യുദ്ധത്തില്‍ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നതു കാണുമ്പോള്‍ ഹൃദയം തകരുന്നുവെന്ന് റഷ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിലെ കുഞ്ഞുങ്ങള്‍ മോദിയുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നില്ലേയെന്ന് പ്രതിപക്ഷം. പ്രധാനമന്ത്രി വിദേശസന്ദര്‍ശനം നടത്തി രാജ്യാന്തരപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുമ്പോള്‍ മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ഇന്ത്യയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നുണ്ടോ? 2024ലെ ജനവിധി ആരുടെ ഹൃദയത്തെയാണ് സ്പര്‍ശിച്ചിരിക്കുന്നത്?
പ്രധാനമന്ത്രി റഷ്യയടക്കമുള്ള രാജ്യങ്ങളില്‍ വന്‍സ്വീകരണം ഏറ്റുവാങ്ങി മടങ്ങിയെത്തിയിട്ടുണ്ട്. റഷ്യന്‍ സന്ദര്‍ശനത്തിനിടെ യുദ്ധം ഒന്നിനും പരിഹാരമല്ല. ചര്‍ച്ചകളിലൂടെ മാത്രമെ സമാധാനം സാധ്യമാകൂവെന്ന് മോദി റഷ്യന്‍ പ്രസിഡന്റ് പുടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രെയ്നില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 37 പേര്‍ കൊല്ലപ്പെട്ട ദിവസമാണ് പ്രധാനമന്ത്രി മോദി റഷ്യയില്‍ സന്ദര്‍ശനത്തിനെത്തിയത്. അതേ ദിവസം തന്നെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ പ്രതിനിധി ലോകത്തെ ഏറ്റവും വലിയ ക്രിമിനലിനെ ആലിംഗനം ചെയ്തത് നിരാശാജനകമാണെന്ന് യുക്രെയ്ന്‍ പ്രസിഡന്‍റ് വലോദിമിര്‍ സെലന്‍സ്കി ആഞ്ഞടിച്ചു.
പക്ഷേ സമാധാനത്തെക്കുറിച്ച് സംസാരിക്കാനാണ് പ്രധാനമന്ത്രി റഷ്യയില്‍ പോയതെന്ന് മോദി ആരാധകര്‍ വാദിക്കുന്നു. പുടിന് നേര്‍ക്കുനേര്‍ നിന്ന് യുദ്ധം അവസാനിപ്പിക്കൂവെന്നു പറഞ്ഞില്ലേയെന്ന് ആഘോഷവുമുണ്ട്. പക്ഷേ സ്വന്തം ജനതയുടെ വേദനയായി പുകഞ്ഞുകൊണ്ടേയിരിക്കുന്ന മണിപ്പൂരില്‍ ഒരു തവണയെങ്കിലും ഒന്നു തിരിഞ്ഞു നോക്കാന്‍ പ്രധാനമന്ത്രി മോദിക്ക് ഇതുവരെ സമയം കിട്ടിയിട്ടില്ല. യുക്രെയിനില്‍ മാത്രമല്ല, മണിപ്പൂരിലെ സംഘര്‍ഷ സാഹചര്യത്തിലും ചര്‍ച്ചകളിലൂടെ മാത്രമേ സമാധാനം സാധ്യമാകൂവെന്ന് നമ്മുടെ പ്രധാനമന്ത്രി ഓര്‍ക്കാത്തതെന്തുകൊണ്ടായിരിക്കാം?
പ്രധാനമന്ത്രി വിദേശപര്യടനം നടത്തുന്ന നേരത്ത് പ്രതിപക്ഷനേതാവ് മണിപ്പൂരിലായിരുന്നു. കലാപത്തിന്റെ ഇരകളെ അദ്ദേഹം നേരില്‍ സന്ദര്‍ശിച്ചു. പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കുകയല്ല, പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങള്‍ക്കു പറയാനുള്ളത് കേട്ട് സമാധാനത്തിന് ആഹ്വാനം ചെയ്യാന്‍ പ്രധാനമന്ത്രി മണിപ്പൂരിലെത്തണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കലാപത്തില്‍ നിന്നു രക്ഷിക്കാന്‍ സ്ത്രീകളും കുട്ടികളും കരഞ്ഞപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട് അപേക്ഷ നടത്തിയത്.
പക്ഷേ മണിപ്പൂരിന്റെ വിലാപം പ്രധാനമന്ത്രി കേള്‍ക്കുമോ? യുക്രൈനിലെ കുഞ്ഞുങ്ങളുടെ കരച്ചില്‍ ഹൃദയം തകര്‍ത്ത പ്രധാനമന്ത്രി മണിപ്പൂരിലെ കുഞ്ഞുങ്ങളെ കാണാത്തതെന്താണ്? തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിലും പ്രധാനമന്ത്രിയുടെ ശൈലിയും സമീപനവും തിരുത്തപ്പെടില്ലേ? ജനവിധിയുടെ സന്ദേശം തിരിച്ചറിയാനാകാത്തതാണോ ഒന്നും സംഭവിച്ചിട്ടില്ലെന്നു ഭാവിക്കാനുള്ള വ്യഗ്രതയാണോ പ്രധാനമന്ത്രിയെ നയിക്കുന്നത്. ലോകത്തിനാവശ്യം കാരുണ്യത്തോടെ പ്രശ്നങ്ങളെ കാണാന്‍ കഴിയുന്ന നേതാക്കളെയാണെന്നത് യുക്രൈന്‍ പ്രശ്നത്തില്‍ മാത്രമല്ല, മണിപ്പൂരിലും പ്രസക്തമായ വസ്തുതയാണ്. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തു നിന്ന് മണിപ്പൂരിലെ എം.പി. ചോദിച്ച ഒരു ചോദ്യമുണ്ട്. മണിപ്പൂരിലെ ജനങ്ങളെ ഇന്ത്യന്‍ ഗവണ്‍മെന്റ് ഉപേക്ഷിച്ചു കളയുകയാണോ എന്ന ചോദ്യം ചെന്നു തറയ്ക്കേണ്ടത് ഭരണകൂടത്തിന്റെ ഹൃദയത്തിലാണ്. പക്ഷേ ഒന്നും സംഭവിക്കുന്നില്ല. പ്രതിപക്ഷത്തിന്റെ നിരന്തരബഹളത്തിനൊടുവില്‍ ആദ്യമായി മണിപ്പൂരിനെക്കുറിച്ച് പ്രസ്താവന നടത്തേണ്ടി വന്നപ്പോഴും മണിപ്പൂരിലെ കാഴ്ചകള്‍ ഹൃദയം തകര്‍ക്കുന്നുവെന്ന വൈകാരികത നമ്മുടെ പ്രധാനമന്ത്രിയില്‍ കണ്ടില്ല.
മണിപ്പൂര്‍ പ്രശ്നത്തില്‍ മാത്രമല്ല, ഇക്കാലമത്രയും ഭരണകാലത്തുടനീളം നേരിട്ട പ്രതിഷേധങ്ങളിലൊന്നിലും കാരുണ്യത്തോടെ ഇടപെടാനും സമാധാനം ഉറപ്പാക്കാനും ശ്രമിക്കുന്ന പ്രധാനമന്ത്രിയെ നമ്മള്‍ കണ്ടിട്ടില്ല. നോട്ട് നിരോധനകാലത്താവട്ടെ, കര്‍ഷകസമരകാലത്താകട്ടെ, പൗരത്വഭേദഗതി പ്രക്ഷോഭങ്ങളിലോ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലോ സമാധാനത്തിനു വേണ്ടിയുള്ള വെമ്പല്‍ ഭരണകൂടത്തിനുണ്ടായിരുന്നെങ്കില്‍ ചരിത്രം ഇത്രമേല്‍ സംഘര്‍ഷഭരിതമാകുമായിരുന്നില്ല. ഇപ്പോള്‍ ജനങ്ങള്‍ കടുത്ത താക്കീത് നല്‍കി ഏല്‍പിച്ചു കൊടുത്ത മൂന്നാമൂഴത്തിലും സമീപനം വ്യത്യസ്തമാകുന്നില്ല. അടിയന്തരാവസ്ഥ ഓര്‍മിപ്പിച്ച് ജൂണ്‍ 25 ഭരണഘടനാ ഹത്യാദിനമായി പ്രഖ്യാപിച്ചതുകൊണ്ട് നിലവിലെ ഭരണകൂടത്തിന്റെ ജനാധിപത്യഹത്യകള്‍ വിസ്മരിക്കപ്പെടില്ല. നേട്ടം അവകാശപ്പെടാന്‍ മാത്രം ജനങ്ങള്‍ക്കു മുന്നിലെത്തുന്ന ഭരണാധികാരികളെയും മണിപ്പൂര്‍ തുറന്നു കാണിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ താക്കീത് തന്നെ ബാധിക്കുന്നേയില്ലെന്നു സ്ഥാപിക്കുകയാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ പ്രധാന അജന്‍ഡ. തിരിച്ചടിയെ വിനയത്തോടെ സമീപിക്കാന്‍ ബി.ജെ.പി. രാഷ്ട്രീയത്തിനാകുന്നില്ല. തിരുത്തലിനുള്ള രാഷ്ട്രീയമര്യാദ പ്രതീക്ഷിക്കുന്നതും അസ്ഥാനത്താകുന്നത് ഈ സാഹചര്യത്തിലാണ്.
സത്യത്തില്‍ പ്രധാനമന്ത്രി നമ്മളെ അതിശയിപ്പിക്കുന്നില്ല. മണിപ്പൂരില്‍ മോദി എന്തു ചെയ്യുമെന്ന് കഴിഞ്ഞ പത്തു വര്‍ഷമായി അദ്ദേഹത്തെ പ്രധാനമന്ത്രിയായി കാണുന്ന ജനതയ്ക്ക് ഇപ്പോള്‍ ഊഹിക്കാനാകും. മോദിസര്‍ക്കാരിന്റെ സമീപനവും ശൈലിയും എന്തായിരിക്കുമെന്ന് വ്യക്തമായി ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്‍കൂട്ടി കാണാം. അതിനപ്പുറത്തേക്ക് മാനുഷികമായ ഒരു അതിശയപ്പെടുത്തലിനും പ്രധാനമന്ത്രിക്കുദ്ദേശവുമില്ല. പ്രധാനമന്ത്രി മോദിക്ക് അദ്ദേഹത്തേക്കാള്‍ വലുതായി ഒന്നുമില്ല എന്ന് പലവട്ടം രാജ്യം കണ്ടതാണ്. ഇനിയും അതു തുടരുമെന്നാണ് 2024ലെ ജനവിധിക്കു ശേഷവും പ്രധാനമന്ത്രിയുടെ കാര്യപരിപാടി രാജ്യത്തോടു പറയുന്നത്. പക്ഷേ ജനങ്ങളുടെ കാര്യപരിപാടിയില്‍ അവര്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. പ്രസക്തമായ ഒരു പ്രതിപക്ഷത്തെയും വെറുപ്പകറ്റിയേ പറ്റൂവെന്ന് ആവര്‍ത്തിച്ചു പറയുന്ന ഒരു പ്രതിപക്ഷനേതാവിനെയും കൂടി 2024ല്‍ ഇന്ത്യന്‍ ജനാധിപത്യം തിരഞ്ഞെടുത്തിട്ടുണ്ട്. അത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മറക്കാതിരിക്കണം.