TOPICS COVERED

കേരളത്തിലിപ്പോഴും കൂടോത്രവും ആഭിചാരവും നിര്‍ബാധം നടക്കുന്നുണ്ടെന്ന് നമുക്കറിയാം. നരബലി വരെ നടന്നിട്ടുണ്ടെന്നും ഞെട്ടലോടെ നമ്മളറിഞ്ഞിട്ടുണ്ട്. പക്ഷേ കേരളത്തെ നയിക്കുന്നുവെന്നവകാശപ്പെടുന്ന രാഷ്ട്രീയനേതാക്കളും കൂടോത്രവും ആഭിചാരവുമൊക്കെ കൊണ്ടു നടക്കുന്നുണ്ടോ? KPCC അധ്യക്ഷന്റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെടുക്കുന്ന ദൃശ്യങ്ങളേക്കാള്‍ അലോസരപ്പെടുത്തുന്നത് നേതാക്കളുടെ പ്രതികരണമാണ്. കെ.സുധാകരന്റെ വീട്ടിലെ കൂടോത്രം കേരളം ചിരിച്ചു തള്ളേണ്ട തമാശയല്ല. 

KPCC പ്രസിഡന്റ് കെ.സുധാകരന്റെ കണ്ണൂരിലെ വീട്ടുവളപ്പില്‍ നിന്ന് വിചിത്രമായ തകിടുകളും രൂപവും കണ്ടെടുക്കുന്ന ഒന്നരവര്‍ഷം മുന്‍പുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. കാസര്‍കോട് എം.പി. രാജ്മോഹന്‍ ഉണ്ണിത്താന്റെയും കെ.സുധാകരന്റെയും സാന്നിധ്യത്തില്‍ ഒരു മന്ത്രവാദിയാണ് തകിടും വസ്തുക്കളും കണ്ടെടുത്തത്. ഒരു കുഴിയില്‍ തകിടുകളില്‍ തീര്‍ത്ത കാലിന്റെയും ഉടലിന്റെയും തലയുടെയും രൂപങ്ങളാണുള്ളത്. ഓരോന്നും കണ്ടെടുക്കുമ്പോള്‍ ഇതൊക്കെ എങ്ങനെയെങ്കിലും ബാധിച്ചോ എന്ന് രാജ്മോഹന്‍ ഉണ്ണിത്താന്റെ ശബ്ദത്തില്‍ ചോദ്യവും കെ.സുധാകരന്റെ ശബ്ദത്തില്‍ പ്രതികരണവും കേള്‍ക്കാം. കാലിനും തലയ്ക്കുമൊക്കെ ആരോഗ്യപ്രശ്നങ്ങളുണ്ടായോ എന്നാണ് അന്വേഷണം. ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യമെന്നാണ് പ്രതികരണം കേള്‍ക്കുന്നത്. പുറത്തു വന്ന ദൃശ്യങ്ങളെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ കെ.സുധാകരനും രാജ്മോഹന്‍ ഉണ്ണിത്താനും ഒഴിഞ്ഞു മാറുകയാണ്. 

കണ്ണൂരിലെ സുധാകരന്റെ വീട്ടില്‍ നിന്നു മാത്രമല്ല, ഡല്‍ഹിയിലെയും തിരുവനന്തപുരത്തെയും താമസസ്ഥലത്തു നിന്നും കെ.പി.സി.സി. ഓഫിസില്‍ നിന്നു വരെ തകിടുകള്‍ കണ്ടെത്തിയിട്ടുണ്ടത്രേ.  ഇത്രയും ഗുരുതരമായ ഒരു കാര്യത്തെക്കുറിച്ചു ചോദിക്കുമ്പോള്‍ കെ.സുധാകരന്റെയും ഉണ്ണിത്താന്റെയും പ്രതികരണമാണ് ഞെട്ടിക്കുന്നത്. ഈ അന്ധവിശ്വാസങ്ങളില്‍ അവിശ്വാസപ്പെട്ടത് കേരളത്തിന്റെ പുരോഗമനരാഷ്ട്രീയത്തെയാകെ പരിഹസിക്കുന്നുവെന്നത് ശരി. പക്ഷേ പുറത്തു വന്ന കാര്യങ്ങളില്‍ സുതാര്യമായ പ്രതികരണത്തിനു പോലും ബാധ്യതയില്ലെന്ന് കരുതുന്ന നേതാക്കള്‍ ശരിക്കും രാഷ്ട്രീയത്തിലാണോ 

ആഭിചാരത്തിലാണോ പ്രവര്‍ത്തിക്കുന്നത്?  ഇതാദ്യമായിട്ടല്ല കോണ്‍ഗ്രസ് നേതാക്ക‍ള്‍ക്കു നേരെ കൂടോത്രപ്രയോഗമുണ്ടാകുന്നത്. പക്ഷേ സംശയം പാര്‍ട്ടിക്കാരെ തന്നെയായതുകൊണ്ടാണോ എന്നറിയില്ല. ആരാണിതിന് പിന്നിലെന്നറിയണം എന്നാരും വാശി പിടിച്ചിട്ടുമില്ല. വി.എം.സുധീരന്‍ തന്നെ 2018ല്‍ സ്വന്തം വീട്ടില്‍ നിന്ന് ഇത്തരം വസ്തുക്കള്‍ കണ്ടെടുത്തതിനെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. തനിക്കെതിരെ തളിപ്പറമ്പിൽ കൂടോത്രം നടത്തിയെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വെളിപ്പെടുത്തിയതും അടുത്തിടെയാണ്.  ഒന്നരക്കൊല്ലം മുന്‍പത്തെയാണെങ്കിലും ഇപ്പോള്‍ കെ.സുധാകരനെതിരായ കൂടോത്രപ്രയോഗവും പുറത്തുവരുന്നു. പക്ഷേ സുധാകരന് തന്നെ ചോദിക്കാനോ പറയാനോ താല്‍പര്യമില്ല എന്നതാണ് ശ്രദ്ധിക്കേണ്ട പോയന്റ്.  ഈ രാഷ്ട്രീയകൂടോത്രം തള്ളിക്കളയാവുന്ന ഒരു തമാശയല്ല. പരിഹാസ്യവും ദയനീയവുമായ അവസ്ഥയുടെ വെളിപ്പെടുത്തലാണ്. . കോണ്‍ഗ്രസിനെ നയിക്കുന്നവര്‍, നാടിനെ നയിക്കേണ്ടവരാണ് ഇമ്മാതിരി വിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തുകയും ആശങ്ക പ്രകടിപ്പിക്കുകയുമൊക്കെ ചെയ്യുന്നത് ജനങ്ങള്‍ കാണുന്നത്. കോണ്‍ഗ്രസുകാരോട് നാടിനു പറയാനുള്ളത് യൂത്ത് കോണ്‍ഗ്രസിന്റെ വാക്കുകളിലുണ്ട്. 

പക്ഷേ ഇത് പരിഹാസത്തിലും ആക്ഷേപത്തിലും തീരേണ്ട ഒരു കേസല്ല. തന്റെ വീട്ടില്‍ നിന്നും കൂടോത്രസാമഗ്രികള്‍ കണ്ടെത്തിയെന്നു വെളിപ്പെടുത്തിയ കാസര്‍കോട്ടെ മുന്‍ കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണന്‍ പെരിയ രാജ്മോഹന്‍ ഉണ്ണിത്താനെതിരെ ദുര്‍മന്ത്രവാദബന്ധമെന്ന ആരോപണവും ഉന്നയിച്ചിരുന്നു.  കെ.പി.സി.സി. ഓഫിസില്‍ നിന്നു പുറത്താക്കിയ ജീവനക്കാരനെ സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം പറയുന്നു. പക്ഷേ പൊലീസില്‍ പരാതിപ്പെടുകയോ നിയമനടപടി സ്വീകരിക്കുകയോ ചെയ്യാത്തതിനെക്കുറിച്ച് പ്രതികരണമില്ല. കൂടോത്രം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന ബില്‍ ഇപ്പോഴും തീരുമാനമാകാതെ സര്‍ക്കാര്‍ നടപടിക്രമങ്ങളില്‍ ചുറ്റിത്തിരിയുകയാണ്.  ഇത്തരം അനാചാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 7 വര്‍ഷം തടവു വരെ കിട്ടാവുന്ന വിധത്തിലാണ് ബില്ലിലെ വ്യവസ്ഥകള്‍. 

 വിശ്വാസവും അന്ധവിശ്വാസവും തമ്മില്‍ വ്യത്യാസമുണ്ടോ എന്നത് സങ്കീര്‍ണമായ ഒരു ചോദ്യമാണ്. വിശ്വാസത്തെ പുരോഗമനപക്ഷം പോലും അംഗീകരിക്കുന്നത് പൊതുസമൂഹത്തിന് ഭീഷണിയുയര്‍ത്താത്ത ആത്മീയത എന്ന നിലയ്ക്കാണ്. പക്ഷേ മനുഷ്യരെ നശിപ്പിക്കാനും ഇല്ലാതാക്കാനും വേണ്ടി അന്ധവിശ്വാസത്തെ കൂട്ടുപിടിക്കുന്നത് ഒരു പുരോഗമനസമൂഹത്തിനാകെ നാണക്കേടാണ്. നാടിനെ നയിക്കേണ്ട രാഷ്ട്രീയനേതൃത്വത്തിനിടയില്‍ തന്നെ ആഭിചാരത്തിനു പ്രചാരവും വിശ്വാസവുമുണ്ടാകുന്നത് കുറ്റകൃത്യമാണ്. അത്തരത്തില്‍ തന്നെ കണ്ട് നിയമപരമായ അന്വേഷണവും നടപടിയുമാണ് ഉണ്ടാകേണ്ടത്. 

Parayathe vayya on black magic controversy: