TOPICS COVERED

പുണ്യ റമസാനായി ഒരുങ്ങി ഗൾഫ്. മിക്കയിടങ്ങളിലും ഇഫ്താർ ടെന്റുകൾ ഉയർന്നു. ഓഫിസ് സമയങ്ങളിൽ ക്രമീകരണം വരുത്തി ഗൾഫ് രാജ്യങ്ങൾ. പാർക്കിങ്ങ് , സാലിക് , മെട്രോ സമയങ്ങളിൽ മാറ്റം വരുത്തി യുഎഇയിലെ എമിറേറ്റുകൾ. മനസും ശരീരവും ദൈവത്തിൽ അർപ്പിച്ചു ആത്മസംയമനത്തിന്റെ പാതയിലേക്ക് കടക്കുകയാണ് റമസാൻ മാസത്തിൽ ഓരോ വിശ്വാസിയും. ജീവിതത്തില്‍ വിശുദ്ധി കൈവരിക്കാന്‍ വിശ്വാസികളെ ക്ഷണിക്കുകയാണ് ഓരോ റമസാനും. ഇസ്്ലാംമത വിശ്വാസത്തിന്‍റെ അടിസ്ഥാന ശിലകളില്‍ നാലാമത്തേതാണ് ഹിജ്റ വര്‍ഷത്തിലെ ഒന്‍പതാം മാസമായ റമസാനിലെ വ്രതാനുഷ്ഠാനം.  

ആരാധനാലയങ്ങളെല്ലാം അറ്റകുറ്റപ്പണി ചെയ്തും വൃത്തിയാക്കിയും പെയിന്റടിച്ചും പരവതാനികൾ മാറ്റിയും കൂടുതൽ വിശ്വാസികളെ ഉൾക്കൊള്ളുംവിധം വിപുലീകരിച്ചും റമസാനിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി. റമസാനിൽ കൂടുതൽ വിശ്വാസികൾ എത്തുന്ന പള്ളികളിലെല്ലാം നമസ്കാരത്തിനും മറ്റുമായി അധിക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആരാധനാലയങ്ങളിൽ കൂടുതൽ ഖുർആൻ പ്രതികളും എത്തിച്ചുകഴിഞ്ഞു. റമസാന് മുന്നോടിയായി വിശ്വാസികളെ സജ്ജരാക്കാൻ മസ്ജിദുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകളും നടത്തിവരുന്നുണ്ട്. നോമ്പിനും പ്രാർഥനയ്ക്കുമൊപ്പം പങ്കുവയ്ക്കലിന്റെ സന്ദേശം കൂടിയാണ് ഇഫ്താറിനായി ഒരുക്കിയ ഈ ടെന്റുകൾ പകർന്നു നൽകുന്നത്.   മലയാളികൾ ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിൽ യുഎഇയിലെ വിവിധയിടങ്ങളിലായി ഇത്തരം അനേകം ടെന്റുകൾ ഉയർന്നു കഴിഞ്ഞു. പുണ്യമാസത്തിൽ മനസും ശരീരവും ശുദ്ധീകരിച്ച് സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകങ്ങളായി മാറും ഈ തമ്പുകൾ

ഉള്ളവൻ ഇല്ലാത്തവന് നൽകുന്ന മഹത്തായ കാഴ്ചയാണ് ഓരോ റമസാൻ മാസവും ഇഫ്താർ ടെന്റുകളും സമ്മാനിക്കുന്നത്. കണ്ട് പഠിക്കാൻ ഒരുപാടുണ്ട് പുണ്യപ്രവൃത്തികളുണ്ട് നോമ്പുകാലത്ത്, ദുബായ് കെഎംസിസിയുടെ നേതൃത്വത്തിൽ മാത്രം ഓരോ ദിവസവും 2500 ഭക്ഷണപൊതികളാണ് ദിവസേന റമസാനിൽ വിതരണം ചെയ്യാൻ ഒരുങ്ങുന്നത്.  ദുബായ് ഫോക്‌ലോര്‍ സൊസൈറ്റി ഗ്രൗണ്ടില്‍ സജ്ജീകരിക്കുന്ന ഇഫ്താര്‍ ടെന്റില്‍ ഓരോ ദിവസവും 2500 പേര്‍ക്കുള്ള നോമ്പുതുറ വിഭവങ്ങൾ ഒരുക്കും. അതേസമയം ഷാർജ കെഎംസിസി സംസ്ഥാന കമ്മറ്റി ദിവസവും 1500 പേർക്ക്  നോമ്പ് തുറക്കാനുള്ള സൗകര്യം ഒരുക്കും . ഷാർജ റോളയിൽ ഇഫ്താർ ടെന്റ് ഒരുങ്ങി

സർക്കാർ സ്വകാര്യ മേഖല ജീവനക്കാരുടെ ജോലി സമയത്തിലും ഇളവ് അനുവദിച്ചു. യുഎഇയിൽ സർക്കാർ മേഖലയിൽ ഉള്ളവർക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ ഒൻപത് മുതൽ ഉച്ചക്ക് 12 മണിവരെയുമാണ് പ്രവൃത്തി സമയമായി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ചകളിൽ ഒന്നര മണിക്കൂറും   മറ്റ് ദിവസങ്ങളിൽ മൂന്നര മണിക്കൂറും കുറച്ച് ജോലി ചെയ്താൽ മതി. ഷാ‍ർജയിൽ വെള്ളി ഉൾപ്പെടെ മൂന്ന് ദിവസം വാരാന്ത്യ അവധി തുടരും. 70 ശതമാനം ജീവനക്കാരെ വരെ വെള്ളയാഴ്ചകളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കും. അതേസമയം സ്വകാര്യമേഖലയിൽ ഉള്ളവരുടെ ജോലി സമയം ദിവസേന രണ്ട് മണിക്കൂർ വീതം കുറയ്ക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.  

ഇതിന് പുറമെ ദുബായിൽ  സാലിക്, പാർക്കിങ്, മെട്രോ സമയങ്ങളിലും നിരക്കുകളിൽ മാറ്റമുണ്ടാകുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. തിങ്കൾ മുതൽ വ്യാഴം വരെയും ശനിയാഴ്ചകളിലും മെട്രോ രാവിലെ അഞ്ച് മുതൽ രാത്രി പന്ത്രണ്ട് വരെ സർവീസ് നടത്തും. വെള്ളിയാഴ്ചകളിൽ രാത്രി ഒരു മണിവരെ സർവീസ് നീളും. ട്രാം സമയങ്ങളിലും മാറ്റമുണ്ട്. ബസ്, മറീൻ സർവീസുകളുടെ സമയം അറിയാൻ സഹൈൽ ആപ്പോ ആർടിഎയുടെ വെബ്സൈറ്റോ പരിശോധിക്കണമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു.

അതേസമയം തിങ്കൾ മുതൽ ശനിവരെ വൈകിട്ട് ആറ് മുതൽ രാത്രി എട്ട് വരെ പാർക്കിങ് സൗജന്യമാണ്. എന്നാൽ രാത്രി പത്തിന് പകരം 12 വരെ പാർക്കിങ് ഫീസ് ഈടാക്കും. ഷാർജയിൽ രാവിലെ മുതൽ രാത്രി പന്ത്രണ്ട് മണിവരെ പാർക്കിങ് സമയം ദീർഘിപ്പിച്ചു. പ്രാർഥനയ്ക്ക് എത്തുന്നവർക്കായി ആരാധനാലയങ്ങളുടെ സമീപത്ത് സൗജന്യ പാർക്കിങ് ഒരുക്കിയിട്ടുണ്ട്. സമയത്തിന് അനുസരിച്ച് ടോൾ നിരക്കിലും മാറ്റമുണ്ട്.  

അവശ്യസാധനങ്ങൾ ഇളവ് പ്രഖ്യാപിച്ച് പ്രമുഖ സ്ഥാപനങ്ങളും രംഗത്തെത്തിയിട്ടുണ്ട്.  നാലായിരത്തിലേറെ ഉൽപന്നങ്ങൾക്ക് 60 ശതമാനം വരെ വിലക്കുറവാണ് അഡ്കോപ് പ്രഖ്യാപിച്ചിരിക്കുന്നത്.  185 അവശ്യ വസ്തുക്കളുടെ വില കഴിഞ്ഞ വർഷത്തെക്കാൾ കുറച്ചു. അവശ്യസാധനങ്ങൾ ഉൾപ്പെടുത്തി 100, 150 ദിർഹം വിലയുള്ള 2 റമസാൻ കിറ്റുകളും പുറത്തിറക്കി.  അതേസമയം  5500 ലേറെ ഉൽപന്നങ്ങൾക്ക് 65 ശതമാനം വരെ വിലക്കുറവാണ് ലുലു സ്റ്റോറുകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്.  വിലസ്ഥിരത ഉറപ്പാക്കുന്നതിന് 300ലേറെ അവശ്യ ഉത്പന്നങ്ങൾക്ക് പ്രൈസ് ലോക്ക് സംവിധാനം ഏർപ്പെടുത്തി. 'ഹെൽത്തി റമദാൻ' ക്യാംപെയ്ന്‍റെ ഭാഗമായി ഷുഗർഫ്രീ ഉൽപന്നങ്ങൾ അടക്കം പ്രത്യേക ഭക്ഷ്യ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്.  

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വിവിധ എമിറേറ്റുകളിൽ പരിശോധന കർശനമാക്കി. ഇഫ്താർ ടെന്റുകൾ ഒരുക്കാൻ 100 പെർമിറ്റുകളാണ് ദുബായ് മുനിസിപ്പാലിറ്റി ഇക്കുറി നൽകിയിരിക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷയും ഗതാഗതതിരക്കുമെല്ലാം കണക്കിലെടുത്ത് റമസാൻ മാസത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഷാർജ പൊലീസ് ഒരുക്കിയത്.    

ENGLISH SUMMARY:

Gulf this week on ramadan