ബഹിരാകാശ ദൗത്യങ്ങളില്‍ പുതുചരിത്രം കുറിച്ച് ബ്ലൂ ഓര്‍ജിന്‍ സ്പേസ് കമ്പനിയുടെ എന്‍.എസ്–31. സംഘാംഗങ്ങള്‍ എല്ലാവരും വനിതകളാകുന്ന ആദ്യ ദൗത്യമെന്ന ഘ്യാതിയാണ് എന്‍.എസ്–31ന്‍റെ പേരിലായത്. പ്രശസ്ത ഗായിക കാറ്റി പെറി ഉള്‍പ്പെടെയുള്ള ആറുവനിതകളാണ് ചരിത്രം തൊട്ടത്.
യു.എസിലെ വെസ്റ്റ് ടെക്സസില്‍ നിന്ന് ആറ് വനിതകളുമായി എന്‍.എസ് –31 കുതിച്ചുയര്‍ന്നത് ബഹിരാകാശത്തേക്ക് മാത്രമല്ല, മറിച്ച് ചരിത്രത്തിലേക്ക് കൂടിയായിരുന്നു. പത്തുമിനിറ്റോളം മാത്രം നീണ്ടുനിന്ന ദൗത്യമാണ് ചരിത്രത്തിന്റെ ഭാഗമായത്. പ്രശസ്ത ഗായിക കാറ്റി പെറി, ബ്ലൂ ഓര്‍ജിന്റെ ഉടമ ജെഫ് ബെസോസിന്റെ പങ്കാളി ലോറന്‍ സാഞ്ചസ്, ആക്ടിവിസ്റ്റ് അമാന്‍ഡ എന്‍ഗ്വയെന്‍, മാധ്യമ പ്രവര്‍ത്തക ഗെയ്ല്‍ കിങ്, നാസയുടെ മുന്‍ ശാസ്ത്രഞ്ജ ഐഷ ബോവ്, നിര്‍മാതാവ് കെറിയാന്‍ ഫ്ലിന്‍ എന്നിവരായിരുന്നു അതിരുകളില്ലാത്ത ആകാശത്തിലെ അവസരങ്ങളെ ചരിത്രമാക്കി മാറ്റിയത്.
സമുദ്രനിരപ്പില്‍ നിന്ന് 100 കിമോ അകലെയുള്ള കര്‍മാന്‍ രേഖയിലൂടെ മിനുറ്റുകള്‍ മാത്രം സഞ്ചരിച്ചാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. ഭൂമിയുടെ അന്തരീക്ഷത്തെയും ബഹിരാകാശത്തെയും വേര്‍തിരിക്കുന്ന സാങ്കല്‍പ്പിക രേഖയാണ് ഇത്. ഏകദേശം നാലുമിനുറ്റോളം രേഖയിലൂടെ സഞ്ചരിച്ച് ഭൂമിയെയും ബഹിരാകാശത്തെയും സഞ്ചാരികള്‍ക്ക് നോക്കി കാണം. സ്പേസ് ടൂറിസം ലക്ഷ്യമിട്ടാണ് ബ്ലൂ ഓര്‍ജിന്‍ എന്‍.എസ് മിഷനുകള്‍ക്ക് 2021 ല്‍ തുടക്കം കുറിച്ചത്. ഓരോ സീരീസുകളും വിജയകരമാകുന്നതോടെ സ്പേസ് ടൂറിസം സാധാരണ ജനങ്ങളിലേക്കെത്താനുള്ള ദൂരവും കുറയുകയാണ്. എന്‍.എസ്–31ന്റെ വിജയത്തോടെ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്.