്നെ. പെരുമഴ പെയ്താല്‍ ചുവന്ന മണ്ണ് തീരപ്രദേശത്തേക്ക് ഒഴുകിയെത്തും. കടലിലെ ജലവും തിരകളുമായി ഇത് കൂടിച്ചേരുന്നതോടെ ചോര പോലെ ചുവക്കും. ഇതാണ് പ്രതിഭാസത്തിന് കാരണമെന്നും മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.
മണ്ണ് ചുവക്കാന്‍ കാരണമെന്ത്?
വര്‍ഷത്തില്‍ എപ്പോഴെല്ലാം മഴ പെയ്യുമോ അപ്പോഴെല്ലാം രക്തമഴ പ്രതിഭാസം ഹോര്‍മൂസില്‍ ഉണ്ടാകാറുണ്ട്. ഈ കാഴ്ച കാണുന്നതിനായി നിരവധി സഞ്ചാരികളും കടലിടുക്കിലേക്ക് എത്താറുണ്ട്. പ്രദേശത്തെ മണ്ണില്‍ ഉയര്‍ന്ന തോതില്‍ അയണ്‍ ഓക്സൈഡ് അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് കടലിലെ വെള്ളവുമായി കലരുന്നതോടെ സവിശേഷമായ ചുവപ്പ് നിറം തീരത്തിന് കൈവരുന്നതാണെന്ന് ഇറാനിലെ വിനോദസഞ്ചാര ബോര്‍ഡിനെ ഉദ്ധരിച്ച് സിഎന്‍എന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗന്ദര്യം കൂട്ടാം, ജാമിലും ചേര്‍ക്കാം; 'ചില്ലറ' തടയും മണ്ണ്!
വ്യാവസായിക അടിസ്ഥാനത്തില്‍ വളരെ പ്രാധാന്യം ഈ ചുവപ്പ് മണ്ണിനുണ്ട്. സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉണ്ടാക്കുന്നതിനും, കൃത്രിമ നിറം നല്‍കുന്നതിനും പാത്രങ്ങളും ഗ്ലാസുകളും നിര്‍മിക്കുന്നതിനും എന്ന് തുടങ്ങി പ്രാദേശിക ഭക്ഷണത്തില്‍ പ്രത്യേകിച്ചും ജാമും സോസുമുണ്ടാക്കാന്‍ വരെ മണ്ണ് ഉപയോഗിച്ചുവരുന്നു.