ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മാപ്പു പറഞ്ഞു. തൊഴിലിടത്തില്‍ അപമര്യാദയായി പെരുമാറിയെന്ന വിമര്‍ശനം ശക്തമായതോടെയാണ് സുരേഷ് ഗോപി മാപ്പു പറയാന്‍ തയാറായത്. മാപ്പു പറയുമ്പോഴും ചെയ്ത തെറ്റെന്താണെന്നു സുരേഷ്ഗോപിക്കും സമൂഹത്തിലെ ഒരു വിഭാഗത്തിനും മനസിലായിട്ടില്ല എന്നതാണ് യഥാര്‍ഥ പ്രശ്നം. സ്ത്രീകളെ കണ്ടാലുടന്‍ പിതൃവാല്‍സല്യവും രക്ഷാകര്‍തൃബോധവും തോന്നുന്നത് സ്ത്രീവിരുദ്ധതയാണ് എന്ന് അംഗീകരിക്കാന്‍ എന്താണിത്ര പ്രയാസം?
ശക്തമായ വിമര്‍ശനമുയര്‍ന്നു. പരാതിയുമായി മുന്നോട്ടു പോകുമെന്ന് മാധ്യമപ്രവര്‍ത്തക ഷിദ വ്യക്തമാക്കി. ഇതോടെ മാപ്പു പറഞ്ഞ സുരേഷ് ഗോപി, പിതാവിന്റെ വാല്‍സല്യത്തോടെയാണ് പെരുമാറിയതെന്നും ദുരുദ്ദേശമുണ്ടായിരുന്നില്ലെന്നും വിശദീകരിച്ചു.
തൊഴിലിടത്തില്‍ ഒരു സ്ത്രീയോട് മോശമായി പെരുമാറുന്നത് രാജ്യത്തു നിലനില്‍ക്കുന്ന നിയമപ്രകാരം കുറ്റകരമാണ്. താല്‍പര്യമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് മാത്രമല്ല, അസ്വസ്ഥതയുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കുന്നതും തെറ്റാണ്. നിരുപാധികമായ ഖേദപ്രകടനത്തിനു പകരം ഉപാധികളോടെയുള്ള മാപ്പു പറച്ചിലില്‍ പക്ഷേ അല്‍ഭുതമില്ല. പിതൃവാല്‍സല്യം ചോദ്യം ചെയ്യപ്പെടാനാകാത്ത ഒരു ന്യായമാണെന്നു കരുതുന്നവരാണ് സുരേഷ്ഗോപിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും.
മാപ്പു പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് ഇനിയും വിവാദം മുന്നോട്ടു കൊണ്ടു പോകുന്നത് രാഷ്ട്രീയഗൂഢാലോചനയാണെന്ന വാദവുമായി ബി.ജെ.പി. പ്രതിരോധത്തിനെത്തിയിട്ടുണ്ട്. മാപ്പാണോ നിയമനടപടിയാണോ വേണ്ടതെന്ന് തീരുമാനിക്കാനുള്ള പൂര്‍ണമായ അവകാശം പരാതിക്കാരിയുടേതാണ്. നിരുപാധികമായ ഖേദപ്രകടനവും ഉപാധികളോടെയുള്ള ന്യായീകരണവും തമ്മിലുള്ള വ്യത്യാസമറിയാതെയാണ് വനിതാനേതാക്കള്‍ പോലും രാഷ്ട്രീയന്യായീകരണം തീര്‍ക്കുന്നത്.
തൃശൂരില്‍ സുരേഷ് ഗോപിയുടെ മല്‍സരസാധ്യതയും സി.പി.എമ്മിന്റെ പ്രതിഷേധവും കോര്‍ത്ത് രാഷ്ട്രീയപശ്ചാത്തലമെന്ന് ആരോപിക്കുകയാണ് ബി.ജെ.പി. രാഷ്ട്രീയതാല്‍പര്യങ്ങള്‍ പാര്‍ട്ടികള്‍ക്കുണ്ടാകുമായിരിക്കും. പക്ഷേ ആരെവിടെ മല്‍സരിക്കാന്‍ സാധ്യതയെന്നു നോക്കി മിണ്ടാതിരിക്കേണ്ട പ്രശ്നമൊന്നുമല്ല മാധ്യമപ്രവര്‍ത്തക നേരിട്ട പെരുമാറ്റം.
സ്ത്രീകളെ കാണുമ്പോള്‍ മാത്രം പിതാവായും സഹോദരനായും വാല്‍സല്യഭാവം ഉണരുന്നതു തന്നെ സ്ത്രീവിരുദ്ധതയാണെന്ന് ദയവായി മനസിലാക്കുക. തുല്യതയെന്ന അടിസ്ഥാനഅവകാശത്തെ തന്നെ വെല്ലുവിളിക്കുന്ന ആണധികാര പ്രയോഗമാണത്. ഒരു സ്ത്രീയും പിതാവിനെയും സഹോദരനെയും തേടിയല്ല പൊതുസമൂഹത്തില്‍ ഇറങ്ങുന്നത്. തുല്യമായ പരസ്പരബഹുമാനവും സാമൂഹ്യമര്യാദയും ഏതു പൊതു ഇടത്തിലും സ്ത്രീയുടെയും അവകാശമാണ്.
സ്ത്രീവിരുദ്ധത അങ്ങേയറ്റം സ്വാഭാവികമായി സ്വീകരിച്ചു പോരുന്ന സമൂഹത്തില്‍ വിഷമം നേരിട്ടെങ്കില്‍ മാപ്പ് എന്നു പുരുഷന്‍ പറഞ്ഞാലുടന്‍ സ്ത്രീ തൃപ്തിപ്പെടണമെന്നാണ് സങ്കല്‍പം. മാപ്പപേക്ഷ എങ്ങനെ സ്വീകരിക്കണമെന്ന കാര്യത്തില്‍ നിയമത്തില്‍ പോലും വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. അനുചിതമായി പെരുമാറിയ വ്യക്തിയുടെ ഉദ്ദേശം എന്തായിരുന്നുവെന്നത് അസ്വസ്ഥത നേരിട്ട സ്ത്രീയുടെ പ്രശ്നമേയല്ല. എന്തുദ്ദേശത്തോടെയാണെങ്കിലും അനുചിതമായ പെരുമാറ്റവും സ്പര്‍ശവും ശരിയല്ല. അതു സ്ത്രീയോടു മാത്രമല്ല, ഏതു ജെന്‍ഡര്‍ ആണെങ്കിലും ഒരു വ്യക്തിയുടെ ശരീരത്തില്‍ അനുചിതമായി സ്പര്‍ശിക്കുന്നത് വ്യക്തിസ്വാതന്ത്യത്തിന്റെ ലംഘനമാണ്. അത് മനസിലാക്കാനുള്ള സാമാന്യബോധം പൊതുപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നിര്‍ബന്ധമായും ഉണ്ടാകേണ്ടതാണ്.
സ്ത്രീകളെ കണ്ടാലുടന്‍ പിതൃസ്നേഹം തോന്നുന്നത് തന്നെ സ്ത്രീവിരുദ്ധതയാണെന്ന് ദയവായി മനസിലാക്കുക. തുല്യമായ അവകാശങ്ങളുള്ള ഒരു വ്യക്തിയായി വനിതാമാധ്യമപ്രവര്‍ത്തകയെ കാണാനാകാത്തതുകൊണ്ടാണ് പുരുഷാധികാരത്തിന്റെ രക്ഷാകര്‍തൃമനോഭാവം ഉണരുന്നത്. സ്ത്രീകളോടുള്ള രക്ഷാകര്‍തൃമനോഭാവം സവിശേഷപരിഗണനയോ ബഹുമാനമോ അല്ല. അനാദരവും പിന്തിരിപ്പന്‍ മനോഭാവവുമാണ്. പുരോഗമന സമൂഹത്തില്‍ സ്ത്രീകള്‍ക്കു മാത്രമല്ല, സമൂഹത്തിനാകെയും ഈ ചിന്താഗതി സ്വീകാര്യമാകരുത്. തിരുത്തേണ്ടത് വാല്‍സല്യമാണെങ്കിലും തിരുത്തുക തന്നെ വേണം.ന്യായീകരിച്ച് വിഷമിക്കേണ്ടതില്ല.അവര്‍ മുഖം കറുപ്പിച്ചിരുന്നെങ്കില്‍, ഇത് ശരിയല്ല എന്നു പ്രതികരിച്ചിരുന്നെങ്കില്‍ അപ്പോള്‍ തന്നെ തിരുത്തിയേനെ എന്നൊക്കെ വാദിക്കുന്നത് അപഹാസ്യമാണ്. പൊതുവിടത്തില്‍, അപ്രതീക്ഷിതമായി അപമര്യാദ നേരിടേണ്ടി വരുമ്പോള്‍ സ്ത്രീ എങ്ങനെ പ്രതികരിക്കണമായിരുന്നുവെന്നു കൂടി പഠിപ്പിക്കാന്‍ വരരുത്. അപമര്യാദയായി പെരുമാറുന്നവരെ മര്യാദ പഠിപ്പിക്കുകയും തല്‍സമയം ഗുണദോഷിച്ച് നന്നാക്കിയെടുക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം കൂടി അത് നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്കില്ല. അത് സ്ത്രീകളുടെ ജോലിയുമല്ല.
മര്യാദയ്ക്കു പെരുമാറുക. പരസ്പരബഹുമാനം പുലര്‍ത്തുക. അതിനപ്പുറത്തേക്കുമില്ല, ഇപ്പുറത്തേക്കുമില്ല. സ്നേഹമാണെങ്കിലും വാല്‍സല്യമാണെങ്കിലും വേണ്ടെന്നു പറഞ്ഞാല്‍ വേണ്ട. അത്രയേയുള്ളൂ. ഒരു സ്ത്രീയെ തുല്യാവകാശങ്ങളുള്ള വ്യക്തിയായി കാണാനുള്ള പ്രയാസമാണ് യഥാര്‍ഥ പ്രശ്നമെന്നു മനസിലാക്കിയാല്‍ തിരുത്തേണ്ടങ്ങനെയെന്നും ബോധ്യമാകും.
parayathe vayya on suresh gopi controversy