ബഹിരാകാശ സാങ്കേതിക വിദ്യയില്‍ വന്‍മുന്നേറ്റവുമായി ഇന്ത്യ. സ്പേസ് ഡോക്കിങ് സാങ്കേതിക വിദ്യയില്‍ ഇസ്റോ സമ്പൂര്‍ണ വിജയം നേടി. ഇതോടെ ബഹിരാകാശത്തുവച്ചു രണ്ട് ഉപഗ്രഹങ്ങളെ കൂട്ടി യോജിപ്പിക്കാനും വേര്‍പ്പെടുത്താനും ശേഷിയുള്ള ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ. ഭാവി ദൗത്യങ്ങള്‍ക്ക് നിര്‍ണായകമായ പരീക്ഷണ വിജയം നേടിയ ഇസ്റോ ടീമിനെ കേന്ദ്ര ശാസ്്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് അഭിനന്ദിച്ചു.
ബഹിരാകാശ സങ്കേതിക വിദ്യയില്‍ രാജ്യാത്തര തലത്തില്‍ ഇന്ത്യയുടെ സ്ഥാനം ഒരിക്കല്‍ കൂടി അരക്കെട്ടുറപ്പിക്കുന്നതാണ് സ്പേസ് ഡോക്കിങ് സാങ്കേതിക വിദ്യയിലുള്ള സമ്പൂര്‍ണ വിജയം. ഡിസംബര്‍ 30നു പി.എസ്.എല്‍.വി.–60 റോക്കറ്റിന്റെ ചിറകില്‍ ഭ്രമണപഥത്തിലെത്തിയ ഉപഗ്രങ്ങളായ ചേസറിനെയും ടാര്‍ജറ്റിനെയും കൂട്ടി യോജിപ്പിച്ചതു ജനുവരി പതിനാറിനു പുലര്‍ച്ചെ. പിന്നീട് അനുകൂല സാഹചര്യത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഇസ്റോ.
ഡോക്കിങ് പലതവണ മാറ്റിവച്ചിരുന്നതിനാല്‍ ഓരോ നീക്കങ്ങളും കരുതലോടെയായിരുന്നു. സാഹചര്യങ്ങള്‍ അനുകൂലമായതോടെ രാവിലെ വേര്‍പെടുത്താനുള്ള ശ്രമം തുടങ്ങി. ഒന്‍പതുമണിയോടെ ദൗത്യം പൂര്‍ത്തിയാക്കി. ഇതോടെ റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ക്കു പിറകെ ഈ സാങ്കേതിക വിദ്യ നേടുന്ന ലോകത്തിലെ നാലാത്തെ ശക്തിയായി ഇന്ത്യ. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനും ഭാരതീയ അന്തരീക്ഷ സ്റ്റേഷനെന്ന സ്വന്തം ബഹിരാകാശ നിലയത്തിനും അവശ്യം വേണ്ട സാങ്കേതിക വിദ്യയാണ് സ്പേസ് ഡോക്കിങ്.