കാസര്‍കോട് മരിച്ച മൂര്‍സീന ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിട്ടത് ക്രൂരപീഡനം. പ്രസവിച്ച് കിടന്നപ്പോള്‍പ്പോലും ഭക്ഷണം കൊടുത്തില്ലെന്നും സ്വര്‍ണത്തിനും പണത്തിനുമായി ഭര്‍തൃവീട്ടുകാര്‍ ഉപദ്രവിക്കുമായിരുന്നെന്നും മുര്‍സീനയുടെ വീട്ടുകാര്‍ ആരോപിച്ചു.
ഗള്‍ഫിലേക്ക് പോകണമെന്നും അതിനാല്‍ 20 ദിവസം കൊണ്ട് കല്ല്യാണം വേണമെന്നും അസ്ക്കറിന്‍റെ കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നിട്ടും ഉടന്‍ വിവാഹം നടത്തിയത്. എന്നാല്‍ വിവാഹത്തിന് ശേഷം അസ്ക്കര്‍ ജോലിക്ക് പോയിട്ടില്ല. ഇത് മുര്‍സീന ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഭര്‍തൃമാതാവ് അടക്കമുള്ളവര്‍ മുര്‍സിനയെ ഉപദ്രവിക്കാന്‍ തുടങ്ങി. തലക്ക് അടിച്ചും പുറത്ത് ചവിട്ടിയും മര്‍ദിച്ചു. ചില ദിവസങ്ങളില്‍ വേണ്ട ഭക്ഷണം പോലും നല്‍കിയില്ല. ആദ്യമൊന്നും ഇക്കാര്യങ്ങള്‍ മുര്‍സീന തന്‍റെ വീട്ടില്‍ പറഞ്ഞിരുന്നില്ല.
മരണശേഷം മുര്‍സീനയുടെ കുഞ്ഞ് തന്നെ വീട്ടുകാരോട് മരണം നടന്ന ദിവസം മുര്‍സീനയെ ഭര്‍ത്താവ് ഉപദ്രവിച്ചെന്നും ഷാള്‍ കഴുത്തില്‍ കെട്ടിയെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പൊലീസ് മുഖവിലക്കെടുത്തില്ല.
ഒരാള്‍ക്ക് നില്‍ക്കാന്‍ മാത്രമുള്ള ഉയരമാണ് മുര്‍സീന ആത്മഹത്യ ചെയ്തെന്ന് പറയുന്ന കട്ടിലും ബര്‍ത്തും തമ്മിലുള്ളത്. ഇവിടെ എങ്ങനെയാണ് ഒരാള്‍ തൂങ്ങിമരിക്കുക എന്നാണ് കുടുംബം ഉയര്‍ത്തുന്ന ചോദ്യം.