പ്രബുദ്ധമായ കേരളരാഷ്ട്രീയം, പ്രബുദ്ധരായ കേരളജനത എന്നൊക്കെ നമ്മള്‍ നാഴികയ്ക്ക് നാല്‍പതുവട്ടം കേള്‍ക്കുന്നതാണ്. ശരിക്കും എത്ര മാത്രം പ്രബുദ്ധമാണ് നമ്മുടെ രാഷ്ട്രീയം? ഉത്തരമറിയില്ലെങ്കില്‍ ബലാല്‍സംഗക്കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ  കുരുക്കാന്‍ വേണ്ടി നടന്ന ഗൂഢാലോചന വ്യക്തമാക്കുന്ന CBI റിപ്പോര്‍ട്ട് ഒന്നു വായിച്ചു നോക്കണം. ആരോപണം വ്യാജമായി എഴുതിച്ചേര്‍ക്കാനും ഏറ്റെടുക്കാനും മുതലെടുക്കാനും നടന്ന മല്‍സരം കേരളരാഷ്ട്രീയചരിത്രത്തിലെ ഏറ്റവും കളങ്കിതമായ ഏടായി നിലനില്‍ക്കും. ആ ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസിലുള്ള ആശയക്കുഴപ്പം ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനു സംഭവിക്കാവുന്ന ഏറ്റവും വലിയ അധഃപതനമാണ്. ആ അധഃപതനം മുതലെടുത്തു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സി.പി.എമ്മും കേരളത്തിന്റെ മനഃസാക്ഷിയെ വെല്ലുവിളിക്കുകയാണ്. ഏത് അപരാധവും നിശബ്ദമായി മായ്ച്ചുകളയുന്ന ഒത്തുതീര്‍പ്പുകളാണ് ഇന്ന് കേരളരാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. ആരൊക്കെ ഒത്തുതീര്‍ത്താലും ഈ ഗൂഢാലോചനയുടെ ഉത്തരവാദികളാരാണെന്നറിയാനുള്ള അവകാശം കേരളത്തിനുണ്ട്. അത് നമ്മളെങ്കിലും വീണ്ടും വീണ്ടും ചോദിച്ചേ പറ്റൂ. 

 

ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണമുയര്‍ത്തിയതിനു പിന്നില്‍ ഗൂഢാലോചനയും സാമ്പത്തിക ഇടപാടുമുണ്ടായെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. സി.ബി.ഐ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത് കഴിഞ്ഞ വര്‍ഷാവസാനം ഡിസംബര്‍ മാസത്തിലാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ ബലാല്‍സംഗത്തിനോ അഴിമതിക്കോ തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഉമ്മന്‍ചാണ്ടിയുടെ പേര് വ്യാജമായി എഴുതിച്ചേര്‍ക്കാന്‍ നടന്ന ഗൂഢാലോചനയുടെ വിവരങ്ങളും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. മുന്‍മുഖ്യമന്ത്രിയെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ നടത്തിയ ഹീനമായ നീക്കങ്ങള്‍ CBI റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. 2012 സെപ്റ്റംബര്‍ 19ന് ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ആ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നു പോലുമില്ലായിരുന്നുവെന്ന് ക്രൈബ്രാഞ്ചിനെപ്പോെല സി.ബി.ഐയും കണ്ടെത്തി. എന്നു മാത്രമല്ല, മുഖ്യമന്ത്രിയെ ബലാല്‍സംഗക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും സി.ബി.ഐ കണ്ടെത്തി.  ഒന്നോര്‍ക്കണം, ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഔദ്യോഗികവസതിയില്‍ വച്ച് ഒരു വനിതയെ പീഡിപ്പിച്ചു എന്ന ഗുരുതരമായ ആരോപണമാണ് ഗൂഢാലോചനയായിരുന്നുവെന്ന് വ്യക്തമായത്.പിന്നിലാരായിരുന്നുവെന്നും എന്തിനായിരുന്നുവെന്നും ഒക്കെ കേരളത്തിന് ബോധ്യമാകുന്ന വിവരങ്ങള്‍ CBI റിപ്പോര്‍ട്ടിലുണ്ട്. ഭരണത്തിനും അധികാരത്തിനും വേണ്ടി മനുഷ്യരെ എത്ര ഹീനമായി അപമാനിക്കാനും തയാറാകുന്നതാണോ കേരളത്തിന്റെ രാഷ്്ട്രീയപ്രബുദ്ധത? ഉമ്മന്‍ചാണ്ടി എന്ന വ്യക്തി നേരിട്ട അപമാനം മാത്രമല്ല ഇവിടെ പ്രശ്നം. കേരളരാഷ്ട്രീയത്തിനും സമൂഹത്തിനും ഏല്‍പിച്ച ഈ അപമാനത്തിനും കളങ്കത്തിനും മറുപടി പറയേണ്ടതാരാണ്? കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇതിനു മറുപടി പറയാനുള്ള ഉത്തരവാദിത്തമില്ലേ?

 

ഇതൊന്നും ആദ്യമായി കേള്‍ക്കുന്നതല്ല, ഇതേ ഫെനി ബാലകൃഷ്ണന്‍ ഇതേ വാദം സോളര്‍ ജുഡീഷ്യല്‍ അന്വേഷണകമ്മിഷനു മുന്നിലും മാധ്യമങ്ങള്‍ക്കു മുന്നിലും പലയാവര്‍ത്തി പറഞ്ഞിട്ടുള്ളതാണ്. ഇതേക്കുറിച്ച് ഈ ആരോപണത്തില്‍ ഉള്‍പ്പെട്ട ശരണ്യമനോജ് തന്നെ ഒരിക്കല്‍ മാനസാന്തരപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയതാണ്.  CBI റിപ്പോര്‍ട്ട് പ്രകാരം, ശരണ്യമനോജും പരാതിക്കാരിയും കൂടിയാണ് ഉമ്മന്‍ചാണ്ടിയുടെ പേര് കൂട്ടിച്ചേര്‍ത്ത കത്ത് ദല്ലാള്‍ നന്ദകുമാറിന് കൈമാറുന്നത്. നന്ദകുമാര്‍ അത് ചാനലിനു കൈമാറുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം നടന്നുകൊണ്ടിരിക്കേ 2016 ഏപ്രില്‍ 3ന് വാര്‍ത്ത പുറത്തു വരുന്നു. സി.പി.എം നേതാക്കളുടെ സമ്മര്‍ദത്താലാണ് ചെയ്തതെന്നു CBI–യ്ക്ക് മൊഴി നല്‍കിയ നന്ദകുമാര്‍ ഇപ്പോഴും കാര്യങ്ങള്‍ ഏറ്റുപറയുന്നു.  എന്താണ് സംഭവിച്ചതെന്ന് ബോധമുള്ളവര്‍ക്കെല്ലാം ബോധ്യമായി. എന്തിനു വേണ്ടി, ആരുടെ തീരുമാനം, ആരൊക്കെ ഇടപെട്ടു എന്നു മാത്രമാണ് ഇനി അറിയാനുള്ളത്. പക്ഷേ ഈ ചോദ്യങ്ങള്‍ ചോദിക്കാനും നിര്‍ബന്ധപൂര്‍വം ഉത്തരം ആവശ്യപ്പെടാനും ആരുണ്ടെന്നാണ് കേരളം കരുതേണ്ടത്? കെ.ബി.ഗണേഷ്കുമാര്‍ എം.എല്‍.എയ്ക്കെതിരെയാണ്  കത്ത് തിരുത്തിച്ചുവെന്ന ആരോപണം.  ഇതേ നിഷ്കളങ്കത ശരണ്യമനോജും മാധ്യമങ്ങള്‍ക്കു മുന്നില്‍ ആവര്‍ത്തിച്ചു. പക്ഷേ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും അത്ര നിഷ്കളങ്കത നടിക്കേണ്ട കാര്യമില്ല

 

നന്ദകുമാര്‍ പ്രതികരിക്കും മുന്‍പ് സി.പി.എം നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് നന്ദകുമാറിന്റെ മൊഴിയെന്നു പറഞ്ഞപ്പോഴേക്കും സഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രകടനം പ്രത്യേക പരാമര്‍ശിക്കേണ്ടതാണ്.  പക്ഷേ അങ്ങനെയൊന്നും ഇറക്കിവിട്ടിട്ടില്ലെന്ന് അവകാശപ്പെട്ട നന്ദകുമാര്‍ ഇടക്കാലത്ത് അകല്‍ച്ചയിലായ ബന്ധം പുനഃസ്ഥാപിച്ച കഥയും വിസ്തരിച്ചിട്ടുണ്ട്.  ഇറക്കിവിട്ടയാളെന്നു കേരളത്തിന്റെ മുഖ്യമന്ത്രി നിയമസഭയില്‍ അവകാശപ്പെട്ട വ്യക്തിയാണ് തൊട്ടടുത്ത ദിവസം പരസ്യമായി മുഖ്യമന്ത്രിയുമായി കൂടി ചര്‍ച്ച നടത്തിയാണ് ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാപരോപണം പുറത്തുവിട്ടത് എന്നവകാശപ്പെട്ടിരിക്കുന്നത്. അതിന് ഇതുവരെ മറുപടിയില്ല, നിഷേധക്കുറിപ്പില്ല,  ഇടയ്ക്കിടെ സ്വയം അഭിരമിക്കുന്ന വിജയന്‍ മാഹാത്്മ്യങ്ങളുമില്ല. മുന്‍മുഖ്യമന്ത്രിയും നിലവിലെ മുഖ്യമന്ത്രിയും അറിഞ്ഞുകൊണ്ടാണ് മറ്റൊരു മുന്‍മുഖ്യമന്ത്രിയെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നത് എന്ന ആരോപണം നിലനില്‍ക്കുന്നതുപോലും കേരളരാഷ്ട്രീയത്തിന് അപമാനമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി മറുപടി പറയണം.  പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ഗൂഢാലോചനയുടെ പ്രഭവകേന്ദ്രം കൊട്ടാരക്കരയാണ്. കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയുടെ അടുത്ത അനുയായി ആയിരുന്ന , ശരണ്യമനോജും പരാതിക്കാരിയും ചേര്‍ന്നാണ് ഉമ്മന്‍ചാണ്ടിയുടെയും ജോസ് കെ.മാണിയുടെയും പേരെഴുതിച്ചേര്‍ത്തതെന്നാണ് വെളിപ്പെടുത്തലുകളിലുള്ളത്. CBI റിപ്പോര്‍ട്ടിലെ മൊഴികളും പ്രതികരണമായി പുറത്തു വന്ന  വെളിപ്പെടുത്തലുകളുമനുസരിച്ച് ഇക്കാര്യമാണ് പൊതുസമൂഹത്തിനു മുന്നിലുള്ളത്. 2015 ഏപ്രിലില്‍ എഴുതിച്ചേര്‍ത്തെന്നാണ് മൊഴി.  അക്കാലത്ത് ഉമ്മന്‍ചാണ്ടിയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. 2015ല്‍ എഴുതിച്ചേര്‍ത്തെങ്കിലും ഒരു വര്‍ഷം ഇക്കാര്യം പുറത്തുവിടുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിരുന്നില്ല. 2016ലെ നിയമസഭാതിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണം പുറത്തു വന്നത്. പുറത്തു വന്നതെങ്ങനെയാണെന്ന വെളിപ്പെടുത്തലും ഇപ്പോള്‍ നമുക്ക് മുന്നിലുണ്ട്. 

 

വ്യാജമായി എഴുതിച്ചേര്‍ത്ത ലൈംഗികാരോപണവുമായി ഗൂഢാലോചനക്കാര്‍ അവസരം പാത്തിരുന്നു. ഇടതുമുന്നണിയിലെ സമുന്നതനേതാവ് ഇടപെട്ടു. വി.എസിന്റെ നിര്‍ദേശപ്രകാരം കത്ത് കൈവശപ്പെടുത്തിയെന്നാണ് നന്ദകുമാര്‍ ആവര്‍ത്തിക്കുന്നത്. പുറത്തു വിടുന്നതിനു മുന്‍പായി പിണറായി വിജയന്റെയും അനുമതി ഉറപ്പാക്കി. അങ്ങനെ ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണം കേരളത്തിനു മുന്നില്‍ അവതരിപ്പിച്ചു. ഇതില്‍ ഗൂഢാലോചന നടത്തി പേരെഴുതിച്ചേര്‍ത്തവര്‍ക്കൊപ്പം തന്നെ ഉത്തരവാദിത്തമുണ്ട് അത് പുറത്തുവിട്ടവര്‍ക്കും. ഇടതുമുന്നണിയുടെ മുന്‍മുഖ്യമന്ത്രിക്കും നിലവിലെ മുഖ്യമന്ത്രിക്കും മറുപടി പറയാന്‍ ബാധ്യതയുണ്ട്.  ഗൂഢാലോചന നടത്തിയെന്നാരോപണം നേരിടുന്ന എം.എല്‍.എ. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ മുന്‍മന്ത്രി കൂടിയാണ്. അദ്ദേഹത്തിനു രാജിവയ്ക്കേണ്ടി വന്ന സാഹചര്യമൊന്നും കേരളം മറന്നിട്ടില്ല.  ഗണേഷിന് മന്ത്രിസ്ഥാനം തിരികെ കിട്ടാന്‍ വേണ്ടിയാണ് സോളര്‍ തട്ടിപ്പുകാരിയുടെ ലൈംഗികാരോപണങ്ങള്‍ മാറ്റിയും മറിച്ചും എഴുതിയതെന്നാണ് അന്ന് എല്ലാത്തിനും കൂട്ടുനിന്ന അഭിഭാഷകന്‍ ആവര്‍ത്തിച്ചു വെളിപ്പെടുത്തുന്നത്. അദ്ദേഹം ഇടതുമുന്നണിയിലേക്കു കൂടു മാറിയ നേരത്താണ് ഇക്കാര്യങ്ങളൊക്കെ സംഭവിക്കുന്നതെന്നത് പ്രത്യേകം ഓര്‍ക്കണം. 

 

കേരളാകോണ്‍ഗ്രസ് ബിയുടെ ഇടതുമുന്നണി പ്രവേശത്തിനൊപ്പമാണ് മുന്‍മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയും നടന്നത് എന്നത് വ്യക്തം. എന്നിട്ടും പുറത്തുവരാതിരുന്ന ലൈംഗികാരോപണം ചാനലിലൂടെ പുറത്തു വിട്ടത് 2016 ലെ നിയമസഭാതിര‍ഞ്ഞെടുപ്പ് കാലത്ത്. അവിടെയും അവസാനിച്ചൊന്നുമില്ല. തിരഞ്ഞെടുപ്പിനു ശേഷം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ ഭരണകാലം മുഴുവന്‍,  ഈ ലൈംഗികാരോപണ പരാതികള്‍ ആവശ്യാനുസരണം എടുത്തുപയോഗിച്ചിട്ടുണ്ട്. എന്നിട്ട് മുഖ്യമന്ത്രി നിയമസഭയില്‍ നിന്നു പറയുന്നു. ഞങ്ങള്‍ ഇതിലൊരു രാഷ്ട്രീയമുതലെടുപ്പും നടത്തിയിട്ടില്ലെന്ന്. മുഖ്യമന്ത്രിക്ക് ഓര്‍മക്കുറവാണെങ്കില്‍ കേരളം ഒന്നോര്‍മിപ്പിച്ചുകൊടുക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു തന്നെ നിര്‍വഹിച്ച രാഷ്ട്രീയമുതലെടുപ്പ്.  ഈ ദിവസം പിണറായി വിജയന്‍ മറന്നു പോയാലും കേരളം മറന്നിട്ടില്ല. വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിവസം വോട്ടര്‍മാര്‍ വോട്ടു ചെയ്തുകൊണ്ടിരിക്കുകയാണ്. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലും അതില്‍ ഉള്‍പ്പെട്ട ലൈംഗികാരോപണങ്ങള്‍ എഴുതിയ കത്തിലും അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് വോട്ടെടുപ്പിന്റെ നിര്‍ണായകനേരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിനു മുന്നിലെത്തിയത്. ഇതിനു മുന്‍പൊരിക്കലും ഒരു മുഖ്യമന്ത്രിയും ഇത്തരത്തിലൊരു രാഷ്ട്രീയനീക്കം നടത്തിയിട്ടില്ല. ഉമ്മന്‍ചാണ്ടി അടക്കമുള്ള UDF നേതാക്കള്‍ക്കെതിരെ ക്രിമിനല്‍, വിജിലന്‍സ് അന്വേഷണങ്ങള്‍ അന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

 

വൈകാതെ സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സഭയിലെത്തി. സഭയില്‍ വച്ചതോടെ റിപ്പോര്‍ട്ടിലെ ലൈംഗികാരോപണങ്ങള്‍ സി.പി.എം നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ വിശദാംശങ്ങളടക്കം പ്രസിദ്ധീകരിച്ചു. കുട്ടികളുണ്ടെങ്കില്‍ ടി.വിയുടെ മുന്നില്‍ നിന്ന് മാറ്റിയിരുത്തുക എന്ന മുന്നറിയിപ്പോടെയാണ് അന്ന് പാര്‍ട്ടി ചാനല്‍ സോളര്‍ റിപ്പോര്‍ട്ടിലെ ലൈംഗികാരോപണങ്ങള്‍ പ്രസിദ്ധീകരിച്ചത്. പാര്‍ട്ടി ചാനലുമല്ല., നിയന്ത്രിക്കുന്നത് പിണറായിയുമല്ല എന്ന പതിവു കള്ളം ഇനിയാവര്‍ത്തിക്കാന്‍ പറ്റില്ല. പാര്‍ട്ടി ചാനലാണെന്നും കാര്യങ്ങള്‍ പിണറായി നേരിട്ടാണ് നിയന്ത്രിക്കുന്നതെന്നും കെ.ടി.ജലീല്‍ എം.എല്‍.എ ഇത്തവണ സഭയില്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അത് കേട്ടിരിക്കുന്നുണ്ടായിരുന്നു.  അപ്പോള്‍ കെ.ടി.ജലീലിന്റെ സാക്ഷ്യപത്രമനുസരിച്ച്  പാര്‍ട്ടി ചാനലില്‍ കൊടുക്കാത്ത മോശം കാര്യങ്ങളുടെ ക്രെഡിറ്റ് പിണറായി വിജയനാണെങ്കില്‍ സംപ്രേഷണം ചെയ്ത കാര്യങ്ങളിലെ തീരുമാനവും പിണറായി വിജയനായിരിക്കണം.  യു.ഡി.എഫ് കൊണ്ടു വന്ന കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിച്ചെങ്കില്‍ സി.പി.എമ്മിനെ എങ്ങനെ കുറ്റപ്പെടുത്തുമെന്നാണ് പാര്‍ട്ടി ഇപ്പോള്‍ ഉയര്‍ത്തുന്ന ന്യായം. അങ്ങനെ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ഉപയോഗിക്കുക മാത്രമാണോ ചെയ്തത്? റിപ്പോര്‍ട്ട് കിട്ടുന്നതിനു മുന്‍പേ ഇ.പി.ജയരാജനും സജി ചെറിയാനുമൊക്കെ പരാതിക്കാരിയെയും സംഘത്തെയും ബന്ധപ്പെട്ടതെന്തിനായിരുന്നു? സത്യം മാത്രം പറയണമെന്നാവശ്യപ്പെടാനായിരുന്നോ? 

 

ഇതൊക്കെ ഇപ്പോള്‍ ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയതൊന്നുമല്ല. പരാതിക്കാരി തന്നെ അന്നു തുറന്നു പറഞ്ഞ കാര്യങ്ങളുണ്ട് .  പരാതിക്കാരെ കേള്‍ക്കാന്‍ അങ്ങോട്ടാവശ്യപ്പെട്ട് കയറിച്ചെന്ന നേതാവിന് സംസാരം റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഇറങ്ങിയോടേണ്ട കാര്യമില്ലെന്ന് സഖാവ് സജി ചെറിയാന്‍ ഓര്‍ക്കുന്നില്ല.  അവിടെയും അവസാനിച്ചതൊന്നുമല്ല സി.പി.എം ഇടപെടല്‍. 33 തട്ടിപ്പുകേസുകളില്‍ പ്രതിയായിരുന്ന പരാതിക്കാരി മുഖ്യമന്ത്രിയെ നേരില്‍ കണ്ടു നല്‍കിയ പരാതിയാണ് ക്രൈംബ്രാഞ്ച് ആദ്യം അന്വേഷിക്കുന്നതും പിന്നെ പിണറായി വിജയന്‍ തന്നെ സി.ബി.ഐയ്ക്കു കൈമാറുന്നതും.  അങ്ങനെ പരാതിക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലെ അന്വേഷണം എങ്ങനെയയാിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്റെ മൊഴി സി.ബി.ഐ റിപ്പോര്‍ട്ടിലുണ്ട്. പരാതിക്കാരി അന്വഷണത്തോടു സഹകരിച്ചതേയില്ല. മൊഴിയോ തെളിവോ നല്‍കാന്‍ തയാറായില്ല. ഇക്കാര്യം മേധാവികളെ അറിയിച്ചപ്പോള്‍ ഒരു തരത്തിലും പരാതിക്കാരിയെ ബുദ്ധിമുട്ടിക്കരുതെന്നായിരുന്നു മുകളില്‍ നിന്നുള്ള നിര്‍ദേശം. 

 

സത്യം കണ്ടെത്താനായിരുന്നില്ല, സോളര്‍ ലൈംഗികാരോപണങ്ങളിലെ ക്രൈംബ്രാഞ്ച് അന്വേഷണം. രാഷ്ട്രീയമുതലെടുപ്പിനുള്ള സാധ്യതകള്‍ മാത്രം മുന്‍നിര്‍ത്തിയായിരുന്നു. സത്യമറിയാനായിരുന്നുവെങ്കില്‍ സി.ബി.ഐ കണ്ടെത്തിയ പൊരുത്തക്കേടുകള്‍ ക്രൈംബ്രാഞ്ചിന്  ആദ്യമേ കിട്ടിയിട്ടുണ്ടാകണം. പക്ഷേ പരാതിക്കാരിയുടെ ആവശ്യങ്ങളെന്നു ഭാവിച്ച്  പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയതാല്‍പര്യപ്രകാരമാണ് കേസ് മുന്നോട്ടു പോയത്. 2021ല്‍ അടുത്ത തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചു. എല്ലാം പരാതിക്കാരിയുടെ ആവശ്യപ്രകാരമായിരുന്നു. പരാതിക്കാരിയുടെ ആവശ്യങ്ങള്‍ ആരാണ് തീരുമാനിച്ചതെന്നു മാത്രമേ കേരളത്തിന് അറിയേണ്ടതുള്ളൂ. പക്ഷേ അത് എന്നെങ്കിലും പുറത്തു വരുമോ? തങ്ങളുടെ നേതാവിനെ അപമാനിക്കാന്‍ ഗൂഢാലോചന നടത്തിയതാരാണെന്നറിയാന്‍ കേരളത്തിലെ കോണ്‍ഗ്രസിനെങ്കിലും താല്‍പര്യമുണ്ടോ? 

 

സോളര്‍ ഗൂഢാലോചനയിലെ ഉത്തരവാദിത്തത്തില്‍ നിന്ന് സി.പി.എമ്മിന് ഒഴിഞ്ഞുമാറാനാകില്ല. പക്ഷേ മുഖ്യമായും ആരോപണം നേരിടുന്ന എം.എല്‍.എയെ മന്ത്രിയാക്കുന്ന തിരക്കിലാണ് സി.പി.എം.  കണ്‍ഫ്യൂഷനില്ല എന്നാവര്‍ത്തിക്കുന്നതില്‍ മാത്രമാണ് കോണ്‍ഗ്രസിന് കണ്‍ഫ്യൂഷനില്ലാത്തത്.  ആ മുന്‍ ആഭ്യന്തരമന്ത്രിമാരാണെങ്കിലോ നന്ദകുമാറിന് നോവരുതെന്ന് ഉറപ്പിച്ച പ്രതികരണങ്ങളിലൂടെ ഗുരുതരമായ ആരോപണങ്ങളില്‍ നിന്ന് തെന്നിമാറി.  കോണ്‍ഗ്രസിലെ പ്രതിസന്ധിയാണ് സി.പി.എമ്മിന് ഒളിച്ചോടാനും ഒഴിഞ്ഞുമാറാനും ഏറ്റവും  സഹായകമാകുന്നത്. സോളര്‍ ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തികാരോപണങ്ങള്‍  നേരിട്ട നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്കെതിരായ നീക്കം മുതലെടുക്കാന്‍ ഇടപെട്ട കോണ്‍ഗ്രസ് നേതാക്കളുണ്ട്. അതില്‍ അന്നത്തെ പ്രമുഖ നേതാക്കള്‍ തന്നെ മുന്‍നിരയിലുണ്ടായിരുന്നു. ലൈംഗികാരോപണം നേരിട്ടവരും മുതലെടുക്കാന്‍ ഇടപെട്ടവരും ഇപ്പോള്‍ ഒരു സ്വതന്ത്ര അന്വേഷണം ആഗ്രഹിക്കുന്നില്ലെന്നത് യാഥാര്‍ഥ്യമാണ്. യു.ഡി.എഫിലെ ആശയക്കുഴപ്പത്തിനും നിസംഗതയ്ക്കും പിന്നിലുള്ള യഥാര്‍ഥ കാരണങ്ങള്‍ എല്ലാവര്‍ക്കുമറിയാം. സോളറില്‍ കൈകള്‍ ശുദ്ധമല്ലാത്തവരും യു.ഡി.എഫിലുണ്ട്. 

 

ഒക്ടോബര്‍ 18ന് സെക്രട്ടേറിയറ്റ് വളയുമെന്നാണ് യു.ഡി.എഫിന്റെ സമരപ്രഖ്യാപനം. ഓര്‍ക്കണം അപ്പോഴേക്കും വാര്‍ത്ത പുറത്തു വന്നിട്ട് ഒന്നര മാസം കഴിയും. സ്ഫോടനാത്കമാകമായ, ഒരു വെളിപ്പെടുത്തല്‍ പുറത്തു വന്ന് ഒന്നരമാസം കഴിഞ്ഞ് സമരം നടത്തുമെന്ന് പ്രഖ്യാപനം. സമ്മതിക്കണം. ഇതിനേക്കാള്‍ ഭേദം മിണ്ടാതിരിക്കുന്നതായിരുന്നുവെന്ന് അണികളെക്കൊണ്ടു പോലും തോന്നിക്കുന്ന അവസ്ഥയിലാണ് യു.ഡി.എഫ്.   ഉമ്മന്‍ചാണ്ടിയെ ലൈംഗികാരോപണത്തില്‍ പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്നതിനര്‍ഥം സോളറില്‍ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും ഗൂഢാലോചനയായിരുന്നുവെന്നല്ല. അങ്ങനെയൊരു വിലയിരുത്തല്‍ സാധൂകരിക്കുന്ന മൗനവും ആശയക്കുഴപ്പവുമാണ് കോണ്‍ഗ്രസില്‍ കാണുന്നത്.  കൈകള്‍ ശുദ്ധമല്ലാത്തവരെല്ലാം എങ്ങനെയെങ്കിലും സോളര്‍ ഒന്നു കുഴിച്ചുമൂടണമെന്നു മാത്രമാണ് ആഗ്രഹിക്കുന്നത്. പക്ഷേ അങ്ങനെ വ്യക്തികളെ രക്ഷപ്പെടുത്താന്‍  ഈ ഗൂഢാലോചനയുടെ, ഈ ഹീനമായ രാഷ്ട്രീയമുതലെടുപ്പിന്റെ യഥാര്‍ഥ ഉത്തരവാദികളെക്കൂടി രക്ഷപ്പെടുത്താന്‍ കൂട്ടുനില്‍ക്കുന്ന നിസംഗത കുറ്റകരമാണ്. സോളര്‍ കേസില്‍ ആരെയും പുണ്യവാന്‍മാരായി പ്രഖ്യാപിക്കേണ്ട കാര്യവും കേരളത്തിനില്ല.  സോളര്‍ ലൈംഗികാരോപണത്തില്‍  നീതി കിട്ടേണ്ടത് വ്യക്തികള്‍ക്കല്ല.  കേരളസമൂഹത്തിന് സത്യമറിയാനുള്ള അവകാശമുണ്ട് . ഇത്ര ഹീനമായ നിലവാരത്തിലേക്ക്, മനുഷ്യത്വവിരുദ്ധമായ തലങ്ങളിലേക്ക് കേരളരാഷ്ട്രീയത്തെ വലിച്ചിട്ടതാരൊക്കെ ചേര്‍ന്നാണ് എന്ന് പൊതുസമൂഹം അറിയണം. ഭരണപക്ഷവും പ്രതിപക്ഷവുംച ചേര്‍ന്ന് ഒത്തുതീര്‍പ്പിന്റെ വിസ്മൃതിയിലേക്ക് മായ്ച്ചുകളയാനുള്ള ശ്രമം കേരളം അനുവദിക്കരുത്.